മുംബൈ: ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചെങ്കിലും ദല്‍ഹിയടക്കം നിരവധി കേന്ദ്രങ്ങള്‍ സര്‍വീസുകള്‍ റദ്ദാക്കിയതിന് പിന്നാലെ വിമനത്താവളങ്ങളില്‍ അനിശ്ചിതത്വം. ദല്‍ഹി, മുംബൈ തുടങ്ങി നിരവധി നഗരങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
ദല്‍ഹിയില്‍ നിന്നുള്ള 82 സര്‍വീസുകളാണ് റദ്ദാക്കിയത്. അവസാനനിമിഷം വരെ സര്‍വീസുകള്‍ റദ്ദാക്കുന്ന കാര്യം അറിയിച്ചില്ലെന്ന് ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ വ്യക്തമാക്കി.
ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചതില്‍ നിന്നും വിവിധ സംസ്ഥാനങ്ങള്‍ പിന്മാറിയതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദു ചെയ്യേണ്ടിവന്നതെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് 125 വിമാനങ്ങളായിരുന്നു ഇന്ന് പോവേണ്ടിയിരുന്നത്. 118 വിമാനങ്ങള്‍ വിമാനത്താവളത്തിലേക്കിറങ്ങേണ്ടതുമായിരുന്നു.
മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇതേ സാഹചര്യമാണുണ്ടായത്. നിരവധി യാത്രക്കാരാണ് വിമാനങ്ങള്‍ റദ്ദു ചെയ്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായത്.
ദല്‍ഹിയില്‍ നിന്ന് പൂനെയിലേക്ക് പുലര്‍ച്ചെ 4.45ന് പുറപ്പെടേണ്ടതായിരുന്നു ആദ്യത്തെ വിമാനം. മുംബൈയില്‍ നിന്നും 6.45നായിരുന്നു ആദ്യ വിമാനം പോകേണ്ടിയിരുന്നത്.
നീണ്ട ക്യൂവിന് ശേഷമാണ് മുംബൈയില്‍ പലരും എയര്‍പോര്‍ട്ടിലേക്ക് കയറിയത്. തെര്‍മല്‍ സ്‌ക്രീനിങ്ങിനും പുറമെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചതായും യാത്രക്കാര്‍ പറയുന്നു.
ബെംഗളൂരുവില്‍ നിന്ന് ഒന്‍പത് സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. കൊല്‍ക്കത്തയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുള്‍പ്പെടെ വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതലാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നത്. തിങ്കളാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ, എന്നീ വിമാനക്കമ്പനികളാണ് സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക