നവാഗത സംവിധായകനുള്ള കിഷോര്‍ കുമാര്‍ പുരസ്‌കാരം 'ആര്‍ക്കറിയാം' സംവിധായകന്‍ സനു ജോണ്‍ വര്‍ഗീസിന്
Movie Day
നവാഗത സംവിധായകനുള്ള കിഷോര്‍ കുമാര്‍ പുരസ്‌കാരം 'ആര്‍ക്കറിയാം' സംവിധായകന്‍ സനു ജോണ്‍ വര്‍ഗീസിന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th March 2022, 6:28 pm

തിരുവനന്തപുരം: മികച്ച നവാഗത സംവിധായകനുള്ള പ്രഥമ കിഷോര്‍ കുമാര്‍ പുരസ്‌കാരം ‘ആര്‍ക്കറിയാം’ സംവിധാനം ചെയ്ത സനു ജോണ്‍ വര്‍ഗീസിന്. ഫിലിം സൊസൈറ്റി സംഘാടകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കിഷോര്‍ കുമാറിന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം തൃപ്രയാര്‍ ജനചിത്ര ഫിലിം സൊസൈറ്റി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

25000 രൂപയും പ്രശസ്ത ശില്പി ടി.പി. പ്രേംജി രൂപകല്‍പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

2022 ഏപ്രില്‍ 3ന് തൃപ്രയാര്‍ ശ്രീരാമ തിയേറ്ററില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വെച്ച് ‘പട’ സിനിമയുടെ സംവിധായകന്‍ കെ.എം.കമല്‍ സമ്മാനിക്കും. സംവിധായകന്‍ സജിന്‍ ബാബുവും കവിയും തിരക്കഥാകൃത്തുമായ പി.എന്‍. ഗോപീകൃഷ്ണനും കഥാകാരനും തിരക്കഥാകൃത്തുമായ പി.എസ്. റഫീക്കും അടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ബിജുമേനോന്‍, പാര്‍വതി, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ആര്‍ക്കറിയാം.

സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റ്സിന്റെയും, ഒ.പി.എം ഡ്രീമില്‍ സിനിമാസിന്റെയും ബാനറില്‍ സന്തോഷ് ടി കുരുവിളയും, ആഷിഖ് അബുവുമാണ്.
മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദനനും ചേര്‍ന്നാണ്.