Entertainment news
പത്തേമാരിയിലൊക്കെ വാപ്പച്ചിയുമായി സീനില്ലെന്ന് പറയുമ്പോള്‍ എനിക്ക് ആശ്വാസമായിരുന്നു: ഷഹീന്‍ സിദ്ദീഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 21, 06:16 am
Monday, 21st August 2023, 11:46 am

താന്‍ ഏതൊക്കെ സെറ്റില്‍ ചെന്നാലും പിതാവ് സിദ്ദീഖിന്റെ കഥകള്‍ പറഞ്ഞ് അവിടെയുള്ളവര്‍ പേടിപ്പിക്കുമെന്ന് നടന്‍ ഷഹീന്‍ സിദ്ദീഖ്. സിദ്ദീഖിന് ഒറ്റ പ്രാവശ്യം ഡയലോഗ് നോക്കിയാല്‍ മതി കാണാപാഠമാകുമെന്ന് ആളുകള്‍ പറഞ്ഞിട്ടുണ്ടെന്നും അത് കേട്ട് തനിക്ക് ടെന്‍ഷനാകുമെന്നും താരം പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷഹീന്‍ സിദ്ദീഖ്.

‘ഞാന്‍ ആദ്യം സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് പത്തേമാരിയിലും കസബയിലുമൊക്കെ വാപ്പച്ചിയുമായി സീന്‍ ഇല്ലെന്ന് പറയുമ്പോള്‍ എനിക്കൊരു ആശ്വാസമായിരുന്നു. ഒന്നാമത് എനിക്ക് അഭിനയിക്കാന്‍ തന്നെ പ്രയാസമാണ്. പിന്നെ വാപ്പച്ചിയുടെ കൂടെ കൂടിയാകുമ്പോള്‍ കൂടുതല്‍ പേടിയാകും. പിന്നെ ഞാന്‍ ഏതൊക്കെ സെറ്റില്‍ പോയിട്ടുണ്ടോ അവിടെയൊക്കെ എല്ലാവരും വാപ്പച്ചിയുടെ കഥ പറഞ്ഞ് എന്നെ പേടിപ്പിക്കും. സിദ്ദീഖ് ഒറ്റ പ്രാവശ്യം ഡയലോഗ് നോക്കിയാല്‍ മതി കാണാപാഠം പഠിക്കുമെന്ന് പറയും, അപ്പോള്‍ തന്നെ നമുക്ക് ടെന്‍ഷനാകും, ഇനിപ്പോള്‍ എന്റേത് തെറ്റുമോ എന്നാകും ചിന്ത. ഇപ്പോള്‍ ഞാന്‍ കുറച്ച് സിനിമയൊക്കെ ചെയ്തത് കൊണ്ടാകാം അധികം ടെന്‍ഷന്‍ ഒന്നുമില്ല,’ ഷഹീന്‍ സിദ്ദീഖ് പറഞ്ഞു.

താന്‍ സിനിമയില്‍ വന്നപ്പോള്‍ പിതാവ് തന്നോട് പറഞ്ഞത് ഒരിക്കലും പോയി മോണിറ്റര്‍ നോക്കരുതെന്നാണെന്നും താനത് ഫോളോ ചെയ്യാറുണ്ടെന്നും ഷഹീന്‍ സിദ്ദീഖ് പറഞ്ഞു. സിനിമ ഇറങ്ങിയിട്ട് എന്തെങ്കിലും മാറ്റം വേണമെങ്കില്‍ പിതാവ് പറഞ്ഞുതരാറുണ്ടെന്നും താരം പറഞ്ഞു.

‘ഞാന്‍ സിനിമയില്‍ ആദ്യം അഭിനയിക്കാന്‍ വരുമ്പോള്‍ എന്റെ ഫാദര്‍ ഫോളോ ചെയ്യുന്ന ഒരു കാര്യമുണ്ട്, അദ്ദേഹം പറയുന്നത് ഒരിക്കലും പോയി മോണിറ്റര്‍ നോക്കരുതെന്നാണ്. എല്ലാ ആക്ടേഴ്‌സും അങ്ങനെയല്ല ഫോളോ ചെയ്യുന്നത്. ഇപ്പോള്‍ എന്റെ കൂടെ അഭിനയിച്ച അശ്വിന്‍ കുമാര്‍ മോണിറ്റര്‍ നോക്കാതെ ഒരു ഷോട്ട് അവന്‍ ചെയ്യില്ല. അശ്വിന്റെ ഒരു രീതിയാണത്. പക്ഷെ ക്യാമറാമാന്‍ പറഞ്ഞിട്ടുണ്ട് അത് നല്ല രീതിയാണെന്ന്. അശ്വിന്‍ പോയി മോണിറ്റര്‍ നോക്കി കണ്ടിട്ട് ഇതിനേക്കാള്‍ നല്ല ബെറ്റര്‍ ഷോട്ട് തരാമെന്ന് പറഞ്ഞിട്ട് അതിനേക്കാള്‍ നന്നായി പെര്‍ഫോം ചെയ്യുന്നത് കണ്ടിട്ടുണ്ട്. വാപ്പച്ചി ഇതെന്നോട് പറഞ്ഞതുകൊണ്ട് തന്നെ ഞാനത് കാണാറില്ല. ഞാന്‍ വിശ്വസിക്കുന്നത് എന്റെ ഡയറക്ടറാണ് യെസ് ഓര്‍ നോ പറയുന്നത്, ഞാനൊരു ഷോട്ട് കണ്ടിട്ട് വെരി ഗുഡ് ഷോട്ട് എന്ന് പറഞ്ഞിട്ട്, ഡയറക്ടര്‍ ചിലപ്പോള്‍ ആ ഷോട്ടേ ആയിരിക്കില്ല ഉപയോഗിക്കുക. അതുകൊണ്ട് ഞാന്‍ അതിന് അധികം പ്രിഫറന്‍സ് കൊടുക്കാറില്ല. ഞാനും എന്റെ ഫാദറും മോണിറ്റര്‍ നോക്കാറില്ല.

പിന്നെ സിനിമ ഇറങ്ങിയിട്ട് എന്തെങ്കിലും മാറ്റം വേണമെങ്കില്‍ വാപ്പച്ചി അത് പറഞ്ഞുതരും. എന്റെ ഏറ്റവും വലിയ പ്രശ്‌നം എന്നുവെച്ചാല്‍ ഞാന്‍ അഭിനയിക്കുന്ന സമയത്ത് എനിക്ക് ഡയലോഗില്ലെങ്കില്‍ എന്താ ചെയ്യേണ്ടതെന്ന് അറിയില്ല. എന്നോട് മറ്റ് ഡയറക്ടറാണ് ആദ്യമിത് പറഞ്ഞുതന്നത്. ഞാന്‍ അടുത്ത ഡയലോഗിനെ കുറിച്ച് ചിന്തിച്ചിരിക്കും. ഇവര്‍ പറഞ്ഞുകഴിഞ്ഞാല്‍ എന്റെ ഡയലോഗാണെന്ന് ഞാനിങ്ങനെ ആലോചിച്ചിരിക്കും. അതൊക്കെ വാപ്പച്ചി പറഞ്ഞുതരും അങ്ങനെയല്ല ചെയ്യേണ്ടതെന്ന്. നമുക്ക് എപ്പോഴും ഈ ഷോട്ട് തെറ്റരുതെന്നാവും, നമ്മള്‍ കാരണം ഛെ എന്ന് ഡയറക്ടര്‍ പറയരുത് എന്നൊക്കെയാണ് അപ്പോള്‍ ചിന്തിക്കുക. ഇപ്പോള്‍ അങ്ങനെ ഇല്ല ഇപ്പോള്‍ കുറച്ചുകൂടി റിലാക്‌സഡ് ആയി,’ ഷഹീന്‍ പറഞ്ഞു.

Content Highlights: Shaheen Siddique about his father siddique