ഛണ്ഡിഗഡ്: പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞതിനെ പഞ്ചാബ് സര്‍ക്കാരിന്റെ വീഴ്ചയായി ബി.ജെ.പി ആരോപിക്കുന്നത് നാടകമാണെന്ന് പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു.
പ്രധാനമന്ത്രി പങ്കെടുക്കാനിരുന്ന റാലിയില്‍ ജനങ്ങളാരും എത്തിയിരുന്നില്ലെന്നും വേദിയിലെ കാലിയായ കസേരകളില്‍ നിന്നും വിഷയം വഴിതിരിക്കാന്‍ ബി.ജെ.പി നടത്തുന്ന നാടകമാണിതെന്നും സിദ്ദു ആരോപിച്ചു.
റാലിയില്‍ പങ്കെടുക്കാന്‍ ആരും എത്തിയിരുന്നില്ലെന്ന നാണക്കേട് മറച്ചുപിടിക്കാനാണ് സുരക്ഷാ വീഴ്ച എന്ന വിഷയം ബി.ജെ.പി ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്നും സിദ്ദു പ്രതികരണത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ റാലിക്ക് 70000 പേര്‍ എത്തുമെന്ന് പറഞ്ഞതനുസരിച്ച് അതിനുവേണ്ടിയുള്ള കസേരകളെല്ലാം ഒരുക്കിയിരുന്നെന്നും എന്നാല്‍ വെറും 700 പേര്‍ മാത്രമാണ് റാലിയില്‍ എത്തിയതെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി നേരത്തെ തുറന്നടിച്ചിരുന്നു.
പ്രധാനമന്ത്രിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടില്‍ കുറ്റബോധമുണ്ടെന്ന് പറഞ്ഞ ചന്നി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു സുരക്ഷാ വിഴ്ചയും ഉണ്ടായിട്ടില്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
70000 പേര്‍ക്കൊരുക്കിയ വേദിയില്‍ 700 പേര്‍ മാത്രം എത്തിയെന്ന കാര്യത്തെ ഉയര്‍ത്തിപ്പിടിച്ച് പഞ്ചാബ് കോണ്‍ഗ്രസിന്‍റെ ട്വിറ്റര്‍ പേജില്‍ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
”റാലിയിലേക്ക് ആരും എത്തിയില്ലെന്നത് പ്രധാനമന്ത്രിയുടെ ഈഗോയെ വേദനിപ്പിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിലധികമായി മോദി കര്‍ഷകരെ കണ്ടിട്ടില്ല.
അതുകൊണ്ട് മോദിയെ കേള്‍ക്കാന്‍ പഞ്ചാബികള്‍ എത്തിയില്ല. റാലി തീര്‍ത്തും പരാജയമായിരുന്നു എന്ന വസ്തുത മറച്ച് പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്,” പഞ്ചാബ് കോണ്‍ഗ്രസ് ട്വീറ്റില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു നരേന്ദ്രമോദിയെ കര്‍ഷകര്‍ റോഡില്‍ തടഞ്ഞ് പ്രതിഷേധിച്ചത്. പടിഞ്ഞാറന്‍ പഞ്ചാബിലെ ഫിറോസ്പൂരിലെ തെരഞ്ഞെടുപ്പ് റാലിക്ക് വേണ്ടി പോകുകയായിരുന്നു മോദി.
ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്ളൈ ഓവറില്‍ മോദിയെ കര്‍ഷകര്‍ തടയുകയായിരുന്നു.
ഹെലികോപ്റ്റര്‍ മാര്‍ഗം പോകാനായിരുന്നു ആദ്യം മോദി ശ്രമിച്ചത്. എന്നാല്‍ മഴ കാരണം റോഡ് മാര്‍ഗം പോകാന്‍ തീരുമാനിക്കുകയായിരുന്നു. റോഡ് മാര്‍ഗം പോകാന്‍ കഴിയുമെന്ന പഞ്ചാബ് പൊലീസിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് യാത്ര തിരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിരവധി കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കള്‍ ഇതേത്തുടര്‍ന്ന് പരസ്പരം പഴിചാരി രംഗത്തെത്തിയിരുന്നു.
പഞ്ചാബ് സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് ഏര്‍പ്പെടുത്തിയ സുരക്ഷയിലെ വീഴ്ചയാണ് സംഭവത്തിന് കാരണമെന്നും സര്‍ക്കാര്‍ കരുതിക്കൂട്ടി ചെയ്തതാണെന്നുമായിരുന്നു ബി.ജെ.പി നേതാക്കളായ അമിത് ഷാ, സ്മൃതി ഇറാനി എന്നിവരടക്കമുള്ളവര്‍ പ്രതികരിച്ചത്.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടായിരുന്നു മോദി പഞ്ചാബിലെത്തിയത്.
വിഷയത്തില്‍ പഞ്ചാബ് സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സമയക്രമവും യാത്രാ പദ്ധതിയും പഞ്ചാബ് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്നും നടപടിക്രമമനുസരിച്ച് സുരക്ഷക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ അവര്‍ ചെയ്യേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.