Entertainment news
മമ്മൂട്ടിക്കൊപ്പം സി.ബി.ഐ ആറാം ഭാഗം? പ്രതികരിച്ച് എസ്.എന്‍. സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 17, 02:55 am
Sunday, 17th April 2022, 8:25 am

എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ മമ്മൂട്ടി- കെ. മധു കൂട്ടുകെട്ടിലൊരുങ്ങുന്ന സി.ബി.ഐ സീക്വലിലെ അഞ്ചാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഭീഷ്മ പര്‍വ്വത്തിന് ശേഷം തിയേറ്ററുകള്‍ ഇളക്കിമറിക്കാന്‍ പോകുന്ന സിനിമയായിരിക്കും സി.ബി.ഐ 5 ദി ബ്രെയിന്‍ എന്നാണ് മമ്മൂക്ക ആരാധകരുടെ പ്രതീക്ഷ.

ഏപ്രില്‍ അവസാന വാരമാണ് സിനിമ റിലീസ് ചെയ്യുന്നത്.

സിനിമയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവെക്കുന്നതിനൊപ്പം സി.ബി.ഐക്ക് ഒരു ആറാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിനും മറുപടി പറയുകയാണ് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി. ഫില്‍മിബീറ്റിന് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”സി.ബി.ഐ അഞ്ചാം ഭാഗത്തെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം തന്നെയാണ് എന്റെയും അഭിപ്രായം. എന്റെ അഭിപ്രായം നല്ലതായത് കൊണ്ടാണല്ലോ സിനിമ ഉണ്ടായത്.

എല്ലാവര്‍ക്കും ധൈര്യമായിട്ട് കാണാവുന്ന സിനിമയാണ് സി.ബി.ഐ 5 ദി ബ്രെയിന്‍.

ഞാന്‍ ഇതിനകത്ത് കൂടുതലായി ഒന്നും അവകാശപ്പെടുന്നില്ല. നിങ്ങളെല്ലാവരും വന്ന് കണ്ടിട്ട് തീരുമാനിക്കുക. അല്ലാതെ അഭിപ്രായം പറയാനില്ല. നിങ്ങള്‍ക്ക് നേരിട്ട് കാണാനുള്ള അവസരമുണ്ടല്ലോ,” എസ്.എന്‍. സ്വാമി പറഞ്ഞു.

സി.ബി.ഐ സീരിസില്‍ ആറാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് ”അത് ഇത് കഴിഞ്ഞിട്ട് തീരുമാനിക്കാം,” എന്നായിരുന്നു ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി പറഞ്ഞത്.

മമ്മൂട്ടിയെക്കൂടാതെ ജഗതി ശ്രീകുമാര്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും സി.ബി.ഐ 5 ദി ബ്രെയിനിനുണ്ട്.

ഒപ്പം മുകേഷ്, സായികുമാര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന്‍ തുടങ്ങിയ താരങ്ങളും മറ്റ് നിരവധി പുതുമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ട്.

അഖില്‍ ജോര്‍ജാണ് സി.ബി.ഐ 5ന്റെ ഛായാഗ്രാഹകന്‍. ജേക്സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Content Highlight: Script Writer SN Swamy reacts about CBI 6 with Mammootty