Sabarimala women entry
വിധി പ്രതികൂലമാണെങ്കില്‍ യുദ്ധം ചെയ്യാനില്ല; വീണ്ടും സംഘര്‍ഷമുണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും ശശികുമാരവര്‍മ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 06, 12:12 pm
Wednesday, 6th February 2019, 5:42 pm

പത്തനംതിട്ട: ശബരിമല പുനപരിശോധന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ദേവസ്വംബോര്‍ഡും സര്‍ക്കാരും യുവതീപ്രവേശനത്തെ അനുകൂലിച്ചതിനെതിരെ പന്തളം കുടുംബാംഗം ശശികുമാരവര്‍മ്മ. ശബരിമല പുനഃപരിശോധനാ ഹര്‍ജി പ്രതികൂലമാണെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികളെ പോലെ യുദ്ധം ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോര്‍ഡും സര്‍ക്കാരും യുവതീപ്രവേശനത്തെ അനുകൂലിച്ചതിനെതിരെ പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. സുപ്രീംകോടതിയിലെ വാദത്തോടെ ദേവസ്വംബോര്‍ഡിന്റെ നയം വ്യക്തമായെന്നും ദേവസ്വംബോര്‍ഡും സര്‍ക്കാരും ഭക്തജനങ്ങള്‍ക്കൊപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also : ശബരിമല ആരുടേയും കുടുംബക്ഷേത്രമല്ല; സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ കയറണമെന്ന് തോന്നിയാല്‍ ആര്‍ക്കും തടയാനാകില്ല; ഇന്ദിരാ ജയ്‌സിംഗിന്റെ വാദങ്ങള്‍

വിധി പ്രതികൂലമാണെങ്കില്‍ ക്യൂറേറ്റീവ് പെറ്റീഷന്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കും. ദേവസ്വംബോര്‍ഡ് നയം വ്യക്തമാക്കിയതോടെ അവരില്‍നിന്ന് ഒരു സഹായവും ലഭിക്കുമെന്ന് അയ്യപ്പഭക്തന്മാര്‍ പ്രതീക്ഷിക്കേണ്ട. ദേവസ്വം ബോര്‍ഡ് ഭക്തന്മാര്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്. കോടതിയുടെ പൂര്‍ണമായ വിധി വന്നാല്‍ ബാക്കികാര്യങ്ങള്‍ തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി ഫെബ്രുവരി 13-നാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. എന്നാല്‍ ഫെബ്രുവരി 12-ന് കുംഭമാസ പൂജകള്‍ക്കായി നടതുറക്കും. ഇതിനാല്‍ വീണ്ടും സംഘര്‍ഷമുണ്ടാകുമോ എന്ന് ആശങ്കയുണ്ട്. എത്രയുംവേഗത്തില്‍ കോടതി വിധി പറയുകയാണെങ്കില്‍ എളുപ്പമായിരുന്നു- ശശികുമാര വര്‍മ്മ പറഞ്ഞു.