'പെമ്പിള്ളാരെ വാളിന്മേ കയറിട്ട് വേണ്ടാത്ത വര്‍ത്താനം പറയുന്ന്'; റെഫ്യൂസ് ദ അബ്യൂസ് ക്യാംപെയിനില്‍ 'ബേങ്കിം പാട്ടു'മായി സയനോര ഫിലിപ്പ്
കൊച്ചി: സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് എതിരെയുള്ള ഡബ്ല്യു.സി.സി കാമ്പയിന്‍ ആയ റെഫ്യൂസ് ദ അബ്യൂസിന് പിന്തുണയുമായി ഗായികയും സംഗീത സംവിധായകയുമായ സയനോര ഫിലിപ്പ്.
സയനോരയുടെ ഹിറ്റ് ആല്‍ബമായ കണ്ണൂര്‍ പാട്ടിന്റെ അതേ ട്യൂണിലാണ് സൈബര്‍ അബ്യൂസുകളോട് താരം പ്രതികരിച്ചിരിക്കുന്നത്. രസകരമായ പാട്ടിനൊപ്പം സൈബര്‍ അബ്യൂസിനെ റെഫ്യൂസ് ചെയ്യാനും സയനോര പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം നടി പാര്‍വതിയും ക്യാംപെയിന് പിന്തുണയുമായി എത്തിയിരുന്നു. ഫിസിക്കല്‍ അറ്റാക്ക് മുറിവുകള്‍ പോലെ തന്നെ കാണേണ്ടതാണ് സൈബര്‍ അബ്യൂസ് മുറിവുകളെന്നും സൈബര്‍ ബുള്ളിയിംഗുകളോട് നോ പറയണമെന്നും പാര്‍വതി പറഞ്ഞിരുന്നു .
നേരത്തെ നടിമാരായ മഞ്ജുവാര്യര്‍, നിമിഷ സജയന്‍, സാനിയ ഇയ്യപ്പന്‍, അന്ന ബെന്‍, ടെലിവിഷന്‍ അവതാരകയായ രഞ്ജിനി ഹരിദാസ് തുടങ്ങിയവര്‍ റെഫ്യൂസ് ദ അബ്യൂസ് ക്യാംമ്പയിനിന്റെ ഭാഗമായിരുന്നു.
സ്ത്രീവിരുദ്ധമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ട് യൂട്യൂബില്‍ വീഡിയോകള്‍ ചെയ്ത വിജയ് പി നായര്‍ എന്നയാള്‍ക്കു നേരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, ആക്റ്റിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവത്തോടെ സ്ത്രീകള്‍ക്കുനേരെയുള്ള സൈബര്‍ ആക്രമണം വീണ്ടും ചര്‍ച്ചയായി മാറിയ സാഹചര്യത്തിലാണ് ഡബ്ല്യു.സി.സി ക്യാംമ്പയിന്‍ ആരംഭിച്ചത്.