താരസംഘടനയായ അമ്മയുടെ 2021- 24 ഭരണ സമിതി ലിസ്റ്റില്‍ നിന്നും നോമിനേഷന്‍ തള്ളപ്പെട്ടതിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. പത്രികകളില്‍ ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാലാണ് ഷമ്മി തിലകന്റെ നോമിനേഷന്‍ തള്ളപ്പെട്ടത്. എന്നാല്‍ തന്റെ നോമിനേഷന്‍ തള്ളപ്പെടണം എന്നൊരു തീരുമാനം നേരത്തെ ഉണ്ടായിരുന്നു എന്നും പലരേയും വിളിച്ചപ്പോള്‍ അവരെയെല്ലാം ഭീഷണിപ്പെടുത്തി എന്ന തരത്തില്‍ കേട്ടുവെന്നും ഷമ്മി തിലകന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം.
‘നാമനിര്‍ദ്ദേശ പത്രികയില്‍ ഡിക്ലറേഷനില്‍ എന്റെ ഒപ്പ് ഇല്ല എന്ന കാരണം പറഞ്ഞാണ് തള്ളിയിരിക്കുന്നത്. അതൊന്നുമല്ല കാരണം നേരത്തെ തള്ളണം എന്നൊരു തീരുമാനം ഉണ്ടായിരുന്നു.ആ സമയത്ത് തന്നെ എന്റെ പക്കല്‍ നിന്നും ഒരു കൈയബദ്ധം പറ്റി. ഞാന്‍ മൂന്ന് നോമിനേഷന്‍ നല്‍കിയിരുന്നു. ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്‌സ്‌ക്യൂട്ടീവ് കമ്മറ്റി എന്നിവയിലേക്കാണ് ഞാന്‍ നോമിനേഷന്‍ നല്‍കിയത്. ഇതില്‍ ഒന്നില്‍ മാത്രമേ മത്സരിക്കാന്‍ പറ്റുകയുള്ളു. അത് ഒമ്പതാം തീയതിക്കുള്ളില്‍ തീരുമാനിച്ചാല്‍ മതി. ഈ നാമനിര്‍ദേശം തള്ളിപ്പോയതോടെ ഇടവേള ബാബു ഐക്യകണ്ഠമായാണ്
ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. ഷമ്മി തിലകന്‍ പറയുന്നു.
‘എന്നാല്‍ ഇടവേള ബാബു എന്ന വ്യക്തിയോട് എനിക്ക് യാതൊരു വിയോജിപ്പുമില്ല. 1997ല്‍ ഇടവേള ബാബുവിന് വേണ്ടി അമ്മയില്‍ ഞാന്‍ സംസാരിച്ചിട്ടുണ്ട്. അന്ന് ഇടവേള ബാബുവിന് വോട്ടിങ് പവര്‍ പോലും ഇല്ലായിരുന്നു. എല്ലാവര്‍ക്കും വോട്ടവകാശം വേണമെന്ന് ആവശ്യം അന്ന് ഉന്നയിച്ചിരുന്നു. അമ്മ എന്ന സംഘടന ജനാധിപത്യപരമാകണം എന്ന ഉദ്ദേശത്തോടെയാണ് ഞാന്‍ നോമിനേഷന്‍ നല്‍കിയത്.