Kerala News
സരിന്‍ ഔട്ട്; പി.സരിനെ കോണ്‍ഗ്രസ് പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 17, 07:24 am
Thursday, 17th October 2024, 12:54 pm

പാലക്കാട്: പി.സരിനെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിക്കെതിരെ പരസ്യമായി പ്രതികരിക്കുകയും വാര്‍ത്താ സമ്മേളനവും നടത്തിയതിനെ തുടര്‍ന്നാണ് സരിനെ പുറത്താക്കിയത്.

സരിന്‍ കോണ്‍ഗ്രസിനെതിരെ നടത്തുന്ന വാര്‍ത്താ സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് സരിനെ പുറത്താക്കി കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

പ്രതിപക്ഷ നേതാവിനെതിരെയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും ഷാഫി പറമ്പിലിനെതിരെയും വിമര്‍ശനങ്ങളുന്നയിച്ചു കൊണ്ടിരിക്കേയാണ് കോണ്‍ഗ്രസിന്റെ പുറത്താക്കല്‍.

കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ തലപ്പത്തുനിന്നോ കോണ്‍ഗ്രസില്‍ നിന്നോ ഉള്ള സസ്‌പെന്‍ഷനല്ല, പുറത്താക്കല്‍ തന്നെയാണ് ഇന്ന് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് രാവിലെ വരെ സരിനെ പുറത്താക്കില്ലെന്നും സരിന് വേണമെങ്കില്‍ പുറത്ത് പോകാമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. എന്നാല്‍ സരിന്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും കടുത്ത വിമര്‍ശനങ്ങളുന്നയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പുറത്താക്കല്‍.

ധാര്‍ഷ്ട്യവും അപക്വമായ പെരുമാറ്റങ്ങളും കൊണ്ടുനടക്കുന്ന ആളാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും ഔചിത്യമില്ലാതെ പെരുമാറുന്ന സമീപനമാണ് രാഹുലിനെന്നും സരിന്‍ പറഞ്ഞിരുന്നു.

പ്രതിപക്ഷനേതാവ് വി.ഡി.സതീശന് ധാര്‍ഷ്ട്യമാണെന്നും താന്‍കോയ്മയാണെന്നും സതീശന്‍ ഏകാധിപതിയാണെന്നും സരിന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

സതീശന് ‘ഐ.ആം.ദി പാര്‍ട്ടി’ എന്ന ചിന്താഗതിയാണെന്നും താന്‍കോയ്മ, ധാര്‍ഷ്ട്യം, ധിക്കാരം എന്നിവ കൊണ്ടുനടക്കുന്ന ആളാണ് സതീശനെന്നും സരിന്‍ പറഞ്ഞിരുന്നു.

സതീശന്റെ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചാല്‍ 2026ല്‍ കോണ്‍ഗ്രസിന് പച്ച തൊടാന്‍ കഴിയില്ലെന്ന ആശങ്ക നിരവധി കോണ്‍ഗ്രസുകാര്‍ക്കുമുണ്ടെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Sarin out; Congress expelled P. Sarin