ചണ്ഡീഗഡ്: ഭാര്യയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ അവരറിയാതെ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ വിധി.
കഴിഞ്ഞ വര്‍ഷം ബതിന്‍ഡ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു യുവതി നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് ലിസ ഗില്ലിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കുറ്റകൃത്യം തെളിയിക്കാന്‍ പരാതിക്കാരിയും ഭര്‍ത്താവും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഭര്‍ത്താവിന് കുടുംബ കോടതി അനുവാദം നല്‍കിയിരുന്നു.
എന്നാല്‍, ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനമാണെന്ന് ഹൈക്കോടതി വിലയിരുനത്തി. തുടര്‍ന്ന് ബതിന്‍ഡ കുടുംബ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
‘കുറ്റകൃത്യം തെളിയിക്കാന്‍ സമര്‍പ്പിച്ച സി.ഡികള്‍ ഭാര്യയുടെ സ്വകാര്യതയിലേക്കുള്ള വ്യക്തമായ ലംഘനവും കടന്നുകയറ്റവുമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ വകുപ്പ് 21ന്റെ ലംഘനമാണ്. ഇത്തരം സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുനല്‍കാന്‍ കഴിയില്ല. ഹരജിക്കാരന്റ സമ്മതമോ അറിവോ കൂടാതെ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ അവ തെളിവായി സ്വീകാര്യമല്ല,’ യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു. ഈ വാദം ഹൈക്കോടതി ശരിവെക്കുകയായിരുന്നു.