Entertainment news
മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോ കണ്ടെത്തിയതല്ല, സംഭവിച്ച് പോയതാണ്; അവരെ വെച്ച് വീണ്ടുമൊരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 23, 08:58 am
Wednesday, 23rd March 2022, 2:28 pm

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ ശ്രീനിവാസന്റേത്. ഒരുപാട് ഹിറ്റ് സിനിമകള്‍ ഈ കൂട്ടുക്കെട്ടില്‍ പിറന്നിട്ടുണ്ട്. ‘നാടോടിക്കാറ്റി’ലെ ദാസനും വിജയനും സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്.

മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോ ചേര്‍ന്നുപോയതാണ് അല്ലാതെ ബോധപൂര്‍വം ചേര്‍ത്തതല്ല എന്നാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നത്. ഐ.എഫ്.എഫ്.കെ വേദിയിലാണ് തന്റെ പഴയകാല സിനിമകളെ കുറിച്ചും അതിലെ കഥാപാത്രങ്ങളെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നത്.

”ആ ഒരു കോമ്പോ കണ്ടെത്തിയതല്ല, സംഭവിച്ച് പോയതാണ്. ഗാന്ധിനഗര്‍ സെക്ന്റ് സ്ട്രീറ്റ് എന്ന എന്റെ ചിത്രത്തിന് ശ്രീനിവാസനാണ് സ്‌ക്രിപ്റ്റ് എഴുതിയത്. വേറെ നടന് വേണ്ടിയായിരുന്നു ആ സിനിമയില്‍ ശ്രീനിവാസന്‍ സ്‌ക്രിപ്റ്റ് എഴുതിയിരുന്നത്. എന്നാല്‍ ഞാനാണ് ശ്രീനിവാസനെ കൊണ്ട് ആ റോള്‍ ചെയ്യിപ്പിച്ചത്.

മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോയുടെ ഹ്യൂമറിലുള്ള ഒരു യോജിപ്പ് വളരെ മികച്ചതാണ്. അത് ഞാന്‍ വളരെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിച്ച ഒരു സിനിമയായിരുന്നു നാടോടിക്കാറ്റ്.

അങ്ങനെ ആ ഒരു കോമ്പോ സിനിമയില്‍ കയറി വന്നു. സന്മനസുള്ളവര്‍ക്ക് സമാധാനം, പട്ടണ പ്രവേശം എന്നീ സിനിമകളിലൂടെയെല്ലാം ആ കോമ്പോയുടെ പരസ്പര യോജിപ്പ് സിനിമകള്‍ക്ക് ജീവന്‍ നല്‍കാറുണ്ട്. കാരണം, സ്‌ക്രിപ്റ്റിലുള്ളതിനെക്കാള്‍ അത് മികച്ചതാക്കാന്‍ പറ്റും, അവര്‍ രണ്ടുപേരാകുമ്പോള്‍. അങ്ങനെ ചേര്‍ന്നുപോയതാണ് ആ കോമ്പോ, അല്ലാതെ ബോധപൂര്‍വം ചേര്‍ത്തതല്ല,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്ന സിനിമ ചെയ്യാന്‍ പ്ലാനുണ്ടായിരുന്നുവെന്നും എന്നാല്‍ ശ്രീനിവാസന്റെ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം അത് നടന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

”മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോയില്‍ ഒരു പ്രൊജക്ട് ചെയ്യാന്‍ അഞ്ചാറ് വര്‍ഷമായി ഞാന്‍ ആലോചിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ആ സിനിമ നടക്കാതെ പോവുകയാണ്.

ഇപ്പോള്‍ അടുത്ത കാലത്ത് ശ്രീനിവാസന്റെ അനാരോഗ്യവും സിനിമ നടക്കാത്തതിന് ഒരു കാരണമാണ്. ശ്രീനിവാസന്‍ കുറച്ച് ആരോഗ്യവാനായിട്ട് വേണം ആ സിനിമ എനിക്ക് ചെയ്യണമെങ്കില്‍. അതുപോലുള്ള പല കാരണങ്ങള്‍ കൊണ്ടാണ് ആ സിനിമ നടക്കാത്തത്.

ഞങ്ങള്‍ ഒന്നിച്ച് പലപ്പോഴും ആ സിനിമ ആലോചിക്കുകയും പ്ലാന്‍ ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴും അങ്ങനെയൊരു ചിന്തയുണ്ട്,” സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘മകള്‍’ എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ജയറാമും മീര ജാസ്മിനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്.

ചിത്രത്തിന്റെ രചന ഇഖ്ബാല്‍ കുറ്റിപ്പുറമാണ് നിര്‍വഹിച്ചിരിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതസംവിധാനം രാഹുല്‍ രാജ്. ചിത്രത്തിലെ ഗാനരചയിതാവ് വിഷ്ണു വിജയ്‌യാണ്. ജയറാം, മീരാ ജാസ്മിന്‍ എന്നിവരെ കൂടാതെ ദേവിക സഞ്ജയ്, ശ്രീനിവാസന്‍, ഇന്നസെന്റ്, നസ്‌ലന്‍ കെ. ഗഫൂര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlights: Sathyan Anthikkad says about Mohanlal Sreenivasan combo