അച്ഛന്‍ ഹൂഡയ്ക്കും മകന്‍ ഹൂഡയ്ക്കും ഹരിയാനയില്‍ ബദലോ?; സുര്‍ജേവാലയും സെല്‍ജയും പുതിയ നീക്കങ്ങളിലേക്ക്
national news
അച്ഛന്‍ ഹൂഡയ്ക്കും മകന്‍ ഹൂഡയ്ക്കും ഹരിയാനയില്‍ ബദലോ?; സുര്‍ജേവാലയും സെല്‍ജയും പുതിയ നീക്കങ്ങളിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st June 2020, 12:57 pm

ചണ്ഡീഗഡ്: രാജ്യസഭാ തെരഞ്ഞെടുപ്പിനും കൊവിഡ് പ്രതിസന്ധിക്കും പിന്നാലെ ഹരിയാന കോണ്‍ഗ്രസ് ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തില്‍ ചില നീക്കങ്ങള്‍ നടക്കുന്നെന്ന് സൂചന. സംസ്ഥാന അധ്യക്ഷയായ കുമാരി സെല്‍ജയും കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാലയും ചേര്‍ന്നാണ് നീക്കങ്ങള്‍. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപിന്ദര്‍ സിങ് ഹൂഡയോടുള്ള വിരോധമാണ് ഇരുവരെയും പുതിയ നീക്കങ്ങളിലേക്ക് നയിക്കുന്നത്.

ഹൂഡയുടെ മകന്‍ ദീപിന്ദര്‍ ഹൂഡയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കിയതുമുതല്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. സുര്‍ജേവാലെയുമായി ചേര്‍ന്ന് കരുക്കള്‍ നീക്കാനാണ് സംസ്ഥാനാധ്യക്ഷ സെല്‍ജെയുടെ ശ്രമം.

സംസ്ഥാനത്തേക്ക് വീണ്ടും മടങ്ങിവെരാനുള്ള നീക്കത്തിനിടെയാണ് രണ്‍ദീപ് സുര്‍ജേവാല, സെല്‍ജയുമായി കൈകോര്‍ക്കുന്നത്. ബി.ജെ.പിക്കെതിരെ ശബ്ദമുയര്‍ത്തി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കടക്കാനാണ് ഇരുവരുടെയും നീക്കം. ഭൂപിന്ദറും ദീപിന്ദറും സര്‍ക്കാരിനെതിരെ കാര്‍ഷിക പ്രശ്‌നങ്ങളൂന്നി പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നതിനിടെയാണ് ഇത്.

മുന്‍ രാജ്യസഭാ എം.പി കൂടിയായ സെല്‍ജ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഹൂഡയുമായി നല്ല ബന്ധത്തിലായിരുന്നു. രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാമെന്നായിരുന്നു സല്‍ജെയുടെ കണക്കുകൂട്ടലുകള്‍.

എന്നാല്‍, ആ സീറ്റിലേക്ക് മകനെ ഇറക്കാനായിരുന്നു ഭൂപിന്ദറിന്റെ തീരുമാനം. ഇതാണ് സെല്‍ജയെ ചൊടിപ്പിച്ചതെന്നാണ് വിവരം. തുടര്‍ന്ന് ദീപിന്ദര്‍ അതേ സീറ്റിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസവും എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ജിവസവും സെല്‍ജ വിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍, ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു ഹൂഡ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്.

ഹൂഡെയുമായി സെല്‍ജ പ്രകടമായ അഭിപ്രായ വ്യത്യാസങ്ങളിലേക്ക് കടന്നിരുന്നില്ല. എന്നാല്‍, കൊവിഡ് പ്രതിസന്ധിക്കിടെ സര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ വെളിപ്പെടുത്തിക്കൊണ്ട് സുര്‍ജേവാലയും സെല്‍ജയും ചേര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്തിയതോടെയാണ് ഈ അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുകയാണ്.

ലോക്ഡൗണിന് ശേഷം നേരിടുന്ന കാര്‍ഷിക പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഹൂഡ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തപ്പോള്‍ സുര്‍ജേവാല നേരിട്ട് കര്‍ഷകര്‍ക്കിടയിലേക്ക് ഇറങ്ങുകയാണ് ചെയ്തത്.

കൂടാതെ, സുര്‍ജേവാല ആശുപത്രകള്‍ സന്ദര്‍ശിക്കുകയും പി.പി.ഇ കിറ്റുകളും മാസ്‌കും വിതരണം ചെയ്യുകയും വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുകയും ചെയ്തു. സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധിയിലും അദ്ദേഹം ഇടപെട്ടു. പൊലീസുകാര്‍ക്കും ശുചീകരണ തൊളിലാളികള്‍ക്കും മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സുരക്ഷാ സാമഗ്രികള്‍ വിതരണം ചെയ്യുകയും ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ സുര്‍ജേവലയെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം ഉപതെരഞ്ഞടുപ്പില്‍ സുര്‍ജേവാല ബി.ജെ.പിക്ക് മേല്‍ക്കൈയ്യുള്ള ജിന്റിലില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം സിറ്റിങ് സീറ്റിലും സുര്‍ജേവാലയ്ക്ക് വിജയിക്കാനായില്ല. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍നിന്നും ഇദ്ദേഹം അപ്രസക്തനാവുകയായിരുന്നു. തിരിച്ചുവരവിന് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് സുര്‍ജേവാല സെല്‍ജയുമായി കൈ കോര്‍ക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക