''എനിക്ക് സത്യമുണ്ട്, ശക്തിയില്ല, നിങ്ങള്‍ക്ക് ശക്തിയുണ്ട്, സത്യമില്ല :സന്ധിയുടെ പ്രശ്നമേയില്ല, യുദ്ധം തുടങ്ങട്ടെ''; സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത കവിത
Kerala
''എനിക്ക് സത്യമുണ്ട്, ശക്തിയില്ല, നിങ്ങള്‍ക്ക് ശക്തിയുണ്ട്, സത്യമില്ല :സന്ധിയുടെ പ്രശ്നമേയില്ല, യുദ്ധം തുടങ്ങട്ടെ''; സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത കവിത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st June 2019, 11:47 am

കോഴിക്കോട്: ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിനെ 30 വര്‍ഷം മുന്‍പുള്ള കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച നടപടിയെ വിമര്‍ശിച്ച് കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന്‍ രംഗത്തെത്തിയിരുന്നു.

നീതിയ്ക്കും ന്യായത്തിനും സത്യത്തിനും വേണ്ടി നില്‍ക്കുന്ന ആളുകള്‍ ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നത് വരാനിരിക്കുന്ന ഭീകരമായ നാളുകളിലേക്കുള്ള ദുസൂചനയാണെന്നും മോദിസര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നുമായിരുന്നു സച്ചിദാനന്ദന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

2011 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ട് സഞ്ജീവ് ഭട്ട് എഴുതിയ തുറന്നകത്തില്‍  ബറോഡ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായിരുന്ന ഭുചുങ് സോനത്തിന്റേ ഒരു കവിത ഉദ്ധരിച്ചിരുന്നു.

‘ എനിക്ക് തത്ത്വദീക്ഷയുണ്ട്, അധികാരമില്ല നിങ്ങള്‍ക്ക് അധികാരമുണ്ട്, തത്ത്വദീക്ഷയില്ല” എന്ന ഈ കവിത മലയാളത്തില്‍ വിവര്‍ത്തനം ചെയ്തത് സച്ചിദാനന്ദനായിരുന്നു. സജ്ഞീവ് ഭട്ടിനെ ജീവപര്യന്തം തടവിന് വിധിച്ച കോടതി വിധി പുറത്തുവന്നതിന് പിന്നാലെ ഈ കവിതയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

“എനിക്ക് തത്ത്വദീക്ഷയുണ്ട്, അധികാരമില്ല
നിങ്ങള്‍ക്ക് അധികാരമുണ്ട്, തത്ത്വദീക്ഷയില്ല

നിങ്ങള്‍ നിങ്ങളും
ഞാന്‍ ഞാനും ആയതുകൊണ്ട്
സന്ധിയുടെ പ്രശ്നമേയില്ല

യുദ്ധം തുടങ്ങട്ടെ

എനിക്ക് സത്യമുണ്ട്, ശക്തിയില്ല
നിങ്ങള്‍ക്ക് ശക്തിയുണ്ട്, സത്യമില്ല

നിങ്ങള്‍ നിങ്ങളും
ഞാന്‍ ഞാനും ആയതുകൊണ്ട്
സന്ധിയുടെ പ്രശ്നമേയില്ല

യുദ്ധം തുടങ്ങട്ടെ.

നിങ്ങള്‍ക്കെന്റെ തലയോട് തകര്‍ക്കാം,
ഞാന്‍ പൊരുതും
നിങ്ങള്‍ക്കെന്റെ എല്ലുകള്‍ ഒടിക്കാം
ഞാന്‍ പൊരുതും

നിങ്ങള്‍ക്കെന്നെ ജീവനോടെ കുഴിച്ചുമൂടാം
ഞാന്‍ പൊരുതും

സത്യം എന്നിലൂടെ ഒഴുകുന്നതുകൊണ്ട്
ഞാന്‍ പൊരുതും

കരുത്തിന്‍റെ ഓരോ അണുവുംകൊണ്ട്
ഞാന്‍ പൊരുതും

അവസാനത്തെ മരണശ്വാസം വരെ
ഞാന്‍ പൊരുതും

നുണകള്‍ കൊണ്ട് നിങ്ങള്‍ പണിതുയര്‍ത്തിയ
കൊട്ടാരം നിലംപൊത്തും വരെ,

നിങ്ങള്‍ അസത്യങ്ങള്‍കൊണ്ട് പൂജിച്ച ചെകുത്താന്‍
എന്‍റെ സത്യത്തിന്‍റെ മാലാഖക്കു മുന്നില്‍ മുട്ടുകുത്തും വരെ…”

300 സാക്ഷികളില്‍ വിസ്തരിച്ചത് 32 പേരെ മാത്രം; കസ്റ്റഡി പീഡനം നടന്നില്ലെന്ന് പറഞ്ഞവരെ വിസ്തരിച്ചില്ല; ജീവപര്യന്തം തടവിന് ആധാരമായ കേസില്‍ സഞ്ജീവ് ഭട്ടിന്റെ വാദങ്ങള്‍