കാനഡക്കെതിരെ കളത്തിലിറങ്ങിയാൽ സഞ്ജുവിന് ഐതിഹാസികനേട്ടം കൈപ്പിടിയിലാക്കാം; സാംസൺ ഇന്നിറങ്ങുമോ?
Cricket
കാനഡക്കെതിരെ കളത്തിലിറങ്ങിയാൽ സഞ്ജുവിന് ഐതിഹാസികനേട്ടം കൈപ്പിടിയിലാക്കാം; സാംസൺ ഇന്നിറങ്ങുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th June 2024, 9:32 am

ഐ.സി.സി ടി-20 ലോകകപ്പില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ കാനഡയെയാണ് നേരിടുന്നത്. ഗ്രൂപ്പ് എ യില്‍ ഇതുവരെ തോല്‍വി അറിയാതെയാണ് ഇന്ത്യ കാനഡക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ അയര്‍ലാന്‍ഡിനെ ഏട്ട് വിക്കറ്റുകള്‍ക്കും പാകിസ്ഥാനെതിരെ ലോ സ്‌കോറിങ് ത്രില്ലറില്‍ ആറ് റണ്‍സിനും അമേരിക്കയെ ഏഴ് വിക്കറ്റുകള്‍ക്കും പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മയും സംഘവും കാനഡക്കെതിരെ കളത്തിലിറങ്ങുന്നത്.

മറുഭാഗത്ത് കാനഡ ഒരു വിജയവും രണ്ട് തോല്‍വിയുമായാണ് നാലാം മത്സരത്തിനിറങ്ങുന്നത്. യു.എസ്.എയോടും പാകിസ്ഥാനോടും ഏഴ് വിക്കറ്റുകള്‍ക്ക് കാനഡ പരാജയപ്പെട്ടപ്പോള്‍ അയര്‍ലാന്‍ഡിനെതിരെ 12 റണ്‍സിനായിരുന്നു കാനഡ ജയിച്ചുകയറിയത്.

മത്സരത്തില്‍ ഇന്ത്യയ്ക്കായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കളത്തിലിറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് ഇന്ത്യന്‍ പ്ലെയിന്‍ ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

ലോകകപ്പിനു മുന്നോടിയായി നടന്ന ബംഗ്ലാദേശുമാള്ള സന്നാഹ മത്സരത്തില്‍ ആയിരുന്നു സഞ്ജു കളത്തില്‍ ഇറങ്ങിയത് ആ മത്സരത്തില്‍ ഒരു റണ്‍സ് നേടി കൊണ്ടാണ് താരം മടങ്ങിയത്. സെന്‍ട്രല്‍ ബ്രോവാര്‍ഡ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സഞ്ജു ഇറങ്ങുകയാണെങ്കില്‍  ടി-20യിൽ ഒരു പുത്തൻ നാഴികക്കല്ല് സൃഷ്ടിക്കാൻ സഞ്ജുവിന് സാധിക്കും.

കാനഡക്കെതിരെ രണ്ട് സിക്സുകള്‍ കൂടി നേടാന്‍ സഞ്ജുവിന് സാധിച്ചാല്‍ ടി-20 ക്രിക്കറ്റില്‍ 300 സിക്സുകള്‍ എന്ന നേട്ടത്തിലേക്ക് കാലെടുത്തുവെക്കാന്‍ സഞ്ജുവിന് സാധിക്കും.

ഇതിനോടകം തന്നെ 273 ടി-20 മത്സരങ്ങള്‍ കളിച്ച സഞ്ജു 298 സിക്സുകളാണ് അടിച്ചെടുത്തിട്ടുള്ളത്. രണ്ട് സിക്സുകള്‍ കൂടി നേടിയാല്‍ ടി-20യില്‍ 300 നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായി മാറാനും സഞ്ജുവിന് സാധിക്കും. 261 ഇന്നിങ്സില്‍ മൂന്ന് സെഞ്ച്വറികളും 45 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 6721 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്.

 

Content Highlight: Sanju Samson Chance to create a new Milestone in T20