World News
ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി; രാജപക്സെ സഹോദരന്മാര്‍ കുറ്റക്കാരാണെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Nov 15, 11:54 am
Wednesday, 15th November 2023, 5:24 pm

കൊളംബോ: ശ്രീലങ്കയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുവെന്ന കേസില്‍ രണ്ട് മുന്‍ പ്രസിഡന്റുമാരടക്കം രാജപക്സെ സഹോദരന്മാര്‍ കുറ്റക്കാരാണെന്ന് ശ്രീലങ്കന്‍ സുപ്രീം കോടതി. അന്വേഷണത്തെ തുടര്‍ന്ന് രാജിവെക്കുകയും പുറത്താവുകയും ചെയ്ത പ്രതിനിധികള്‍ പൊതുവിശ്വാസം ലംഘിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

അക്കാദമിക് വിദഗ്ധരും പൗരാവകാശ പ്രവര്‍ത്തകരും സമര്‍പ്പിച്ച ഒന്നിലധികം ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് മുഴുവന്‍ ഭൂരിപക്ഷത്തോടെയാണ് വിധി പ്രഖ്യാപിച്ചത്. മുന്‍ പ്രസിഡന്റുമാരായ ഗോതബായ രാജപക്സെ, മഹിന്ദ രാജപക്സെ എന്നിവരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരീക്ഷകരായ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ശ്രീലങ്കയും (ടി.ഐ.എസ്.എല്‍) മറ്റ് നാല് പ്രവര്‍ത്തകരും ചേര്‍ന്നാണ് പരാതി നല്‍കിയത്.

രാജപക്‌സെരില്‍ ഇളയ സഹോദരനും മുന്‍ ധനമന്ത്രിയുമായ ബേസില്‍ രാജപക്സെ, രണ്ട് മുന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരും ഉന്നത ട്രഷറി ഉദ്യോഗസ്ഥരും കേസില്‍ ഉള്‍പെടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക പ്രതിസന്ധി, ഭക്ഷണം, ഇന്ധനം, മരുന്നുകള്‍ എന്നിവയുടെ കടുത്ത ക്ഷാമത്തോടെ മാസങ്ങളോളം ശ്രീലങ്ക പൊതുജന പ്രതിഷേധത്തിന് വിധേയമായി. ഇതിനെ തുടര്‍ന്ന് ഗോതബായ രാജപക്സെ ശ്രീലങ്കയില്‍ അട്ടിമറിക്കപ്പെട്ടു.

2019നും 2022നും ഇടയിലുണ്ടായ സാമ്പത്തിക ദുരുപയോഗത്തിന് പ്രതികള്‍ ഉത്തരവാദികളാണെന്ന് സുപ്രീം കോടതിയുടെ ബെഞ്ച് വിധിച്ചിരുന്നു. ഹര്‍ജിക്കാര്‍ക്ക് നിയമപരമായ ചെലവിനായി 458 ഡോളര്‍ (150,000 ശ്രീലങ്കന്‍ രൂപ) നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

രാഷ്ടത്തലവന്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും സമ്പദ്വ്യവസ്ഥയെ ഉന്മൂലനം ചെയ്യുന്നതും തെറ്റായി കൈകാര്യം ചെയ്യന്നതും ജനങ്ങളുടെ മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ അഭിഭാഷക നാദിഷാനി പെരേര പറഞ്ഞു.

പൊതുജനങ്ങളുടെ താത്പര്യം പരിഗണിച്ചുകൊണ്ടാണ് തങ്ങള്‍ കോടതിയെ സമീപിച്ചതെന്നും ചെലവിനായി തങ്ങള്‍ പണം ആവശ്യപ്പെടില്ലെന്നും ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ പറഞ്ഞു. കൂടാതെ ജനങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരം കാണുന്നതില്‍ കോടതി പിന്നോട്ട് പോയെന്നും ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

2022ല്‍ ആണ് ശ്രീലങ്ക പാപ്പരത്തം പ്രഖ്യാപിച്ചത്. 2023 സെപ്തംബര്‍ വരെ ശ്രീലങ്കക്ക് 35.1 ബില്യണ്‍ ഡോളര്‍ വിദേശ കടമുള്ളതായാണ് റിപ്പോര്‍ട്ട്. അതില്‍ 19 ശതമാനം ചൈനയുമായും 7 ശതമാനം ജപ്പാനുമായും 5 ശതമാനം ഇന്ത്യയുമായുമുള്ള കടബാധ്യതകളാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഴിമതിയാരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യണമെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടിട്ടും രാജപക്സെ ശ്രീലങ്കന്‍ സായുധ സംരക്ഷണത്തില്‍ കഴിയുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Severe economic crisis in Sri Lanka, the Supreme Court announced the verdict on the complaint