ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നതിനിടയില്‍ ഹാത്രാസില്‍ നടന്ന ഒരു യോഗത്തിന്റെ വാര്‍ത്ത പുറത്തുവന്നിരുന്നു. സ്ഥലത്തെ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ നാലിന് നടന്ന ആ യോഗം, പെണ്‍കുട്ടിക്ക് വേണ്ടിയായിരുന്നില്ല, പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. പ്രതികള്‍ക്ക് നീതി ലഭിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഹാത്രാസ് കേസിലെ പ്രതികള്‍ക്കായി നടക്കുന്ന ആദ്യ യോഗമോ സമ്മേളനമോ അല്ലായിരുന്നു ഇത്. ദിവസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്ത് സമാനമായ പ്രതിഷേധസമരങ്ങളും നടന്നിരുന്നു.
ഈ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ചിലരെങ്കിലും കശ്മീരിലെ കത്വയിലെ പെണ്‍കുട്ടിയെ ഓര്‍ത്തുകാണണം. കാരണം അന്ന് ആ എട്ടുവയസ്സുകാരിയായ മുസ്ലിം പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊന്നവര്‍ക്ക് വേണ്ടി ബി.ജെ.പിക്കാരും സവര്‍ണ ഹിന്ദു വിഭാഗത്തില്‍ പെട്ടവരും തെരുവിലിറങ്ങി ത്രിവര്‍ണ പതാക ജാഥ തന്നെ സംഘടിപ്പിച്ചിരുന്നു.
അതേ വര്‍ഷം തന്നെയായിരുന്നു ജാര്‍ഖണ്ഡിലെ രാംഗറില്‍ ആള്‍ക്കൂട്ടാക്രമണക്കേസ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ ബി.ജെ.പി കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ പൂമാലയണിയിച്ച് അവരെ സ്വീകരിച്ച സംഭവവും നടന്നത്.
ബലാത്സംഗ-കൊലക്കേസുകളിലെ പ്രതികള്‍ക്ക് വേണ്ടി റാലിയും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നതും അവരുടെ മോചനത്തിനായി പ്രക്ഷോഭങ്ങള്‍ നടക്കുന്നതും ഇതിനെല്ലാം നേതൃത്വം കൊടുത്തുക്കൊണ്ട് ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയിലെ അംഗങ്ങള്‍ തന്നെ രംഗത്തുവരുന്നതും സമീപകാല ഇന്ത്യയിലെ ചില യാഥാര്‍ത്ഥ്യങ്ങളാണ്.
ഹാത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ള ബി.ജെ.പി നേതാവിന്റെ വീട്ടില്‍ വെച്ചായിരുന്നു പ്രതികള്‍ക്ക് നീതി ആവശ്യപ്പെട്ടുക്കൊണ്ടുള്ള യോഗം ഞായറാഴ്ച നടന്നത്. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ യോഗം ചേരല്‍. അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന പെണ്‍കുട്ടിയുടെ മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമം നടന്നതിന്റെ തെളിവുകളുണ്ടെന്നും എത്രയും വേഗം കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും ആദ്യം പരിശോധന നടത്തിയ അലിഗഡ് ആശുപത്രിയിലെ ഡോക്ടര്‍ ആവശ്യപ്പെട്ടതിന്റെ രേഖകളുണ്ടായിരുന്നു.
പ്രതികളിലൊരാളുടെ കുടുംബാംഗങ്ങളുള്‍പ്പെടെ 500ഓളം പേരാണ് ബി.ജെ.പി നേതാവ് രജ്വീര്‍ സിംഗ് പെഹെല്‍വാന്റെ വീട്ടില്‍ ഞായറാഴ്ച രാവിലെ ഒത്തുകൂടിയത്. കുറ്റവാളികള്‍ തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ടതാണെന്നും അവര്‍ കുറ്റം ചെയ്തിട്ടില്ലെന്നുമാണ് ഇവരുടെ വാദം. പാര്‍ട്ടി എന്ന രീതിയിലല്ല, സ്വന്തം നിലയ്ക്കാണ് താന്‍ യോഗത്തില്‍ പങ്കാളിയായതെന്നായിരുന്നു സംഭവം വിവാദമായതോടെ ബി.ജെ.പി നേതാവിന്റെ വിശദീകരണം.
പ്രതികള്‍ക്ക് നീതി ലഭിക്കണമെന്നു മാത്രമല്ലായിരുന്നു ഈ യോഗത്തില്‍ പങ്കെടുത്തവരുടെ ആവശ്യം, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ കേസെടുക്കണമെന്നും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
സവര്‍ണ വിഭാഗത്തില്‍പ്പെട്ടവര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി ഹാത്രാസ് പെണ്‍കുട്ടിയുടെ മാതാവ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ ശിക്ഷിക്കപ്പെട്ടാല്‍ തങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ ബന്ധുക്കളും പറഞ്ഞിരുന്നു.
സെപ്തംബര്‍ 14നായിരുന്നു ഹാത്രാസ് പെണ്‍കുട്ടി വീടിനടുത്ത് വെച്ച് ക്രൂര പീഡനത്തിനിരയാക്കപ്പെട്ടത്. പ്രതികള്‍ കുട്ടിയുടെ നാവ് മുറിച്ചുകളയുകയും നട്ടെല്ല് തകര്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സവര്‍ണ വിഭാഗമായ ഠാക്കുര്‍ സമുദായത്തില്‍ പെട്ടവരാണ് ഈ നാല് പേരും. സെപ്തംബര്‍ 29ന് കുട്ടി മരണപ്പെട്ടതിന് പിന്നാലെ ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തിയിരുന്നു. ഈ പ്രതികള്‍ക്ക് വേണ്ടി ഉത്തര്‍പ്രദേശില്‍ സവര്‍ണ പരിഷദ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധസമരം നടന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഒക്ടോബര്‍ രണ്ടിന് ഹാത്രാസിലെ ബൂല്‍ഗര്‍ഹി ഗ്രാമത്തില്‍ ഠാക്കുര്‍ സമുദായക്കാരായ നൂറ് കണക്കിന് ആളുകള്‍ പ്രതികള്‍ക്ക് നീതി ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്നും വെറും 500 മീറ്റര്‍ അകലെ വെച്ചായിരുന്നു ഈ സമരം.
ഹാത്രാസിലെ ഈ സംഭവങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവന്നതിനെ പിന്നാലെയാണ് 2018ല്‍ കശ്മീരിലെ കത്വയില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതും തുടര്‍ന്ന നടന്ന സംഭവങ്ങളും ഓര്‍മ്മിച്ചുക്കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയത്. അന്ന് ബി.ജെ.പിയടക്കമുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ഹിന്ദു ഏക്ത മഞ്ച് പ്രതികള്‍ക്ക് വേണ്ടി വ്യാപക പ്രതിഷേധങ്ങളാണ് സംഘടിപ്പിച്ചത്.
ത്രിവര്‍ണ പതാകയുമേന്തിയുള്ള നിരവധി റാലികള്‍ ആ വര്‍ഷം ഫെബ്രുവരിയിലും മാര്‍ച്ചിലും നടന്നു. ഇപ്പോള്‍ ഹാത്രാസില്‍ പ്രതികള്‍ക്ക് വേണ്ടി നടക്കുന്ന സമരങ്ങള്‍ക്ക് സമാനമായി രീതിയില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്നും തങ്ങളുടെ സമുദായത്തില്‍ പെട്ടവരെ കുടുക്കാനുള്ള നീക്കമാണെന്നുമൊക്കെയുള്ള വാദങ്ങളായിരുന്നു കത്വയില്‍ ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തിയത്. 5000 പേരോളമായിരുന്നു ഏക്ത മഞ്ചിന്റെ സമരങ്ങളില്‍ അണിനിരന്നതെന്ന് സംസ്ഥാന ബി.ജെ.പി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.
ഹിന്ദു ഏക്ത മഞ്ച് നടത്തിയ റാലിയില്‍ ബി.ജെ.പിയുടെ രണ്ട് സംസ്ഥാന മന്ത്രിമാരും പങ്കെടുത്തിരുന്നു. വനം വകുപ്പ് മന്ത്രി ചൗധരി ലാല്‍ സിംഗും വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി ചന്ദേര്‍ പ്രകാശ് ഗംഗയും. റാലിയെ അഭിസംബോധന ചെയ്തുക്കൊണ്ട് അന്ന് ഇരുവരും നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ ജംഗിള്‍ രാജെന്നായിരുന്നു ചന്ദേര്‍ പ്രകാശ് ഗംഗ വിശേഷിപ്പിച്ചത്. ഏതോ ഒരു പെണ്‍കുട്ടി മരിച്ചതിന് എന്തിനാണ് ഇത്രയും അന്വേഷണം. കുറെ സ്ത്രീകള്‍ ഇവിടെ മുന്‍പും മരിച്ചിട്ടുണ്ടല്ലോ എന്നായിരുന്നു ചൗധരി ലാല്‍ പ്രസംഗിച്ചത്. നിലക്കാത്ത കയ്യടികളോട് കൂടിയായിരുന്നു ചുറ്റും കൂടിയവര്‍ ഈ വാക്കുകള്‍ ഏറ്റെടുത്തത്. അന്ന് സഖ്യകക്ഷിയായ പി.ഡി.പിയില്‍ നിന്നുള്‍പ്പെടെ ശ്ക്തമായ പ്രതിഷേധമുയര്‍ന്നെങ്കിലും റാലികളും പ്രതിഷേധവും തടസ്സമില്ലാതെ തുടര്‍ന്നു.
ഹാത്രാസില്‍ പ്രതികളെ രക്ഷിക്കാന്‍ ബി.ജെ.പി നേതാവ് നടത്തിയ നടപടികളെ വിമര്‍ശിച്ച് രംഗത്തെത്തിയ മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ ചില കാര്യങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു.
ബലാത്സംഗ കേസിലെ പ്രതികളെ പിന്തുണച്ച് സവര്‍ണ ജാതിക്കാരുടെ പൊതുയോഗം കൊവിഡ് ആണെങ്കിലും അല്ലെങ്കിലും പൊലീസും യു.പി സര്‍ക്കാറും അനുവദിക്കുകയും അതേസമയം ഗ്രാമത്തിലേക്ക് മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്ക് പോലും പ്രവേശനം നിഷേധിക്കുകയും ചെയ്യുന്ന യോഗി ആരുടെ കൂടെയാണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയുമെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.
യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനെ പരാമര്‍ശിച്ചുക്കൊണ്ട് നടത്തിയ ഈ പ്രസ്താവന ഉത്തര്‍പ്രദേശില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല, ഇന്നത്ത ഇന്ത്യയുടെ രാഷ്ട്രീയ പരിച്ഛേദം തന്നെയാണ് യു.പി.
ആസൂത്രിത കലാപങ്ങള്‍, വംശഹത്യകള്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, സ്ത്രീ പീഡനങ്ങള്‍, ശാരീരിക കയ്യേറ്റങ്ങള്‍ തുടങ്ങി 2014ല്‍ സംഘപരിവാര്‍ ഇന്ത്യയുടെ രാഷ്ട്രീയാധികാരത്തിലെത്തിയതിന് ശേഷം ദളിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ നടന്ന എണ്ണമറ്റ അതിക്രമങ്ങളില്‍ രാജ്യത്തെ ഭരണകൂടം അക്രമികള്‍ക്കൊപ്പമായിരുന്നു. അവരുടെ രാഷ്ട്രീയത്തോടൊപ്പമായിരുന്നു.
അങ്ങേയറ്റം ക്രൂരമായ ഹാത്രാസ് സംഭവത്തില്‍ ദേശവ്യാപകമായി പ്രതിഷേധങ്ങളുയരുന്നതിനിടയിലും ഇരകളെ വീണ്ടും അപമാനിക്കുകയും പ്രതികള്‍ക്ക് വേണ്ടി സംഘടിക്കുകയും ചെയ്യുന്നവരുടെ കയ്യിലാണ് രാജ്യാധികാരം എന്നത് സമൂഹ മനസ്സാക്ഷിയെ വീണ്ടും ഭയപ്പെടുത്തുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ