യാക്കൂബ് മേമന്റെ ഭാര്യയ്ക്ക് പാര്‍ലമെന്റ് സീറ്റ് നല്‍കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ്
Daily News
യാക്കൂബ് മേമന്റെ ഭാര്യയ്ക്ക് പാര്‍ലമെന്റ് സീറ്റ് നല്‍കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st August 2015, 11:55 am

memon മുംബൈ: വധശിക്ഷയ്ക്കു വിധേയനായ യാക്കൂബ് മേമന്റെ ഭാര്യ റഹീന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കണമെന്നാവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ്. സമാജ്‌വാദി പാര്‍ട്ടിയുടെ മഹാരാഷ്ട്ര വൈസ് പ്രസിഡന്റായ മുഹമ്മദ് ഫറൂഖ് ഘോസിയാണ് ഈ ആവശ്യമുയര്‍ത്തിയിരിക്കുന്നത്.

പാര്‍ട്ടി ദേശീയ ചീഫായ മുലായാം സിങ്ങിന് ഈ ആവശ്യമുന്നയിച്ചു കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഒരുപാട് അനുഭവിച്ചവളെന്ന നിലയില്‍ റഹീന് പാര്‍ലമെന്റ് സീറ്റ് നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

“മുംബൈ സ്‌ഫോടനക്കേസില്‍ റഹീന്‍ യാക്കൂബ് മേമനും അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ സാധിക്കാത്തതുകൊണ്ടു കോടതി അവരെ വെറുതെവിടുകയായിരുന്നു. എങ്കിലും വര്‍ഷങ്ങളോളം അവര്‍ക്കും ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. ഒരുപാട് അനുഭവിച്ചിട്ടുമുണ്ടാകും. നിസ്സഹായരേയും അശരണരേയും നിങ്ങള്‍ എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുണ്ട്. എനിക്കു തോന്നുന്നത് റഹീനും നിസ്സഹായയാണെന്നാണ്. അതുപോലെ രാജ്യത്തെ നിരവധി മുസ്‌ലീങ്ങള്‍ക്കിടയില്‍ നിരാലംബരാണെന്ന തോന്നലുണ്ട്. നമ്മള്‍ റഹീനെ പിന്തുണയ്ക്കണം. അവരെ എം.പിയാക്കണം. അതുവഴി എല്ലാ നിരാലംബര്‍ക്കുവേണ്ടിയും അവര്‍ക്ക് ശബ്ദമുയര്‍ത്താനാവും.” മുലായാം സിങ്ങിനയച്ച കത്തില്‍  അദ്ദേഹം പറയുന്നു.

അതിനിടെ ഘോസിയുടെ ആവശ്യത്തെ തള്ളി സമാജ്‌വാദി പാര്‍ട്ടിയുടെ മുംബൈയിലെ നേതാവായ അബു അസ്മി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു ആവശ്യവുമായി മുലായാം സിങ്ങിനെ സമീപിക്കുന്നതിനു മുമ്പ് ഘോസി തങ്ങളോട് ചര്‍ച്ച ചെയ്തിട്ടില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു കത്ത് എഴുതിയ കാര്യം അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. യാക്കൂബിന്റെ ഭാര്യയെ എം.പിയാക്കണമെന്ന നിര്‍ദേശം തെറ്റാണ്. അവര്‍ ഒരു രാഷ്ട്രീയക്കാരിയല്ലെന്നും അസ്മി വ്യക്തമാക്കി.

ഘോസിയ്‌ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.