ഇന്ത്യ കളിച്ച അവസാന രണ്ട് ഏകദിന പരമ്പരയിലും മാന്‍ ഓഫ് ദി മാച്ചായ താരമാണ് യുവ ബാറ്ററായ ശുഭ്മാന്‍ ഗില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെയും സിംബാബ്‌വെക്കെതിരെയുമായിരുന്നു അദ്ദേഹം മാന്‍ ഓഫ് ദി മാച്ചായത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും രവി ശാസ്ത്രിക്കും ശേഷം 22 വയസില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സീരീസായ താരമാണ് ഗില്‍. ഈ രണ്ട് പരമ്പരകളില്‍ നിന്നുമായ 450 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. എന്നാല്‍ അദ്ദേഹം ട്വന്റി-20യില്‍ ശോഭിക്കില്ലെന്നാണ് മുന്‍ ന്യൂസിലാന്‍ഡ് താരമായ സ്‌കോട്ട് സ്‌റ്റൈറിസിന്റെ അഭിപ്രായം.
മികച്ച ടെക്‌നിക്കും അതിനൊത്ത ക്ലാസുമുള്ളയാളാണ് താനെന്ന് ഗില്‍ ഇതിനോടകം തന്നെ തെളിയിച്ച കാര്യമാണ്. അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷനുകളും അത് പൂര്‍ത്തിയാക്കാനുള്ള കഴിവും എടുത്തു പറയേണ്ടത് തന്നെയാണ്.
എന്നാല്‍ ഗില്‍ ഈ അടുത്തൊന്നും ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ ഭാഗമാകുമെന്ന് കരുതുന്നില്ലന്നാണ് സ്‌കോട്ട് പറഞ്ഞത്. ഗില്‍ ഇപ്പോഴും വളര്‍ന്നുവരുന്ന താരമാണെന്നും ട്വന്റി20 കളിക്കാന്‍ ഇനിയും സമയം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അടുത്ത കാലത്ത് അദ്ദേഹം ഇന്ത്യന്‍ ടി-20 ടീമിന്റെ ഭാഗമാകുമെന്ന് ഞാന്‍ കരുതുന്നില്ല. അവന്‍ ടീമില്‍ സ്ഥിരമാക്കാനുള്ള വഴിയൊരുക്കുന്നുണ്ട്. പക്ഷേ അവന്‍ ഇപ്പോഴും കളിച്ചു പഠിച്ചുകൊണ്ടിരിക്കുകയാണ്. ട്വന്റി -20 ക്രിക്കറ്റില്‍ സെറ്റായി വരാന്‍ കൂടുതല്‍ സമയം ആവശ്യമാണ്, ”സ്റ്റൈറിസ് പറഞ്ഞു.
ഐ.പി.എല്ലിലെ ഗില്ലിന്റെ പോരായ്മകളെ കുറിച്ചും സ്‌റ്റൈറിസ് പറയുന്നുണ്ട്. ഫ്രണ്ട് ഫൂട്ടിലും ഷോട്ട് ബോളുകളും അദ്ദേഹത്തിന്റെ പ്രശ്‌നങ്ങളായി സ്റ്റൈറിസ് ചൂണ്ടിക്കാട്ടി.
”ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന് ഫ്രണ്ട് ഫൂട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. അപ്പോള്‍ അവന്‍ അതിനായി കാത്തുനിന്നാണ് ബാറ്റ് ചെയ്തുകൊണ്ടിരുന്നത്,’ സ്റ്റൈറിസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം സച്ചിന്‍ ടെന്‍ടുല്‍ക്കര്‍, വിരാട് കോഹ്‌ലി എന്നിവര്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ അടുത്ത സൂപ്പര്‍താരത്തിലേക്കാണ് ഗില്‍ നടന്നു കയറുക എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.