മലയാളത്തിലെ അതുല്യ നടൻ മധുവിനെ കുറിച്ച് സംസാരിക്കുകയാണ് നടി ശാരദ. സിനിമയുടെ മാസ്റ്ററാണ് മധുവെന്നും നാല്പത് വർഷത്തിലേറെ നീണ്ട സൗഹൃദം ഇരുവർക്കുമിടയിൽ ഉണ്ടെന്നും ശാരദ പറയുന്നു. മലയാള സിനിമയുടെ ചരിത്രമാണെന്ന് മധുവിനെ വിശേഷിപ്പിക്കാമെന്നും സത്യനും പ്രേം നസീറിനും മധുവിനും ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചുവെന്നത് തന്റെ പുണ്യമാണെന്നും ശാരദ പറഞ്ഞു.
സെറ്റിൽ വെച്ച് കാണുമ്പോഴെല്ലാം സൗമ്യനായ, മാന്യനായ നടനും വ്യക്തിയുമായിരുന്നു അദ്ദേഹമെന്നും ഗൗരവക്കാരനായ തമാശക്കാരൻ ആണെന്നും നടി കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശാരദ.
‘സിനിമയുടെ മാസ്റ്ററാണ് മധുസാർ. നാല്പത് വർഷത്തിലേറെ നീണ്ട ഞങ്ങളുടെ സൗഹൃദത്തിൽ നിന്ന് ഞാൻ മാനസിലാക്കിയ മധു സാർ ഒരുപാടൊരുപാട് സവിശേഷതകളുള്ള വ്യക്തിത്വമാണ്. മലയാള സിനിമയുടെ വലിയൊരു ചരിത്രമെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം.
സത്യനും പ്രേം നസീറിനും മധുവിനും ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചുവെന്നത് എന്റെ പുണ്യമാണ്.
സഹപ്രവർത്തക എന്ന നിലയിൽ നാല് പതിറ്റാണ്ടിലധികമായി നിലനിന്നുപോരുന്ന ഒരു ബന്ധമാണ് ഞങ്ങളുടെതെന്ന് പറയാൻ എനിക്കഭിമാനമുണ്ട്. മധു സാറിനൊപ്പം അഭിനയിക്കുന്നതിന് മുമ്പ് തന്നെ ഞാനദ്ദേഹത്തെക്കുറിച്ച് അറിഞ്ഞിരുന്നു. 1971ൽ ‘ആഭിജാത്യ’ത്തിലൂടെയാണ് ഞങ്ങളൊരുമി ക്കുന്നത്. അക്കാലത്തെ ഏറ്റവും വലിയ വിജയം കണ്ട ചിത്രമായിരുന്നു അത്. മധു ശാരദ ജോടിയുടെ തുടക്കവും അവിടെയാവും. അതിനുശേഷം നിരവധി ചിത്രങ്ങളിൽ അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാനുള്ള അവസരമുണ്ടായി.
എത്രയോ ഹിറ്റ് ചിത്രങ്ങൾ അതിലുണ്ടായിരുന്നു. സെറ്റിൽ വെച്ച് കാണുമ്പോഴും വളരെ സൗമ്യനായ, വളരെ മാന്യനായ ഒരു നടൻ, വ്യക്തി എന്നെനിക്ക് തോന്നിയിരുന്നു. അല്പം ഗൗരവക്കാരനോ എന്നൊരു സംശയവും എനിക്കുണ്ടായി.
പോകപ്പോകെ ഞാനറിഞ്ഞു, ഗൗരവക്കാരനായ തമാശക്കാരനെന്ന ആ സത്യവും. സെറ്റിൽ അതിഗംഭീരമായ തമാശയുടെ മാലപ്പടക്കം പൊട്ടിക്കുന്ന മധു സാർ ഒരിക്കൽപോലും ചിരിച്ചിരുന്നില്ല. ഗൗരവത്തിലാവും തമാശപൊട്ടിക്കുക. മറ്റുള്ളവർ ചിരിച്ച് വശംകെടും. അപ്പോൾ അദ്ദേഹം അടുത്ത തമാശയ്ക്ക് വഴികണ്ടെത്തുകയാവും,’ ശാരദ പറയുന്നു.
Content Highlight: Sarada talks about Madhu