'ബാധിത കക്ഷികൾ വരട്ടെ'; പൊളിക്കൽ സ്റ്റേ ഉത്തരവ് ലംഘിച്ചെന്ന ആരോപണത്തിൽ എൻ.ജി.ഒയുടെ ഹരജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു
national news
'ബാധിത കക്ഷികൾ വരട്ടെ'; പൊളിക്കൽ സ്റ്റേ ഉത്തരവ് ലംഘിച്ചെന്ന ആരോപണത്തിൽ എൻ.ജി.ഒയുടെ ഹരജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th October 2024, 8:21 am

ന്യൂദൽഹി: രാജ്യവ്യാപകമായി പൊളിക്കൽ നടപടി മരവിപ്പിച്ച സെപ്റ്റംബർ 17ലെ ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിലെയും രാജസ്ഥാനിലേയും അധികാരികൾക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതായി റിപ്പോർട്ട്.

ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പ്രശാന്ത് കുമാർ മിശ്ര, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കാൻ വിസമ്മതിച്ചത്. ആരോപണവിധേയമായ പ്രവൃത്തികൾ നേരിട്ടോ അല്ലാതെയോ ബാധിക്കാത്ത ഒരു കക്ഷിയാണ് ഹരജി സമർപ്പിച്ചതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൺ (എൻ.എഫ്.ഐ.ഡബ്ല്യു) നൽകിയ ഹരജി പ്രധാനമായും പത്രവാർത്തകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഉത്തരവുകൾ ലംഘിച്ചുവെന്ന് തെളിയിക്കാൻ കാര്യമായ തെളിവുകളില്ലെന്നും ജസ്റ്റിസുമാർ ചൂണ്ടിക്കാട്ടി.

കൃത്യമായ തെളിവുകളുടെ അഭാവത്തിൽ, കോടതി അലക്ഷ്യ ഹരജി തള്ളുകയായിരുന്നു. ശരിയായ തെളിവുകൾ ഹാജരാക്കാതെ മാധ്യമ റിപ്പോർട്ടുകളെ ആശ്രയിക്കുന്നത് അത്തരമൊരു കേസ് തുടരാൻ പര്യാപ്തമല്ലെന്ന് കോടതി വിധിച്ചു.

‘ ഈ കേസിൽ ആരോപണവിധേയമായ പ്രവൃത്തികളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിട്ടില്ലാത്ത അപേക്ഷകരാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ, ഈ ഹരജി പരിഗണിക്കാൻ ഞങ്ങൾ താത്പര്യപ്പെടുന്നില്ല,’ സുപ്രീം കോടതി പറഞ്ഞു.

മുൻകൂർ അനുമതിയില്ലാതെ കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള സ്റ്റേ കോടതി നീട്ടിയിരുന്നു. എന്നാൽ ഒക്‌ടോബർ ഒന്നിന് ശേഷം ഉത്തർപ്രദേശ് (കാൻപൂർ), ഉത്തരാഖണ്ഡ് (ഹരിദ്വാർ), രാജസ്ഥാൻ (ജയ്പൂർ) എന്നിവിടങ്ങളിൽ കോടതിയുടെ നിർദേശം ലംഘിച്ച് മൂന്ന് സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് എൻ.എഫ്.എ.ഡബ്ല്യുവിൻ്റെ അഭിഭാഷകൻ വാദിച്ചു.

നോൺ വെജ് ഭക്ഷണവും വെജ് ഭക്ഷണവും കലർത്തിയെന്ന ആരോപണത്തെത്തുടർന്ന് റസ്റ്റോറൻ്റ് തകർത്ത കേസുമായി ബന്ധപ്പെട്ട യു.പി സംഭവം എൻ.ജെ.ഒയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി .

ഏതെങ്കിലും വീട്, അല്ലെങ്കിൽ കോളനി എന്നിവ പൊളിക്കുന്നതിന് മുമ്പ് അധികാരപരിധിയിലുള്ള ജില്ലാ ജഡ്ജിയിൽ നിന്ന് അനുമതി വാങ്ങുന്നത് നിർബന്ധമാക്കാൻ നിർദേശം നൽകണമെന്ന് പൊതുതാത്പര്യ ഹരജിയിൽ ആവശ്യപ്പെടുന്നു. എന്നാൽ കോടതി പൊതുതാത്പര്യ ഹരജി പരിഗണിക്കാൻ താത്പര്യപ്പെടുന്നില്ലെന്നറിഞ്ഞ ഹരജിക്കാരൻ ഹരജി പിൻവലിച്ചു.

 

Content Highlight: SC declines to initiate contempt action against UP officials for defying freeze on demolitions