'കയ്യും കാലുമൊക്കെ കെട്ടിയിട്ട് ഇഞ്ചക്ഷന്‍ വെച്ചു, ശരീരമാകെ തളര്‍ന്നുപോയി'; സെന്റ് റൊസെല്ല കോണ്‍വെന്റിനെതിരെ ഗുരുതര ആരോപണം
Kerala News
'കയ്യും കാലുമൊക്കെ കെട്ടിയിട്ട് ഇഞ്ചക്ഷന്‍ വെച്ചു, ശരീരമാകെ തളര്‍ന്നുപോയി'; സെന്റ് റൊസെല്ല കോണ്‍വെന്റിനെതിരെ ഗുരുതര ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th June 2022, 12:48 pm

മൈസൂര്‍: മൈസൂരിലെ സെന്റ് റൊസെല്ല കോണ്‍വെന്റിനെതിരെ ഗുരുതര ആരോപണവുമായി കന്യാസ്ത്രീകള്‍. കോണ്‍വെന്റില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടി കോണ്‍വെന്റ് അധികൃതര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും മാനസിക രോഗിയെന്ന് മുദ്രകുത്തി മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെന്നും സിസ്റ്റര്‍ മേരി എല്‍സീന പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സിസ്റ്ററിന്റെ പ്രതികരണം. കോണ്‍വെന്റില്‍ നിന്നു പുറത്താണെന്നും തിരുവസ്ത്രം നല്‍കുന്നില്ലെന്നും സിസ്റ്റര്‍ പറഞ്ഞു.

‘കോണ്‍വെന്റിലുള്ള പല സിസ്റ്റര്‍മാരും മരിച്ചിട്ടുണ്ട്. അവരുടെയെല്ലാം റിപ്പോര്‍ട്ടില്‍ മാനസികരോഗി എന്ന് എവിടെയെങ്കിലും കോണ്‍വെന്റിലുള്ളവര്‍ എഴുതിചേര്‍ത്തിട്ടുണ്ടാകും. അത് വരുത്തിവെക്കുന്നതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇങ്ങനെയൊരു ലൈന്‍ വരുത്തികഴിഞ്ഞാല്‍ സമൂഹത്തിന് പിന്നീട് അവര്‍ എന്ത് പറഞ്ഞാലും അവരൊരു ഭ്രാന്തിയാണ്.

25 വര്‍ഷമായി ഞാന്‍ സഭയില്‍ വന്നിട്ട്. ഇതുവരെ കഷ്ടപ്പെട്ട് തന്നെയാണ് പ്രവര്‍ത്തിച്ചത്. ഇന്ന് അവരെനിക്ക് തിരുവസ്ത്രം തരുന്നില്ല. സഭയില്‍ തുടരാനും പറയുന്നില്ല,’ സിസ്റ്റര്‍ മേരി പറഞ്ഞു.

കോണ്‍വെന്റില്‍ നടക്കുന്ന അനീതികളെക്കുറിച്ചും അഴിമതികളെക്കുറിച്ചും കേസ് നല്‍കിയിരുന്നു. ഇതിലുണ്ടായ പകയാണ് തനിക്ക് നേരെയുള്ള അക്രമങ്ങളെന്നും സിസ്റ്റര്‍ ആരോപിച്ചു. കേസ് പിന്‍വലിക്കണമെന്ന് അധികാരികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിക്കാതെ ആയതോടെയാണ് സംഘം ആക്രമിച്ചതെന്നും സിസ്റ്റര്‍ പറഞ്ഞു.

ജീവന് ഭീഷണിയുണ്ടെന്ന് മനസ്സിലായതോടെ സഹോദരന്റെ കുട്ടിയുടെ കയ്യില്‍ വീഡിയോ ക്ലിപ്പ് ഉണ്ടാക്കി നല്‍കുകയായിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ രക്ഷപ്പെടുത്താന്‍ വേണ്ടിയും സത്യം പുറത്തറിയാന്‍ വേണ്ടിയുമാണ് വീഡിയോ നല്‍കിയതെന്നും സിസ്റ്റര്‍ പറഞ്ഞു.

കേസ് കൊടുത്ത് അടുത്ത ദിവസം അതിഥിയുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം ചില പുരുഷന്മാര്‍ ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചു. കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതായും സിസ്റ്റര്‍ പറഞ്ഞു.

‘കയ്യും കാലുമൊക്കെ കെട്ടിയിട്ട് ഇഞ്ചക്ഷന്‍ വെച്ചു. ശരീരമാകെ തളര്‍ന്നുപോയി. പരിചയമില്ലാത്തവരാണല്ലോ ഉപദ്രവിക്കുന്നത് എന്നതോര്‍ത്ത് ഞാന്‍ അലറിക്കരഞ്ഞു. എന്റെ അമ്മമാര്‍ എന്നെ രക്ഷിക്കുമല്ലോ എന്ന് കരുതി. പക്ഷേ ആരും വന്നില്ല. അവിടെ നിന്ന് വലിച്ചിഴച്ചാണ് താഴെയെത്തിച്ചത്. ഒരു കാറില്‍ കയറ്റിയശേഷം നേരെ അടുത്തുള്ള സെന്റ് മേരീസ് മെന്റല്‍ ഹോസ്പിറ്റലിലാക്കുകയായിരുന്നു. അവിടെയാണെങ്കിലും അവരാരും ഒരു വീല്‍ചെയര്‍ പോലും തന്നില്ല. വലിച്ചിഴച്ചാണ് ആശുപത്രിയിലൂടെ കൊണ്ടുപോയത്.

അവിടെയെത്തിച്ചിട്ടും അവര്‍ ഒരുപാട് നേരം മര്‍ദ്ദിച്ചു. പല മരുന്നുകളും കുത്തിവെച്ചു. എന്താണെന്നറിയില്ല. പിന്നെയൊന്നും സംസാരിക്കാന്‍ പറ്റുന്നുണ്ടായില്ല. പിറ്റേ ദിവസം ഒരു സിസ്റ്റര്‍ വന്ന് സംസാരിച്ചപ്പോൾ അവരോട് എനിക്ക് അസുഖമൊന്നുമില്ലെന്ന് പറഞ്ഞു. പക്ഷേ മാനസികരോഗിയാണെന്ന് പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചത് എന്നാണ് നഴ്‌സ് പറഞ്ഞത്,’ സിസ്റ്റര്‍ പറഞ്ഞു.

പുരുഷന്മാര്‍ക്ക് അനുവാദമില്ലാതെ മഠത്തില്‍ കയറാനാകില്ല. സിസ്റ്റര്‍മാരോ അല്ലെങ്കില്‍ സുപ്പീരിയര്‍ സിസ്റ്ററോ ആരെങ്കിലും അനുവാദം കൊടുക്കണം. ഗുണ്ടകളെ കൊണ്ട് കോണ്‍വെന്റിലുള്ളവര്‍ മനപ്പൂര്‍വ്വം മര്‍ദ്ദിച്ചതാണെന്നും സിസ്റ്റര്‍ പറയുന്നു.

ഇറ്റലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍വെന്റാണ് സെന്റ് റൊസെല്ല.

Content Highlight: serious allegations against St. Rosella convent in mysuru