എറണാകുളം: ഇസ്രഈലിനെതിരായ വിദ്യാര്‍ത്ഥി പ്രതിഷേധം അന്താരാഷ്ട്ര യുദ്ധത്തിന് അറുതി വരുത്തുമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്.
വിയറ്റ്‌നാം യുദ്ധത്തിനെതിരെ പോരാടിയ ശക്തരായ സമൂഹമാണ് വിദ്യാര്‍ത്ഥികളെന്നും ഭാവിയെ നയിക്കുന്നത് വിദ്യാര്‍ത്ഥികളായിക്കുമെന്നും ഇന്ദിര ജെയ്സിങ് പറഞ്ഞു. എറണാകുളം ലോ കോളേജിലെ നാഷണല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് പരാമര്‍ശം.
ഫലസ്തീനിലെ ഇസ്രഈല്‍ വംശഹത്യക്കെതിരെ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഇന്ദിര ജെയ്സിങ് പറഞ്ഞു.
‘മാറുന്ന ഇന്ത്യയിലെ ഭരണഘടന’ എന്ന പേരിലായിരുന്നു സമ്മേളനം നടന്നത്. സമ്മേളനത്തില്‍ സ്വതന്ത്ര ജുഡീഷ്യറിയുടെ ഭരണഘടനാപരമായ അനിവാര്യതകള്‍ എന്ന വിഷയമാണ് ഇന്ദിര ജെയ്സിങ് കൈകാര്യം ചെയ്തത്. ഫലസ്തീനികള്‍ക്കായുള്ള വിദ്യാര്‍ത്ഥി പോരാട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് മുതിര്‍ന്ന അഭിഭാഷക പ്രസംഗം ആരംഭിച്ചത്.
ഇന്ത്യന്‍ ഭരണഘടനയോട് രാജ്യത്തെ സ്വതന്ത്ര ജുഡീഷ്യറിയും ജഡ്ജിമാരും പുലര്‍ത്തുന്ന വിശ്വാസ്യതയും പെരുമാറ്റവുമാണ് നമ്മെ നയിക്കുന്നതെന്നും ഇന്ദിര പറഞ്ഞു.
പൗരന്മാര്‍ക്കും സംസ്ഥാനത്തിനും ഇടയില്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ ജുഡീഷ്യറിയോട് മുതിര്‍ന്ന അഭിഭാഷക ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയാണ് ഇന്ത്യയുടെ അന്തസത്തയെ നിലനിര്‍ത്തുന്നതെന്നും ജെയ്സിങ് കൂട്ടിച്ചേര്‍ത്തു.
ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതിനെതിരെ ഇന്ദിര ജെയ്സിങ് വിമര്‍ശനമുയര്‍ത്തി.
വിക്ടോറിയയയുടെ നിയമനം കൊളീജിയം സംവിധാനത്തിന്റെ പരാജയമാണെന്നും സുതാര്യമില്ലായ്മയാണെന്നും ഇന്ദിര ജെയ്സിങ് പറഞ്ഞു. ബി.ജെ.പി വനിതാ വിഭാഗം നേതാവ് കൂടിയാണ് ഇവര്‍. ന്യൂനപക്ഷ വിരുദ്ധ എഴുത്തുകളിലൂടെ വിവാദത്തിലകപ്പെട്ട നേതാവാണ് ഗൗരി ജെയ്സിങ്.
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തക്കെതിരെയുള്ള കേസ്, ശബരിമല വിധി, വിദ്വേഷ പ്രചരണം, യു.എ.പി.എ കേസുകള്‍, ഇ.ഡി അന്വേഷണം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ദിര പ്രതികരിക്കുകയും ചെയ്തു.
Content Highlight: Senior lawyer Indira Jaisingh says that student protest against Israel will end the war in middil east