IPL 2023; ആ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഫാഫ് ഡു പ്ലെസിസിനെക്കാളും ബഹുദൂരം മുമ്പില്‍ സഞ്ജു, മാക്‌സിയും രാജസ്ഥാന്‍ നായകന് പിന്നില്‍
IPL
IPL 2023; ആ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഫാഫ് ഡു പ്ലെസിസിനെക്കാളും ബഹുദൂരം മുമ്പില്‍ സഞ്ജു, മാക്‌സിയും രാജസ്ഥാന്‍ നായകന് പിന്നില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th May 2023, 7:01 pm

ഫോം ഔട്ടിന്റെ പിടിയില്‍ നിന്നും പുറത്തുവരാനുള്ള ശ്രമത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ വെടിക്കെട്ടുമായി താരം തന്റെ ക്ലാസ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരുന്നു. ഇതോടെ ആരാധകരുടെ പ്രതീക്ഷകളും വാനോളമുയര്‍ന്നിരിക്കുകയാണ്.

38 പന്തില്‍ നിന്നും അഞ്ച് സിക്‌സറിന്റെയും നാല് ബൗണ്ടറിയുടെയും അകമ്പടിയോടെ 66 റണ്‍സാണ് സഞ്ജു ഓറഞ്ച് ആര്‍മിക്കെതിരെ അടിച്ചുകൂട്ടിയത്. സണ്‍റൈസേഴ്‌സിനെതിരായ മത്സരങ്ങളില്‍ തുടര്‍ച്ചയായ നാലാം അര്‍ധ സെഞ്ച്വറിയാണ് എസ്.എം.എസ്സില്‍ പിറന്നത്.

 

സീസണില്‍ നേരത്തെ ഇരുവരും ഏറ്റുമുട്ടിയപ്പോഴും സഞ്ജു തകര്‍ത്തടിച്ചിരുന്നു. 32 പന്തില്‍ നിന്നും നാല് സിക്‌സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 55 റണ്‍സാണ് രാജസ്ഥാന്‍ നായകന്‍ നേടിയത്.

ബൗണ്ടറികളേക്കാളേറെ സിക്‌സറടിക്കാന്‍ ഇഷ്ടപ്പെടുന്ന സഞ്ജു സീസണില്‍ 19 തവണയാണ് പന്ത് അതിര്‍ത്തി കടത്തിയത്. ഇതില്‍ 14 സിക്‌സറും സ്പിന്നര്‍മാര്‍ക്കെതിരെയായിരുന്നു.

സ്പിന്നര്‍മാര്‍ക്കെതിരെ സിക്‌സറിലൂടെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് സഞ്ജു. 16 സിക്‌സറുമായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വെടിക്കെട്ട് വീരന്‍ ശിവം ദുബെയാണ് പട്ടികയിലെ ഒന്നാമന്‍. 13 സിക്‌സറുമായി റോയല്‍ ചലഞ്ചേഴ്‌സിന്റെ നെടുംതൂണായ ഗ്ലെന്‍ മാക്‌സ്‌വെല്‍ മൂന്നാമനായി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

 

ഇന്ന് കൊല്‍ക്കത്തക്കെതിരെ നടക്കുന്ന മത്സരത്തില്‍ പടുകൂറ്റന്‍ സിക്‌സറുകള്‍ പായിച്ച് സഞ്ജു ഈ പട്ടികയില്‍ ഒന്നാമതെത്തുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

സഞ്ജുവിനെയും രാജസ്ഥാന്‍ റോയല്‍സിനെയും സംബന്ധിച്ച് ഈ മത്സരം അത്രത്തോളം നിര്‍ണായകമാണ്. കൊല്‍ക്കത്തക്കെതിരെ അവരുടെ കളിത്തട്ടകത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ടീമിന്റെ ഐ.പി.എല്‍ യാത്ര ഇതോടെ അവസാനിക്കും.

 

 

Content Highlight: Sanju Samson with second most sixes against spinners