മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. സല്ലാപം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന മഞ്ജു വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്ക് നടന്നുകയറി. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മഞ്ജു വാര്യര്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുവിന് സാധിച്ചു.
മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. എന്നും എപ്പോഴും എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ ക്ലാസിക്കല്‍ ഡാന്‍സ് കളിക്കുന്നുണ്ടെന്നും അതിന്റെ കൊറിയോഗ്രാഫി വൃന്ദ മാസ്റ്റര്‍ ആയിരുന്നെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും മഞ്ജുവിന് നല്ല ടാലെന്റ് ആണെന്ന് വൃന്ദ മാസ്റ്റര്‍ പറയുമെന്നും അപ്പോള്‍ ടാലന്റ് മാത്രമല്ല, ധൈര്യവും കുറുമ്പും ഉണ്ടെന്ന് താന്‍ തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വലിയ ഇടവേളയ്ക്ക് ശേഷം മഞ്ജുവിന്റെ രണ്ടാം വരവിലെ രണ്ടാമത്തെ പടം എന്റെ ആയിരുന്നു. ‘എന്നും എപ്പോഴും’. അതിലും മഞ്ജുവിന്റെ ഒരു ക്ലാസിക്കല്‍ ഡാന്‍സുണ്ട്. കലാ മാസ്റ്ററുടെ സഹോദരി വൃന്ദയായിരുന്നു നൃത്ത സംവിധായക. ഓരോ ഷോട്ട് കഴിയുമ്പോഴും വൃന്ദ മാസ്റ്റര്‍ വന്ന് പറയും, ‘എന്തൊരു ടാലന്റാണീ ഈ കുട്ടിക്ക്’ എന്ന്. ടാലന്റ് മാത്രമല്ല, ധൈര്യവും കുറുമ്പും, എന്ന് ഞാന്‍ തിരുത്തും.
ലോക്ക് ഡൗണ്‍ തുടങ്ങുന്നതിന് മുമ്പുള്ള ദിവസം ഗേറ്റുകടന്ന്, വലിയൊരു കാര്‍ വരുന്നു, പുതിയ റേഞ്ച് റോവര്‍. ഇതാരപ്പാ എന്ന് സംശയിച്ച് നിന്ന എന്റെ മുന്നില്‍ കാര്‍ സഡന്‍ ബ്രേക്കിട്ടു. ഡ്രൈവിങ് സീറ്റില്‍ നിന്ന് ചിരിച്ചുകൊണ്ടിറങ്ങിവരുന്നു മഞ്ജു വാര്യര്‍. ‘പുതിയൊരു വണ്ടി വാങ്ങിയപ്പോള്‍ അങ്കിളിനെ കാണിക്കാമെന്നുവെച്ചു, ഒരു സര്‍പ്രൈസ്’ എന്ന് മഞ്ജു പറഞ്ഞു.
ഇത്തരം കാറൊക്കെ ഓടിച്ചുതുടങ്ങിയോ, അഭിമാനത്തോടെയുള്ള മറുപടി, ‘പിന്നേ’. അതിശയിക്കാനില്ല. ദയയുടെ ഷൂട്ടിങ് സമയത്ത് അധികമാര്‍ക്കും മെരുങ്ങാത്ത കുതിര പുറത്ത് കയറി സുഖമായി ഓടിച്ചുവന്ന പാര്‍ട്ടിയാണ്. അതും കുതിര സവാരിയില്‍ ഒരു മുന്‍പരിചയവുമില്ലാതെതന്നെ,’ സത്യന്‍ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad talks about Manju Warrier