ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പ്രകമ്പനങ്ങളുണ്ടാക്കാനൊരുങ്ങി വി.കെ. ശശികല. എ.ഐ.എ.ഡി.എം.കെയുടെ പതനം തനിക്ക് കണ്ടുനില്‍ക്കാനാവില്ലെന്ന് അവര്‍ പറഞ്ഞതോടെ ശശികലയുടെ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചുള്ള സൂചനകളാണ് തമിഴ്‌നാട്ടില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്.
‘പാര്‍ട്ടിയെ നേര്‍വഴിക്ക് നടത്താന്‍ ഉടനെ ഞാനെത്തും. പാര്‍ട്ടിയുടെ അധഃപതനം എനിക്ക് കണ്ടുനില്‍ക്കാനാവില്ല. എല്ലാവരേയും ഒരുമിച്ചു നിര്‍ത്തലാണ് പാര്‍ട്ടിയുടെ നയം, നമുക്കൊരുമിക്കാം;’ ശശികല പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് മുന്‍പ് തന്നെ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല എന്ന് ശശികല പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം കാരണമാണ് താന്‍ ഇപ്പോള്‍ നിലപാട് മാറ്റിയതെന്നും ശശികല പറയുന്നു.
എന്നാല്‍ വിമതനും ജയലളിതയുടെ വിശ്വസ്ഥനുമായ ഒ.പി.എസ്സുമായി പളനിസാമി കൈകോര്‍ക്കുകയും ശശികല ചിത്രത്തില്‍ നിന്നും തന്നെ പുറത്താവുകയുമായിരുന്നു. ഇരുപക്ഷവും പാര്‍ട്ടിയൂടെ അധികാര സിരാകേന്ദ്രങ്ങളിലെത്തുകയും ശശികല പക്ഷത്തെ പൂര്‍ണമായും തഴയുകയുമായിരുന്നു.
ഇതോടെ 2018ല്‍, ശശികല പക്ഷത്തെ പ്രധാനിയും ശശികലയുടെ അനന്തരവനുമായ ദിനകരന്‍ ‘അമ്മ മക്കള്‍ മുന്നേറ്റ കഴകം’ (എ.എം.എം.കെ) എന്ന പുതിയ പാര്‍ട്ടി രൂപികരിക്കുകയും, എ.ഐ.എ.ഡി.എം.കെയുടെ പുനരുദ്ധാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ജയില്‍മോചിതയായ ശേഷം, മാര്‍ച്ചില്‍, താനിനി രാഷ്ട്രീയത്തിലേക്കില്ലെന്നും, ജയലളിതയുടെ സുവര്‍ണകാലം തിരിച്ചു വരാനായി പ്രാര്‍ത്ഥിക്കുമെന്നുമാണ് ശശികല പറഞ്ഞിരുന്നത്.
2021 ഫെബ്രുവരിയില്‍ നാല് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം, നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായാണ് ശശികല തമിഴ്‌നാട്ടില്‍ തിരിച്ചെത്തുന്നത്. ഏറെ രാഷ്ട്രീയ ചലനങ്ങള്‍ക്ക് കാരണമാവുമെന്ന് കരുതിയെങ്കിലും, തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കുകയാണ് ശശികല ചെയ്തത്.