ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ 12 റണ്‍സിന് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് സീസണിലെ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്.
രാജസ്ഥാന്‍ ബാറ്റിങ്ങിന്റെ തുടക്കത്തില്‍ ടോപ്പ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ രക്ഷകനായി എത്തിയത് റിയാന്‍ പരാഗ് ആയിരുന്നു. മെല്ലെ ഇന്നിങ്‌സ് തുടങ്ങിയ പരാഗ് പിന്നീട് തകര്‍ത്തടിക്കുകയായിരുന്നു.
45 പന്തില്‍ പുറത്താവാതെ 84 റണ്‍സ് നേടിക്കൊണ്ടായിരുന്നു പരാഗിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ഏഴ് ഫോറുകളും ആറു കൂറ്റന്‍ സിക്സുകളും ആണ് താരം നേടിയത്. 186.67 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു പരാഗ് ബാറ്റ് വീശിയത്.
‘റിയാന്‍ പരാഗ് ഞങ്ങളുടെ ഏറ്റവും മികച്ച ഒരു താരമാണ്. അവന്റെ പേര് കേരളത്തിലെ ഓരോരുത്തരും എടുത്തുപറയുന്നു. രാജസ്ഥാന് വേണ്ടി അവന്‍ നടത്തിയ മികച്ച പ്രകടനങ്ങള്‍ കണ്ട് ആവേശഭരിതരായ കേരളത്തിലെ ആളുകള്‍ അവനെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ എന്നോട് ചോദിക്കുന്നു.
പരാഗിന് തന്റെ ഈ മികച്ച ഫോം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവന്‍ അസാമാന്യ കഴിവുള്ള ഒരു പ്രതിഭയാണ് അതുകൊണ്ടുതന്നെ ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപാട് സംഭാവനകള്‍ ചെയ്യാന്‍ പരാഗിന് സാധിക്കും,’ സഞ്ജു സാംസണ്‍ മത്സരശേഷം പറഞ്ഞു.
അതേസമയം മത്സരത്തില്‍ ക്യാപ്പിറ്റല്‍സ് ബാറ്റിങ്ങില്‍ ഡേവിഡ് വാര്‍ണര്‍ 34 പന്തില്‍ 49 റണ്‍സും ട്രിസ്റ്റണ്‍ സ്റ്റബ്സ് 23 പന്തില്‍ 44 റണ്‍സും നേടി നിര്‍ണായകമായ പ്രകടനം നടത്തിയെങ്കിലും 12 റണ്‍സകലെ ദല്‍ഹിക്ക് വിജയം നഷ്ടമാവുകയായിരുന്നു.
റോയല്‍സ് ബൗളിങ്ങില്‍ നാന്ദ്ര ബര്‍ഗര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റും ആവേഷ് ഖാന്‍ ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ രാജസ്ഥാന്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ രണ്ടു മത്സരങ്ങളും വിജയിച്ച നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റോയല്‍സ്. ഏപ്രില്‍ ഒന്നിന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.