ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കുന്നു. സൂപ്പര്‍ ടീമുകളെല്ലാം തന്നെ കിരീടം ലക്ഷ്യമിട്ട് തന്ത്രങ്ങള്‍ മെനയുകയും മുന്നൊരുക്കങ്ങള്‍ നടത്തുകയുമാണ്.
2022 ഖത്തര്‍ ലോകകപ്പിന് ഏറെ പ്രത്യേകതകളാണുള്ളത്. ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും അവസാന ലോകകപ്പാകാന്‍ സാധ്യതകല്‍പ്പിക്കുന്നു എന്നതാണ് ഇതില്‍ പ്രധാനം.
ഇരുവര്‍ക്കും ഇതുവരെ സ്വന്തം രാജ്യത്തിന് വേണ്ടി നേടിക്കൊടുക്കാന്‍ സാധിക്കാത്ത ലോകകപ്പ് ഇത്തവണ നേടിയ ശേഷം പടിയിറങ്ങാന്‍ തന്നെയാവും ഇരുവരും ആഗ്രഹിക്കുന്നത്.
എന്നാല്‍ ഇത്തവണ ലോകകപ്പ് മെസിയും അര്‍ജന്റീനയും സ്വന്തമാക്കുമെന്ന് പറഞ്ഞിരിക്കുകയാണ് സൗദി ടീം അല്‍ ഹിലാലിന്റെ പരിശീലകനായ റാമോണ്‍ ഡയസ്. സീസണില്‍ ഗോളടിച്ചും അടിപ്പിച്ചും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മെസിയും സംഘവും ലോകകപ്പ് നേടാന്‍ ഏറെ സാധ്യത കല്‍പിക്കുന്നവരുമാണ്.
‘ഇത്തവണ വിജയിക്കാനുള്ള അവന്റെ സമയമാണ്. അര്‍ജന്റീന മികച്ച ടീമാണ്. കൂടാതെ മെസി എപ്പോഴും നിങ്ങളെ കംഫേര്‍ട്ടബിളായി വെക്കും,’ ഡയസ് പറയുന്നു.
2014ല്‍ ഫൈനല്‍ കളിച്ചതാണ് സമീപകാലത്ത് ലോകകപ്പില്‍ അര്‍ജന്റീനയടെ ഏറ്റവും മികച്ച പ്രകടനം. എന്നാല്‍ അര്‍ജന്റൈന്‍ ടീമിനെ കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമ കിരീടവും ചൂടിച്ചാണ് മെസിയും സംഘവും ലോകകപ്പ് ലക്ഷ്യം വെച്ച് ഖത്തറിലേക്ക് പറക്കുന്നത്.
മെസിയുടെ തുടര്‍ച്ചയായ അഞ്ചാം ലോകകപ്പാണ് ഖത്തറിലേത്. ലോകകപ്പില്‍ ഇതുവരെ 19 മത്സരം കളിച്ച മെസി ആറ് ഗോളും അഞ്ച് അസിസ്റ്റുമാണ് സ്വന്തമാക്കിയത്.
2021ല്‍ ബ്രസീലിനെ തോല്‍പിച്ച് കോപ്പ അമേരിക്ക കിരീടം നേടിയ സ്‌കലോനിയുടെ കുട്ടികള്‍ 33 മത്സരങ്ങളില്‍ പരാജയം രുചിക്കാതെ മിന്നുന്ന ഫോമിലുമാണ്.
സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീന. നവംബര്‍ 22നാണ് ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം. സൗദിയാണ് എതിരാളികള്‍.
Content Highlight: Saudi teams coach Ramon Diaz says Argentina superstar Lionel Messi will win the 2022 FIFA World Cup