Entertainment
സ്വതസിദ്ധനായ നടന്‍; ക്യാമറ റോളായാല്‍ പിന്നെ അദ്ദേഹത്തില്‍ നിന്ന് എന്തുവേണമെങ്കിലും പ്രതീക്ഷിക്കാം: സംഗീത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 13, 03:50 am
Wednesday, 13th November 2024, 9:20 am

ബെന്നി പി. നായരമ്പലത്തിന്റെ രചനയില്‍ ജോഷി സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വാഴുന്നോര്‍. സുരേഷ് ഗോപി നായകനായ ഈ ആക്ഷന്‍ ത്രില്ലര്‍ സിനിമയില്‍ സംഗീതയായിരുന്നു നായിക. അവര്‍ക്ക് പുറമെ സംയുക്ത വര്‍മ, ജനാര്‍ദനന്‍, ജഗതി ശ്രീകുമാര്‍ എന്‍.എഫ്. വര്‍ഗീസ്, സിദ്ദിഖ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയ വലിയ താരനിരയായിരുന്നു ഒന്നിച്ചത്.

വാഴുന്നോര്‍ സിനിമയില്‍ സംവിധായകന്‍ ജോഷി പറഞ്ഞു തന്ന കാര്യങ്ങള്‍ അതേപടി ചെയ്യുകയായിരുന്നുവെന്ന് പറയുകയാണ് നടി സംഗീത. കുറേ ലെജന്‍ഡ്‌സിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ച ഒരു സിനിമയായിരുന്നു അതെന്നും നടന്‍ ജഗതി ശ്രീകുമാറിന്റെ കൂടെ അതിന് മുമ്പും വര്‍ക്ക് ചെയ്തിരുന്നെന്നും സംഗീത പറഞ്ഞു.

ജഗതി ഒരു സ്വതസിദ്ധനായ നടനാണെന്നും ക്യാമറ റോളായാല്‍ പിന്നെ അദ്ദേഹത്തില്‍ നിന്ന് എന്തുവേണമെങ്കിലും പ്രതീക്ഷിക്കാമെന്നും നടി കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ആനന്ദ് ശ്രീബാല’യുടെ പ്രൊമോഷന്റെ ഭാഗമായി വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംഗീത.

‘വാഴുന്നോര്‍ സിനിമയില്‍ ജോഷി സാര്‍ പറഞ്ഞു തന്ന കാര്യങ്ങള്‍ അതേപടി ചെയ്യുകയായിരുന്നു. ഞാന്‍ എപ്പോഴും ഡയറക്ടറിന്റെ ആര്‍ട്ടിസ്റ്റാണ്. കൂടെ അഭിനയിക്കുന്ന ആളുകളെ കുറിച്ചും അവരുടെ പേഴ്‌സണല്‍ കാര്യങ്ങളെ കുറിച്ചും അറിയാത്ത പ്രായമായിരുന്നു അത്.

കുറേ ലെജന്‍ഡ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ച ഒരു സിനിമ തന്നെയായിരുന്നു വാഴുന്നോര്‍. ജഗതി സാറിന്റെ കൂടെ ഞാന്‍ അതിന് മുമ്പും വര്‍ക്ക് ചെയ്തിരുന്നു. അദ്ദേഹം ഒരു സ്വതസിദ്ധനായ നടനല്ലേ. ക്യാമറ റോളായാല്‍ പിന്നെ അദ്ദേഹത്തില്‍ നിന്ന് എന്തുവേണമെങ്കിലും പ്രതീക്ഷിക്കാവുന്നതാണ്. നമ്മള്‍ അത് മനസിലാക്കി റിയാക്ട് ചെയ്യുക മാത്രമാണ് ചെയ്യേണ്ടത്,’ സംഗീത പറയുന്നു.


Content Highlight: Sangita Madhavan Talks About Jagathy Sreekumar And Vazhunnor Movie