World News
അസ്ഥികൂടങ്ങള്‍ക്കും സോംബികള്‍ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാം; സൗദിയിലെ വെറൈറ്റി റസ്റ്റൊറന്റ് ശ്രദ്ധ നേടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 29, 10:52 am
Saturday, 29th January 2022, 4:22 pm

റിയാദ്: വ്യത്യസ്ത തീമില്‍ പ്രവര്‍ത്തിക്കുന്ന സൗദിയിലെ റസ്റ്റൊറന്റ് ശ്രദ്ധ നേടുന്നു. അസ്ഥികൂടങ്ങളും സോംബി, വാംപയര്‍ രൂപങ്ങളുമാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി റസ്റ്റൊറന്റില്‍ സ്ഥാപിച്ചിരിക്കുന്നത്.

റിയാദിലെ ‘ഷാഡോസ്’ റസ്റ്റൊറന്റാണ് ഇത്തരത്തില്‍ ആളുകളെ ‘പേടിപ്പിച്ച്’ ഭക്ഷണം കഴിപ്പിക്കുന്നത്.

ഒരു ഹൊറര്‍ ചിത്രം കാണാനിരിക്കുന്ന പ്രതീതിയില്‍ ആളുകള്‍ക്ക് റസ്റ്റൊറന്റിലിരുന്ന് ഭക്ഷണം ആസ്വദിക്കാം എന്നതാണ് പലര്‍ക്കും ഇത് ആകര്‍ഷകമായി തോന്നാന്‍ കാരണം.

വിവിധ അസ്ഥികൂട രൂപങ്ങള്‍ ഹോട്ടലില്‍ പലയിടത്തായി സ്ഥാപിക്കുന്നതിന് പുറമെ റസ്റ്റൊറന്റിലെ സ്റ്റാഫ് വിവിധ സോംബി, വാംപയര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കീഴില്‍, പുതിയ തലമുറയെ ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള പല മാറ്റങ്ങളും സൗദിയില്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകള്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ സൗദിയില്‍ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവല്‍, മ്യൂസിക് ഫെസ്റ്റിവല്‍ എന്നിവയെല്ലാം ഈയിടെ വാര്‍ത്തയായിരുന്നു.

ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.


Content Highlight: Saudi Arabia, Riyadh restaurant offers horror experience with skull, zombies and vampires while eating