കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണ് എന്നതുള്‍പ്പെടെയുള്ള മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. ആ വീഡിയോയില്‍ പറഞ്ഞ ഓരോ കാര്യത്തിനും അവര്‍ മറുപടി പറയേണ്ടതുണ്ടെന്നും അത്ര അഴിമതി നിറഞ്ഞതാണ് പൊലീസ് ഡിപ്പാര്‍ട്‌മെന്റ് എങ്കില്‍ ആഭ്യന്തര മന്ത്രി ഉത്തരം പറയേണ്ടതുണ്ടെന്നും ദീദി മനോരമ ന്യൂസിനോട് പറഞ്ഞു.
‘ഇത്രയും വലിയ പൊസിഷനിലുള്ള ഒരു സ്ത്രീ എങ്ങനെയാണ് പാട്രിയാര്‍ക്കിയെ എന്‍ഡോഴ്‌സ് ചെയ്യുന്നത് അല്ലെങ്കില്‍ നിലനിര്‍ത്തുന്നത് എന്നതിനുള്ള അവസാന ഉദാഹരണം ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ തന്നെയാണ്. ആ പൊസിഷനിലിരുന്നുകൊണ്ട് സ്ത്രീകള്‍ക്കെതിരായിട്ടും മനുഷ്യര്‍ക്കെതിരായിട്ടും ഇത്തരം ആള്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ശമ്പളം പോലും തിരിച്ച് കൊടുക്കേണ്ടതായിട്ട് വരും.
പള്‍സര്‍ സുനി ജയിലില്‍ ഇരുന്ന് ചെയ്യുന്ന കാര്യങ്ങളെ പറ്റി ബോധ്യമുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് അത് തടയാന്‍ ശ്രമിച്ചില്ല. ഈ ക്രിമിനലിന് എന്തുകൊണ്ടാണ് അവര്‍ അവസരം ഉണ്ടാക്കി കൊടുത്തത്. അവരുടെ കയ്യില്‍ മുമ്പേ ഇത്തരം പരാതികള്‍ കിട്ടിയിരുന്നുവെങ്കില്‍ എന്താണ് അവര്‍ ആ ക്രൈം സ്റ്റോപ്പ് ചെയ്യാതിരുന്നത്. ഇതിന് മുമ്പേയുള്ള ഇന്റര്‍വ്യൂവില്‍ അവരുടെ സഹപ്രവര്‍ത്തകയെ സീനിയര്‍ ഓഫീസര്‍ സെക്ഷ്വലി ഉപയോഗിക്കാന്‍ വിളിച്ച് വരുത്തുമ്പോള്‍ ഞാന്‍ ഓരോ ഉപായം പറഞ്ഞ് കൂടെ നിര്‍ത്തുകയാണ് ചെയ്തതെന്ന് അവര്‍ പറയുന്നത് കേട്ടിട്ടുണ്ട്.
അവര്‍ നിയമം നടപ്പിലാക്കേണ്ട ഓഫീസറല്ലേ. കൂടെ നില്‍ക്കേണ്ട ഓഫീസറെ പോലും സംരക്ഷിക്കാന്‍ പറ്റാത്ത ഇവര്‍ ഇദ്ദേഹത്തിന്റെ അഞ്ച് വയസായ കുട്ടിയെ പറ്റിയൊക്കെ വേവലാതിപ്പെടുമ്പോള്‍ അതിനകത്തുള്ള അവരുടെ ഡബിള്‍ സ്റ്റാന്‍ന്റേര്‍ഡും ആരുടെ മൗത്ത് പീസാണ് എന്നുള്ളതുമൊക്കെ സ്വയം വെളിപ്പെടുന്ന കാര്യങ്ങളാണ്.
ആ വീഡിയോയില്‍ പറഞ്ഞ ഓരോ കാര്യത്തിനും അവര്‍ മറുപടി പറയേണ്ടതുണ്ട്. അത്ര കറപ്റ്റാണ് പൊലീസ് ഡിപ്പാര്‍ട്‌മെന്റ് എങ്കില്‍ ആഭ്യന്തര മന്ത്രി ഉത്തരം പറയേണ്ടതുണ്ട്. ആ വിധത്തില്‍ ചലഞ്ച് ചെയ്തുകൊണ്ടാണ് അവര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്.
അവര്‍ പറഞ്ഞതില്‍ ആര്‍ക്കാണ് സംശയം ഉള്ളത്. അവര്‍ എന്ത് ഉദ്ദേശത്തോട് കൂടിയാണ് വന്നിട്ടുള്ളത്. അവരുടെ ഈ വെളിപ്പെടുത്തലിന്റെ സമയം എത്ര നിര്‍ണായകമാണ്. ഫാന്‍സ് പോലും ഇത്ര അന്ധമായി സംസാരിക്കുമെന്ന് കരുതുന്നില്ല, അന്വേഷിച്ച് ഓരോന്നിനുമുള്ള ന്യായീകരണമായിട്ടാണ് വന്നിട്ടുള്ളത്. അത് വളരെ ക്ലിയറാണ്,’ ദീദി ദാമോദരന്‍ പറഞ്ഞു.
Content Highlight: Screenwriter Didi Damodaran against r Srilekha’s remarks about dileep