മനോനില തെറ്റിയ ഗവര്‍ണര്‍ക്ക് നാഗ്പൂരില്‍ നിന്ന് ചികിത്സ നല്‍കിയില്ലെങ്കില്‍ കേരളത്തില്‍ ഏര്‍പ്പാടാക്കും: എസ്.എഫ്.ഐ
Kerala News
മനോനില തെറ്റിയ ഗവര്‍ണര്‍ക്ക് നാഗ്പൂരില്‍ നിന്ന് ചികിത്സ നല്‍കിയില്ലെങ്കില്‍ കേരളത്തില്‍ ഏര്‍പ്പാടാക്കും: എസ്.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th October 2022, 3:33 pm

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മനോനിലയ്ക്ക് തകരാറ് സംഭവിച്ചതുപോലാണ് വാ തുറക്കുന്നതും നിലപാടുകള്‍ സ്വീകരിക്കുന്നതുമെന്ന് എസ്.എഫ്.ഐ. ചാന്‍സലര്‍ക്ക് ആവശ്യമായ ചികിത്സ നാഗ്പൂരില്‍ നിന്ന് നല്‍കിയില്ലെങ്കില്‍ കേരളത്തില്‍ ഏര്‍പ്പാടാക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ പറഞ്ഞു.

വൈസ് ചാന്‍സലര്‍മാരെ പുറത്താക്കണമെങ്കില്‍ കാരണം വ്യക്തമാക്കി അത് ചെയ്യണം. അല്ലാത്ത രീതികളുമായി വന്നാല്‍ അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ആര്‍ഷോ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

തലയുയര്‍ത്തി നില്‍ക്കുന്ന കേരളത്തിന്റെ സര്‍വകലാശാലകളില്‍ സംഘപരിവാര്‍ നോമിനികളെ തിരുകി കയറ്റി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല കാവിയില്‍ മുക്കാനുള്ള അജണ്ടയാണ് ഗവര്‍ണര്‍ നടത്തിയെടുക്കാന്‍ ശ്രമിക്കുന്നത്. ആ മോഹം കേരളത്തിലെ പുരോഗമന വിദ്യാര്‍ത്ഥി സമൂഹം ഉള്ളിടത്തോളം കാലം നടക്കില്ലെന്നും ആര്‍ഷോ പറഞ്ഞു.

ഫെഡറല്‍ ജനാധിപത്യത്തില്‍ ജനായത്ത ഭരണകൂടത്തിന് മുകളില്‍ ഗവര്‍ണര്‍ എന്ന റബ്ബര്‍ സ്ഥാനം തന്നെ അനുചിതമാണ്. പല സംസ്ഥാനങ്ങളിലും ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നിയമ നിര്‍മാണം നടക്കുന്നുണ്ട്. കേരളത്തിലും ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള നിയമ നിര്‍മാണം ആലോചിക്കേണ്ട സമയം അതിക്രമിച്ചുവെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഒമ്പത് സര്‍വകലാശാലകളിലെ വി.സിമാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കാലിക്കറ്റ്, മലയാളം സര്‍വകലാശാലകളില്‍ എസ്.എഫ്.ഐ പ്രതിഷേധം നടത്തി. ‘ഗവര്‍ണറുടെ അക്കാദമിക് ഫാസിസത്തെ ചെറുക്കും’ എന്ന മുദ്രാവാക്യമുയര്‍ത്തി സര്‍വകലാശാലാ ആസ്ഥാനത്തേക്കായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം. വരും ദിവസങ്ങളില്‍ ചാന്‍സലര്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കാനാണ് എസ്.എഫ്.ഐ തീരുമാനം.

സര്‍വകലാശാല വി.സിമാര്‍ ആരും തന്നെ ഗവര്‍ണര്‍ നിര്‍ദേശിച്ച സമയത്തിനുള്ളില്‍ രാജിവെക്കാന്‍ തയ്യാറായില്ല. ഗവര്‍ണറുടെ നടപടിക്കെതിരെ വി.സിമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വിഷയത്തില്‍ തിങ്കളാഴ്ച നാല് മണിക്ക് പ്രത്യേക ബെഞ്ച് വി.സിമാരുടെ ഹരജി പരിഗണിക്കും.

തിങ്കളാഴ്ച രാവിലെ 11.30നകം വി.സിമാര്‍ രാജിവെക്കണമെന്നായിരുന്നു ഗവര്‍ണര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. യു.ജി.സി ചട്ടങ്ങള്‍ പാലിക്കാതെ നടന്ന വി.സി നിയമനങ്ങള്‍ക്ക് എതിരായ കോടതി വിധിയുടെ മറപിടിച്ചാണ് ഗവര്‍ണര്‍ അസാധാരാണമായ നടപടിക്ക് നിര്‍ദേശം നല്‍കിയത്.

ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ, ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാര്‍ രാജി വെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിന് മാര്‍ക്കിടാന്‍ ഗവര്‍ണര്‍ വരേണ്ടെന്നും പെട്ടെന്നൊരു ദിവസം വന്ന് വി.സിമാരോട് ‘ഇറങ്ങിപ്പോ’ എന്ന് പറഞ്ഞാല്‍ ആത്മാഭിമാനമുള്ളവര്‍ക്ക് അത് പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പ്

മനോനില തെറ്റിയ ചാന്‍സലര്‍ക്ക് ആവശ്യമായ ചികിത്സ നാഗ്പൂരില്‍ നിന്ന് നല്‍കിയില്ലെങ്കില്‍ കേരളത്തില്‍ ഏര്‍പ്പാടാക്കും.
കഴിഞ്ഞ കുറച്ച് നാളുകളായി ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ മനോനിലയ്ക്ക് കാര്യമായെന്തോ തകരാറ് സംഭവിച്ചതുപോലാണ് വാ തുറക്കുന്നതും നിലപാടുകള്‍ സ്വീകരിക്കുന്നതും. സംസ്ഥാനത്തെ ഒന്‍പത് വൈസ് ചാന്‍സിലര്‍മാരും രാജി വെക്കണമെന്നതാണ് ഇന്നലെ അദ്ദേഹം ആവശ്യപ്പെട്ടത്. ഏത് ലോകത്ത് നിന്ന് കൊണ്ടാണ് ഗവര്‍ണര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് മനസിലാകുന്നില്ല.

2019 സെപ്റ്റംബര്‍ മാസം കേരളത്തിന്റെ സംസ്ഥാന ഗവര്‍ണര്‍ സ്ഥാനത്തേക്കാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചതെന്നും അല്ലാതെ കേരളത്തിന്റെ രാജാവായിട്ടല്ലെന്നും സംഘത്തില്‍ ബോധം ബാക്കിയുള്ള ആരെങ്കിലുമുണ്ടെങ്കില്‍ മനസിലാക്കി കൊടുക്കണം. വൈസ് ചാന്‍സലര്‍മാരെ പുറത്താക്കണമെങ്കില്‍ കാരണം വ്യക്തമാക്കി അത് ചെയ്യണം. അല്ലാത്ത രീതികളുമായി വന്നാല്‍ അതിനെ രാഷ്ട്രീയമായും നിയമ പരമായും നേരിടാന്‍ കേരളത്തിനറിയാം.

ആര്‍.എസ്.എസ് കുഴലൂത്ത് പണി ചെയ്യുന്ന ആരിഫ് മുഹമ്മദ് സംഘി ഖാന്റെ ലക്ഷ്യം സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയാണെന്നത് പകല്‍ പോലെ വ്യക്തമാണ്. ഭരണഘടനയുടെ കടയ്ക്കല്‍ കത്തി വെച്ച്, പ്രൗഡിയുടെ അടയാളമായ NAACന്റെ ഉയര്‍ന്ന അംഗീകാരങ്ങള്‍ അടക്കം നേടി തലയുയര്‍ത്തി നില്‍ക്കുന്ന കേരളത്തിന്റെ സര്‍വകലാശാലകളില്‍ സംഘപരിവാര്‍ നോമിനികളെ തിരുകി കയറ്റി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല കാവിയില്‍ മുക്കാനുള്ള അജണ്ടയാണ് ഗവര്‍ണര്‍ നടത്തിയെടുക്കാന്‍ ശ്രമിക്കുന്നത്. ആ മോഹം കേരളത്തിലെ പുരോഗമന വിദ്യാര്‍ത്ഥി സമൂഹം ഉള്ളിടത്തോളം കാലം നടക്കില്ല.

ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സിലറായി അംഗീകരിച്ചത് സംസ്ഥാന നിയമസഭകളാണ്. ഫെഡറല്‍ ജനാധിപത്യത്തില്‍ ജനായത്ത ഭരണകൂടത്തിന് മുകളില്‍ ഗവര്‍ണര്‍ എന്ന റബ്ബര്‍ സ്ഥാനം തന്നെ അനുചിതമാണ്. പല സംസ്ഥാനങ്ങളിലും ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നിയമ നിര്‍മ്മാണം നടക്കുന്നുണ്ട്. കേരളത്തിലും കേന്ദ്ര സര്‍ക്കാര്‍ അജണ്ടകള്‍ക്ക് വേണ്ടി കേരളത്തിലെ കലാലയങ്ങളെ കുരുതി കൊടുക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള നിയമ നിര്‍മ്മാണം ആലോചിക്കേണ്ട സമയം അതിക്രമിച്ചു.

നിരോധിത പാന്‍ മസാലയുടെ അമിതോപയോഗം കൊണ്ടോ എന്തോ താന്‍ ഇരിക്കുന്ന സ്ഥാനം മനസിലാകാതെ വിഭ്രാന്തി മൂര്‍ച്ഛിച്ച അവസ്ഥയില്‍ പുലഭ്യം പറഞ്ഞു നടക്കുന്ന ചാന്‍സലര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്വം തയ്യാറാകണം. ഇല്ലെങ്കില്‍ കേരളത്തില്‍ തന്നെ ആവശ്യമായ ചികിത്സ ലഭ്യമാക്കി കൊടുക്കും.

Content Highlight: SFI State Secratery PM Arsho’s Reaction Against Kerala Governor