ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായിരുന്ന ഡോക്ടര്‍മാരെ പ്രതിചേര്‍ത്ത് പൊലീസിന്റെ റിപ്പോര്‍ട്ട്
Kerala News
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായിരുന്ന ഡോക്ടര്‍മാരെ പ്രതിചേര്‍ത്ത് പൊലീസിന്റെ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st September 2023, 11:26 am

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പൊലീസ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്‌സുമാരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഡോക്ടര്‍മാരായ രമേശന്‍ സി.കെ, ഷഹന നഴ്‌സുമാരായ രഹ്ന എം, മഞ്ജു കെ.വി എന്നിവരെ പ്രതി ചേര്‍ത്തുള്ള റിപ്പോര്‍ട്ടാണ് പൊലീസ് സമര്‍പ്പിച്ചിട്ടുള്ളത്.

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഡോ. രമേശന്‍ നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഡോ. ഷഹന കോട്ടയം മാതാ ആശുപത്രിയിലുമാണ് ജോലി ചെയ്യുന്നത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് നഴ്‌സുമാരും കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് നിലവില്‍ ജോലി ചെയ്യുന്നത്. കുന്ദമംഗലം കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട നാല് പേര്‍ക്കും വൈകാതെ തന്നെ നോട്ടീസ് നല്‍കി ചോദ്യം ചെയ്യലിന് വിളിപ്പിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് എ.സി.പി കെ .സുദര്‍ശന്റെ നേതൃത്വത്തിലായിക്കും ചോദ്യം ചെയ്യുക. പട്ടികയില്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍ ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരനായതിനാല്‍ ചോദ്യം ചെയ്യലിനും അറസ്റ്റിനും പ്രത്യേക അനുമതി വാങ്ങേണ്ടി വരും.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ശസ്ത്രകിയ നടക്കുമ്പോള്‍ ലേബര്‍ റൂം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട നാല് പേരും. 2017 നവംബര്‍ 30നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ഹര്‍ഷിനക്ക് മൂന്നാമത് ശസ്ത്രക്രിയ നടക്കുന്നത്. നേരത്തെ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് തള്ളിയിരുന്നു.

CONTENT HIGHLIGHTS: Scissors stuck in stomach during surgery: Police report implicating doctors present at Kozhikode Medical College