വല്ലാത്തൊരു സീക്രട്ട്; ആടി സെയിലും ജാക്കി ചാനും ഒരല്‍പ്പം സിന്‍ക്രോണിക്സിറ്റിയും | Personal Opinion
Cinema
വല്ലാത്തൊരു സീക്രട്ട്; ആടി സെയിലും ജാക്കി ചാനും ഒരല്‍പ്പം സിന്‍ക്രോണിക്സിറ്റിയും | Personal Opinion
വി. ജസ്‌ന
Saturday, 27th July 2024, 4:30 pm

സേതുരാമയ്യര്‍, സാഗര്‍ ഏലിയാസ് ജാക്കി, അലി ഇമ്രാന്‍ എന്നീ പേരുകളൊക്കെ മലയാളികള്‍ക്ക് ഏറെ പരിചിതമാണ്. ഇവരുടെയൊക്കെ സൃഷ്ടാവാണ് എസ്.എന്‍. സ്വാമി. തന്റെ തിരക്കഥകളിലൂടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളും മികച്ച കുറേ കഥാപാത്രങ്ങളെയും മലയാളിക്ക് സമ്മാനിച്ച തിരക്കഥാകൃത്താണ് അദ്ദേഹം. മലയാളികള്‍ക്കിടയില്‍ എസ്.എന്‍. സ്വാമിയുടെ ത്രില്ലര്‍ ചിത്രങ്ങള്‍ ഇഷ്ടമുള്ളവര്‍ ഏറെയാണ്. അങ്ങനെയുള്ള ഒരാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മേല്‍ സിനിമാപ്രേമികള്‍ക്ക് എത്രമാത്രം പ്രതീക്ഷയുണ്ടാകും?

എസ്.എന്‍. സ്വാമി ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സീക്രട്ട്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തിയ ചിത്രത്തില്‍ അപര്‍ണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്ര മോഹന്‍, രഞ്ജിത്ത്, രണ്‍ജി പണിക്കര്‍ തുടങ്ങിയ നീണ്ട താരനിര തന്നെയുണ്ട്.

ധ്യാനിന്റെ മിഥുന്‍ എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയാണ് സീക്രട്ടിന്റെ കഥ മുന്നോട്ട് പോകുന്നത്. സുഹൃത്തുക്കളോടൊപ്പമുള്ള ഒരു യാത്രയില്‍ ഒട്ടും താത്പര്യമില്ലാതെ നാഡീ ജോത്സ്യനെ കാണുകയാണ് മിഥുന്‍. ശ്രേയ എന്ന പെണ്‍കുട്ടിയുമായി വിവാഹമുറപ്പിച്ചിരിക്കുന്ന അവനോട് അയാള്‍ അവള്‍ക്ക് ആയുസ് കുറവാണെന്ന് പറയുന്നു. പിന്നാലെ അവന്‍ തന്റെ സുഹൃത്തില്‍ നിന്ന് പറഞ്ഞ് കേട്ട മാത്യൂസ് എന്ന സൈക്കോളജിക്കല്‍ പ്രൊഫസറെ പോയി കാണുകയാണ്. സംവിധായകന്‍ രഞ്ജിത്താണ് മാത്യൂസായി എത്തുന്നത്.

തുടക്കത്തില്‍ സിസ്റ്റം ഓഫ് എന്‍ട്രോപ്പി, സെക്കന്‍ഡ് ലോ ഓഫ് തെര്‍മോഡൈനാമിക്‌സ്, സിന്‍ക്രോണിക്‌സിറ്റി തുടങ്ങിയ കുറേ ടേമുകള്‍ പ്രൊഫസര്‍ പറയുന്നുണ്ട്. ദൈവത്തെ കുറിച്ചും സ്വര്‍ഗ – നരകത്തെ കുറിച്ചും ചോദ്യം ഉയര്‍ത്തുന്നുണ്ട്. ഒടുവില്‍ ഒരു ലോജിക്കുമില്ലാത്ത പരിഹാര മാര്‍ഗമാണ് മിഥുനിനോട് പറയുന്നത്. മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കുക… അത്രനേരം ദൈവത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ സംസാരിച്ച ഒരു പ്രൊഫസര്‍ വളരെ പെട്ടെന്നാണ് ഇങ്ങനെ മാറുന്നത്.

ഇതിന് പുറമെ പല കഥാപാത്രങ്ങളും സിനിമയുടെ ഇടയില്‍ സെല്‍ഫ് മോട്ടിവേഷനെ കുറിച്ചും കുറച്ചധികം സൈക്കോളജിക്കലും സയന്റിഫിക്കുമായ ടേമുകളെ കുറിച്ചും പറയുന്നത് കേള്‍ക്കാം. മാത്യൂസിനെ കണ്ടതിന് പിന്നാലെ മിഥുനിന്റെ മുന്നിലേക്ക് ചില ആളുകള്‍ കടന്നു വരികയും അവരെ അവന്‍ മരണത്തില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു. മൂന്ന് പേര്‍ക്ക് പകരം ആറു പേരുടെ ജീവനാണ് മിഥുന്‍ രക്ഷിക്കുന്നത്. അവന്‍ ആറ് ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിലൂടെ ആയുസ് കുറവായ ശ്രേയ എങ്ങനെ ആ വിധിയില്‍ രക്ഷപ്പെടുന്നുവെന്നാണ് സീക്രട്ട് പറയുന്നത്.

മലയാള സിനിമയില്‍ ഇതുവരെ വരാത്ത ഒരു പുതിയ ആശയമാകും എസ്.എന്‍. സ്വാമി തന്റെ സീക്രട്ടിലൂടെ പറയുന്നതെന്ന് കരുതാന്‍ പറ്റില്ല. കാരണം ഇടക്ക് 2002ല്‍ പുറത്തിറങ്ങിയ കല്യാണരാമന്‍ എന്ന ഹിറ്റ് ചിത്രത്തിലെ പ്ലോട്ട് ഓര്‍മ വന്നേക്കാം. ആ സിനിമയിലും ഒരു ജോത്സ്യനും അയാളുടെ പ്രവചനവുമൊക്കെയാണ് കഥ മുന്നോട്ട് കൊണ്ടുപോയത്. കല്യാണരാമനില്‍ രാമന്‍ക്കുട്ടിയുടെ കുടുംബത്തെ ചുറ്റിപറ്റിയുള്ള ദോഷങ്ങളാണ് കാരണമായി വരുന്നതെങ്കില്‍ ഇവിടെ പെണ്‍കുട്ടിയെ ചുറ്റിപറ്റിയുള്ള ദോഷമാണ് കാരണം.

ഇതിനിടയില്‍ എസ്.എന്‍. സ്വാമി നമുക്ക് ചുറ്റും നടന്നിട്ടുള്ള ചില സംഭവങ്ങളെ കുറിച്ചും സിനിമയില്‍ പറയുന്നുണ്ട്. ഹോസ്പിറ്റലില്‍ കയറി യുവ ഡോക്ടറെ കൊല്ലപെടുത്തിയതും വിശപ്പ് സഹിക്കാതെ ഭക്ഷണം മോഷ്ടിച്ച യുവാവിനെ ആള്‍ക്കൂട്ടാക്രമണത്തിലൂടെ ഇല്ലാതാക്കിയതുമൊക്കെ നമ്മുടെ നാട്ടില്‍ തന്നെയാണ്. ഈ സംഭവങ്ങള്‍ക്ക് സമാനമായ സിറ്റുവേഷനുകള്‍ ഈ സിനിമയില്‍ ചിത്രീകരിക്കുന്നത് കാണാം.

ഇതിന് പുറമെ ഇ.എം.സ്, ഗാന്ധി, ആടി ഡിസ്‌കൗണ്ട് സെയില്‍, അക്ബര്‍ ചക്രവര്‍ത്തി, മലേഷ്യ എയര്‍ലൈന്‍സ്, കാനായിലെ കല്യാണം, ട്രേഡ് സെന്റര്‍ അറ്റാക്ക്, ജാക്കി ചാന്‍….. അങ്ങനെയങ്ങനെ എന്തൊക്കെയോ സിനിമയ്ക്കിടയില്‍ പറഞ്ഞു പോകുന്നുണ്ട്. ചിലയിടങ്ങളില്‍ എന്തിനാണ് അയാള്‍ ഇങ്ങനെയൊരു ഡയലോഗ് പറഞ്ഞതെന്ന് പോലും ചിന്തിച്ചു പോകും.

ഇതിനിടയില്‍ വന്ന രണ്‍ജി പണിക്കറുടെ കഥാപാത്രം മാത്രമാകും സിനിമയില്‍ കുറച്ചെങ്കിലും ആശ്വാസമായത്. വിശന്ന് ബ്രഡ് മോഷ്ടിച്ചവനെ ആള്‍ക്കൂട്ടമായി ചേര്‍ന്ന് കൊന്ന് കളയുന്ന നാടിനെ കുറിച്ച് ആ കഥാപാത്രം വിമര്‍ശിക്കുന്നത് കാണാം. അപര്‍ണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ് എന്നിവരാണ് ഇവിടെ ധ്യാനിന്റെ സുഹൃത്തുക്കളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇടക്ക് മണിക്കുട്ടന്റെ കഥാപാത്രം രണ്ട് തവണ വന്നുപോകുന്നുണ്ട്. ചിത്രത്തില്‍ ശ്രേയയായി എത്തിയത് ആര്‍ദ്ര മോഹനാണ്.

ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചത് ജേക്സ് ബിജോയ് ആണ്. സിനിമയുടെ ആദ്യ അരമണിക്കൂറിനുള്ളില്‍ തന്നെ മൂന്ന് പാട്ടുകളാണ് വന്നു പോകുന്നത്. അതിന് ശേഷം രണ്ടോ മൂന്നോ പാട്ടുകള്‍ വേറെയുമുണ്ട്. തുടക്കം മുതല്‍ അവസാനം വരെ സിനിമ കണ്ടിട്ടും എന്തായിരുന്നു എസ്.എന്‍. സ്വാമി പറയാന്‍ ഉദ്ദേശിച്ച സീക്രട്ട് എന്ന ചോദ്യം മാത്രം ഇപ്പോഴും അവശേഷിക്കുന്നു.

Content Highlight: Secret Movie Review

 

 

വി. ജസ്‌ന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ