എസ്.എഫ്.ഐയുടെയും കോളേജിന്റെയും നടപടി ഉന്നതവിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ടിട്ടുള്ള ഒരാള്‍ക്കും ദഹിക്കുന്നതല്ല: ശാരദക്കുട്ടി
Kerala News
എസ്.എഫ്.ഐയുടെയും കോളേജിന്റെയും നടപടി ഉന്നതവിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ടിട്ടുള്ള ഒരാള്‍ക്കും ദഹിക്കുന്നതല്ല: ശാരദക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th June 2023, 9:24 am

തിരുവനന്തപുരം: കായംകുളം എം.എസ്.എം കോളേജില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ലജ്ജിപ്പിക്കുന്നതാണെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഉന്നതവിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ടിട്ടുള്ള ഒരാള്‍ക്കും ദഹിക്കാവുന്ന വസ്തുതകളോ ന്യായങ്ങളോ അല്ല എസ്.എഫ്.ഐയുടെയും കോളേജ് അധികാരികളുടെയും നടപടികളിലും സംസാരത്തിലുമുള്ളതെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

റഗുലറായി അവിടെ പഠിച്ചിരുന്ന സമയത്ത് തന്നെ വളരെ ദൂരെ മറ്റൊരു സര്‍വ്വകലാശാലയില്‍ ഇതേ കോഴ്‌സില്‍ തന്നെ റഗുലറായി പഠിച്ച് ജയിച്ച ‘സര്‍ട്ടിഫിക്കറ്റ്’ ഹാജരാക്കുകയും പഠിപ്പിച്ച അധ്യാപകരും കോളേജും അത് സ്വീകരിച്ച് നിഖിലിന് എം.കോമിന് പ്രവേശനം നല്‍കി എന്നതും അമ്പരപ്പിക്കുന്നതാണെന്നും ശാരദക്കുട്ടി പറഞ്ഞു.

‘കായംകുളം എം.എസ്.എം കോളേജില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ലജ്ജിപ്പിക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസരംഗവുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടിട്ടുള്ള ഒരാള്‍ക്കും ദഹിക്കാവുന്ന വസ്തുതകളോ ന്യായങ്ങളോ അല്ല എസ്.എഫ്.ഐ നേതൃത്വത്തിന്റെയും കോളേജ് അധികാരികളുടെയും നടപടികളിലും സംസാരത്തിലും ഉള്ളത്.

മൂന്നു വര്‍ഷം അവിടെ ബി.കോം പഠിച്ച വിദ്യാര്‍ഥി നേതാവുകൂടിയായ ഒരാള്‍ തോറ്റതാണോ ജയിച്ചതാണോ എന്ന് പോലും ഡിപ്പാര്‍ട്‌മെന്റ് ഹെഡിനോ മറ്റ് അധ്യാപകര്‍ക്കോ അറിയില്ല എന്ന് പറഞ്ഞാല്‍ ഏതു കോത്താഴത്താണ് അത് വിലപ്പോവുക?

റഗുലറായി അവിടെ പഠിച്ചിരുന്ന സമയത്ത് തന്നെ വളരെ ദൂരെ മറ്റൊരു സര്‍വ്വകലാശാലയില്‍ ഇതേ കോഴ്‌സില്‍ തന്നെ റഗുലറായി പഠിച്ച് ജയിച്ച ‘സര്‍ട്ടിഫിക്കറ്റ്’ ഹാജരാക്കുകയും പഠിപ്പിച്ച അധ്യാപകരും കോളേജും അത് സ്വീകരിച്ച് നിഖിലിന് എം.കോമിന് പ്രവേശനം നല്‍കി എന്നതും അമ്പരപ്പിക്കുന്ന സംഗതി തന്നെ,’ ശാരദക്കുട്ടി പറഞ്ഞു.

ആരോപണങ്ങള്‍ വസ്തുനിഷ്ഠമാകുമ്പോള്‍ അവയെ പ്രതിരോധിക്കേണ്ടത് വസ്തുനിഷ്ഠമായി തെളിവുകള്‍ നിരത്തിയാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ആരോപണങ്ങള്‍ വസ്തുനിഷ്ഠമാകുമ്പോള്‍ അവയെ പ്രതിരോധിക്കേണ്ടത് വസ്തുനിഷ്ഠമായി തെളിവുകള്‍ നിരത്തിത്തന്നെ വേണം. അല്ലാതെ, സ്ത്രീയായത് കൊണ്ടാണ്, അബലയായത് കൊണ്ടാണ്, നിഷ്‌കളങ്കയായത് കൊണ്ട് പറ്റിയതാണ്, അവര്‍ക്കതിന്റെ ആവശ്യമുണ്ടായിരുന്നില്ല, മാഫിയയില്‍ പെട്ടു പോയതാണ് എന്നെല്ലാം പറഞ്ഞ് ന്യായീകരിച്ച് പരിഹാസ്യരാവുകയല്ല വേണ്ടത്.

വിദ്യാര്‍ഥികളുടെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ടിരുന്ന ഒരു സംഘടനയാണ് എനിക്കറിയുമായിരുന്ന എസ്.എഫ്.ഐ. അവരുടെ നീതി ഉറപ്പാക്കി കിട്ടാനായി ഡിപാര്‍ട്ട്‌മെന്റിനെയും പ്രിന്‍സിപ്പാളിനെയും മാനേജ്‌മെന്റിനെയും ഒക്കെ ചോദ്യം ചെയ്യുകയും ഭരണം സ്തംഭിപ്പിക്കുകയും ഒക്കെ ചെയ്തിരുന്ന സംഘടനയാണ് എസ്.എഫ്.ഐ. പലപ്പോഴും തങ്ങളുടെ പ്രസക്തി ശക്തമായി തെളിയിച്ചിട്ടുമുണ്ട്,’ ശാരദക്കുട്ടി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കായംകുളം എം.എസ്.എം കോളേജില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ലജ്ജിപ്പിക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസരംഗവുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടിട്ടുള്ള ഒരാള്‍ക്കും ദഹിക്കാവുന്ന വസ്തുതകളോ ന്യായങ്ങളോ അല്ല എസ്.എഫ്.ഐ നേതൃത്വത്തിന്റെയും കോളേജ് അധികാരികളുടെയും നടപടികളിലും സംസാരത്തിലും ഉള്ളത്.

മൂന്നു വര്‍ഷം അവിടെ ബി.കോം പഠിച്ച വിദ്യാര്‍ഥി നേതാവുകൂടിയായ ഒരാള്‍ തോറ്റതാണോ ജയിച്ചതാണോ എന്ന് പോലും ഡിപ്പാര്‍ട്‌മെന്റ് ഹെഡിനോ മറ്റ് അധ്യാപകര്‍ക്കോ അറിയില്ല എന്ന് പറഞ്ഞാല്‍ ഏതു കോത്താഴത്താണ് അത് വിലപ്പോവുക?

റഗുലറായി അവിടെ പഠിച്ചിരുന്ന സമയത്ത് തന്നെ വളരെ ദൂരെ മറ്റൊരു സര്‍വ്വകലാശാലയില്‍ ഇതേ കോഴ്‌സില്‍ തന്നെ റഗുലറായി പഠിച്ച് ജയിച്ച ‘സര്‍ട്ടിഫിക്കറ്റ്’ ഹാജരാക്കുകയും പഠിപ്പിച്ച അധ്യാപകരും കോളേജും അത് സ്വീകരിച്ച് നിഖിലിന് എം.കോമിന് പ്രവേശനം നല്‍കി എന്നതും അമ്പരപ്പിക്കുന്ന സംഗതി തന്നെ.

ഇതൊക്കെ നോട്ടപ്പിശകോ യാദൃശ്ചികതയോ ആണെന്ന് പറഞ്ഞാല്‍ അത് വിഴുങ്ങാന്‍ പ്രയാസമുണ്ട്.
ഭരിക്കുന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ട അധ്യാപകരും വിദ്യാര്‍ഥികളും ഗവേഷകരും എഴുത്തുകാരും മുതല്‍ താഴേക്ക് ഉള്ളവര്‍ വരെ തുടര്‍ച്ചയായി നേരിടുന്ന ഇത്തരം ആക്ഷേപങ്ങള്‍ നിസാരമായി കണ്ട് തള്ളിക്കളയേണ്ടതല്ല.

ആരോപണങ്ങള്‍ വസ്തുനിഷ്ഠമാകുമ്പോള്‍ അവയെ പ്രതിരോധിക്കേണ്ടത് വസ്തുനിഷ്ഠമായി തെളിവുകള്‍ നിരത്തിത്തന്നെ വേണം. അല്ലാതെ, സ്ത്രീയായത് കൊണ്ടാണ് , അബലയായത് കൊണ്ടാണ് , നിഷ്‌കളങ്കയായത് കൊണ്ട് പറ്റിയതാണ്, അവര്‍ക്കതിന്റെ ആവശ്യമുണ്ടായിരുന്നില്ല, മാഫിയയില്‍ പെട്ടു പോയതാണ് എന്നെല്ലാം പറഞ്ഞ് ന്യായീകരിച്ച് പരിഹാസ്യരാവുകയല്ല വേണ്ടത്.

വിദ്യാര്‍ഥികളുടെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ടിരുന്ന ഒരു സംഘടനയാണ് എനിക്കറിയുമായിരുന്ന എസ്.എഫ്.ഐ. അവരുടെ നീതി ഉറപ്പാക്കി കിട്ടാനായി ഡിപാര്‍ട്ട്‌മെന്റിനെയും പ്രിന്‍സിപ്പാളിനെയും മാനേജ്‌മെന്റിനെയും ഒക്കെ ചോദ്യം ചെയ്യുകയും ഭരണം സ്തംഭിപ്പിക്കുകയും ഒക്കെ ചെയ്തിരുന്ന സംഘടനയാണ് എസ്.എഫ്.ഐ. പലപ്പോഴും തങ്ങളുടെ പ്രസക്തി ശക്തമായി തെളിയിച്ചിട്ടുമുണ്ട്.

ഇന്നെന്താണ് സംഭവിക്കുന്നതെന്ന് സ്വയം വിലയിരുത്തുകയും ലജ്ജിച്ചു തലകുനിക്കുകയും ചെയ്യുന്ന കുറച്ച് വിദ്യാര്‍ഥികളെങ്കിലും ഈ സംഘടനയില്‍ ശേഷിക്കുന്നില്ലേ? നിര്‍ഭയരായി തങ്ങളുടെ നേതൃത്വത്തിന്റെ വെളിവുകേടുകള്‍ക്കെതിരെ ശബ്ദിക്കുവാന്‍ അവര്‍ക്കു ന്യായമായും ഭയമാകുന്നുണ്ടാകും.
ഇതെഴുതുമ്പോള്‍ എനിക്കു കൂടി ഭയമുണ്ട്. അണികളുടെ ലൈക്കോ തെറി വിളികളോ കൊണ്ട് ഇത്തരം സംഭവങ്ങളെ നേരിട്ട് കളയാമെന്ന് വ്യാമോഹിക്കുന്നത് ഒരു ഗതകാലമോഹം മാത്രമാണ്.

content highlights: SARADHAKKUTTY ABOUT NIKHIL THOMAS ISSUE