കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിൽ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി
India
കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിൽ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th March 2024, 3:00 pm

ചെന്നൈ: കോയമ്പത്തൂരില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ്. സംഭവത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ നടപടി എടുക്കാനാണ് നിര്‍ദേശം നല്‍കിയത്.

വിദ്യാര്‍ത്ഥികളെ പരിപാടിക്ക് കൊണ്ട് പോയ അധ്യാപകര്‍ക്ക് നേരെ നടപടി ഉണ്ടാകുമെന്നും 24 മണിക്കൂറിനുള്ളില്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഡി.ഇ.ഒ അറിയിച്ചു.

കോയമ്പത്തൂരില്‍ നടന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ 50-ാളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. സ്‌കൂള്‍ യൂണിഫോം ധരിച്ചും ഹനുമാനായി വസ്ത്രം ധരിച്ചുമാണ് കുട്ടികള്‍ പരിപാടിയിൽ പങ്കെടുത്തത്.

എന്നാല്‍ സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം ലംഘിക്കപ്പെട്ടെന്ന് ഡി.ഇ.ഒ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

അതിനിടെ, തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി ചൊവ്വാഴ്ച കേരളത്തിലെത്തി. പാലക്കാട് പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടന്നു. ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഉള്‍പ്പടെ സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ നടക്കുന്നതിനിടെയാണ് പാലക്കാട് ടൗണ്‍ കേന്ദ്രീകരിച്ച് മോദിയുടെ റോഡ് ഷോ നടന്നത്.

പരിപാടിയുടെ ഭാഗമായി രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് 12 മണിവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെല്ലാം രാവിലെ ഏഴ് മണിക്കുള്ളില്‍ സ്‌കൂളില്‍ എത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

ദൂര സ്ഥലങ്ങളില്‍ നിന്ന് സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വലിയ വെല്ലുവിളി ആയി മാറി. ഇതോടൊപ്പം തന്നെ ബസും കാറുകളുമുള്‍പ്പടെയുള്ള സ്വകാര്യ വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.

Content Highlight: school students at narendra modi coimbatore road show education department to take action against school principal