ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച സംഭവം; രേഷ്മയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തു
Kerala News
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച സംഭവം; രേഷ്മയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th April 2022, 12:41 pm

കണ്ണൂര്‍: സി.പി.ഐ.എം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച അധ്യാപിക രേഷ്മയെ സസ്‌പെന്റ് ചെയ്തു. അമൃത വിദ്യാലയത്തില്‍ നിന്നാണ് രേഷ്മയെ സസ്‌പെന്റ് ചെയ്തത്.

വധക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് നിജില്‍ ദാസിനെ രേഷ്മ ഒളിവില്‍ താമസിപ്പിച്ചിരുന്നതെന്ന് പൊലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിജില്‍ ദാസും രേഷ്മയും തമ്മില്‍ ഒരു വര്‍ഷത്തെ ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകളുടെ പേരിലുള്ള സിം കാര്‍ഡ് ആയിരുന്നു ഒളവില്‍ കഴിഞ്ഞിരുന്ന സമയത്ത് രേഷ്മ നിജില്‍ ദാസിന് നല്‍കിയിരുന്നത്. ഈ സിം ഉപയോഗിച്ച് നിജില്‍ നിരവധി തവണ ഭാര്യയെ വിളിച്ചിരുന്നു. നിജിലും രേഷ്മയും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, കാരായി രാജന്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എന്നിവര്‍ക്കെതിരെ രേഷ്മ പരാതി നല്‍കിയിട്ടുണ്ട്.

എം.വി. ജയരാജന്‍ അശ്ലീല പ്രയോഗം നടത്തിയെന്നാണ് രേഷ്മയുടെ ആരോപണം. താന്‍
സി.പി.ഐ.എം അനുഭാവമുള്ള കുടുംബത്തില്‍ നിന്നുള്ളയാളാണെന്നും രേഷ്മ പരാതിയില്‍ പറയുന്നു.

വനിതാ പൊലീസ് ഇല്ലാതെ രാത്രി വീട്ടിലെത്തി അറസ്റ്റ് ചെയ്തു, സ്റ്റേഷനില്‍വെച്ച് കൂത്തുപറമ്പ് സി.ഐ മോശമായി സംസാരിച്ചു, ഫോണിലെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു എന്നിവയും പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഹരിദാസന്‍ വധക്കേസിലെ പ്രതി നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിച്ച രേഷ്മയെ സംരക്ഷിക്കുന്നത് ബി.ജെ.പിയാണെന്ന് എം.വി. ജയരാജന്‍ ആരോപിച്ചിരുന്നു.

അതേസമയം, ഇന്നലെ ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങുന്ന സമയത്ത് രേഷ്മക്ക് ഒപ്പം ഉണ്ടായിരുന്ന ബി.ജെ.പി തലശ്ശേരി മണ്ഡലം സെക്രട്ടറി അജേഷിനെ ചൂണ്ടിക്കാട്ടി രേഷ്മയും ഭര്‍ത്താവും ബി.ജെ.പി അനുഭാവികളാണെന്ന് സി.പി.ഐ.എം ആരോപണം ആവര്‍ത്തിച്ചിരുന്നു.

Content Highlights: School Management suspended Reshma for hiding Nijil in her house