'ഭക്ഷണം കഴിച്ച ഹോട്ടലില്‍ ചെന്ന് ഞാന്‍ മാംസം കഴിക്കുന്നുണ്ടോ എന്നും അവര്‍ ചോദിക്കുമായിരുന്നു'; സംഘപരിവാര്‍ വിലക്കിയ ദളിത് സോപാനം ഗായകന്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു
Kerala News
'ഭക്ഷണം കഴിച്ച ഹോട്ടലില്‍ ചെന്ന് ഞാന്‍ മാംസം കഴിക്കുന്നുണ്ടോ എന്നും അവര്‍ ചോദിക്കുമായിരുന്നു'; സംഘപരിവാര്‍ വിലക്കിയ ദളിത് സോപാനം ഗായകന്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു
രോഷ്‌നി രാജന്‍.എ
Monday, 10th February 2020, 6:44 pm

കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചേരാനല്ലൂര്‍ ശ്രീ കാര്‍ത്യായനി ഭഗവതി ക്ഷേത്രത്തില്‍ പട്ടിക വിഭാഗക്കാരനായ സോപാനം ഗായകന്‍ വിനില്‍ ദാസിനെതിരെ സംഘപരിവാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. താന്‍ നേരിട്ട ജാതിഅധിക്ഷേപങ്ങളെക്കുറിച്ചും വിലക്കിനെക്കുറിച്ചും ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് കോട്ടുവള്ളി സ്വദേശി വിനില്‍ ദാസ്.

ചേരാനല്ലൂര്‍ ശ്രീ കാര്‍ത്യായനി ക്ഷേത്രത്തില്‍ സോപാനം ഗായകനായി വിനില്‍ ദാസ് നിയമിതനാവുന്നത് എപ്പോഴാണ്?

ജൂലൈയിലാണ് ഞാന്‍ കാര്‍ത്യായനി ക്ഷേത്രത്തില്‍ സോപാനം ഗായകനായി നിയമിതനാവുന്നത്. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ സംവരണാടിസ്ഥാനത്തിലാണ് ജോലി ലഭിച്ചത്. 21ാം റാങ്ക് ആയതിനാല്‍ ആദ്യം നിയമനം ലഭിച്ചിരുന്നില്ല. പിന്നീട് ഒഴിവുകള്‍ വന്നതിലേക്ക് നിയമനം ലഭിക്കാനായി ഞാന്‍ ഹൈക്കാടതിയെ സമീപിക്കുകയായിരുന്നു. അതിന്റെ ഫലമായാണ് ജൂലൈ 20ന് നിയമിതനാവുന്നത്.

ജോലിയ്ക്കായി ക്ഷേത്രത്തില്‍ വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കുറച്ച് ആളുകള്‍ ഫോണില്‍ വിളിച്ച് എന്നെ ഭീഷണിപ്പെടുത്തി. ഏലൂര്‍ ബിജു എന്നയാളാണ് ക്ഷേത്രത്തില്‍ സ്ഥിരമായി സോപാനം പാടുന്നതെന്നും എന്നോട് ജോലിയില്‍ പ്രവേശിക്കരുതെന്നും അവര്‍ പറഞ്ഞു. ക്ഷേത്ര സമിതിയിലുള്ള ആളുകളില്‍ നിന്നാണ് കൂടുതല്‍ ഭീഷണിയുണ്ടായത്. ഭീഷണിയെ വക വെക്കാതെ ഞാന്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

ജോലിയില്‍ പ്രവേശിച്ചതിന് ശേഷം ക്ഷേത്ര സമിതിക്കാര്‍ വിനില്‍ ദാസിന് നേരെ വിലക്കേര്‍പ്പെടുത്തുകയായിരുന്നോ?

ജോലിയില്‍ പ്രവേശിച്ചതിന് ശേഷവും ക്ഷേത്രസമിതിക്കാര്‍ മോശമായാണ് എന്നോട് പെരുമാറിയത്. അവര്‍ എന്റെ ബൈക്കിന്റെ സീറ്റ് കുത്തിക്കീറുകയും ടയര്‍ പഞ്ചറാക്കുകയും ചെയ്തു. വിശ്രമിക്കാനും വസ്ത്രം മാറാനുമുള്ള മുറി പൂട്ടിയിട്ടു. വസ്ത്രങ്ങള്‍ മുറിക്ക് പുറത്താണ് ഞാന്‍ തൂക്കിയിട്ടിരുന്നത്. ജോലിയുടെ ഇടവേളകളില്‍ വിശ്രമിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിരന്തരമായി ജാതി അധിക്ഷേപങ്ങളും ക്ഷേത്രസമിതിക്കാര്‍ നടത്തിയിരുന്നു. ശീവേലി സമയത്ത് പാടുന്നതിന്റെ ദൃശ്യങ്ങള്‍ അവര്‍ വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ മോശമായ രീതിയില്‍ പ്രചരിപ്പിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയ ജാതി അധിക്ഷേപങ്ങളാണ് ഞാന്‍ നേരിട്ടത്.

ഇതിനെല്ലാം ശേഷം ക്ഷേത്രത്തില്‍ സോപാനം പാടുന്നതില്‍ നിന്നും വിലക്കുകയായിരുന്നു. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് മറ്റൊരാളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുകയാണെന്ന് പറഞ്ഞ് എന്നോട് നിര്‍ബന്ധിത ലീവ് എടുക്കാന്‍ സമിതിക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

വിലക്കേര്‍പ്പെടുത്താന്‍ കാരണമായി സംഘപരിവാര്‍ അംഗങ്ങള്‍ ഉന്നയിച്ചതെന്തൊക്കെയായിരുന്നു?

ഞാന്‍ ജോലിക്ക് കൃത്യമായി വരുന്നില്ലെന്നും എനിക്ക് സോപാനം പാടാന്‍ അറിയില്ലെന്നുമാണ് അവര്‍ പറഞ്ഞത്. ഇത്തരം കള്ളപരാതികള്‍ അവര്‍ മുഖ്യമന്ത്രിക്കും അയച്ചു. എന്നാല്‍ പ്രൊബേഷന്‍ കാലയളവില്‍ ഒരു ദിവസം പോലും ജോലി മുടക്കിയിട്ടില്ലാത്ത ആളാണ് ഞാന്‍. സോപാനം പാടുന്ന കാര്യത്തിലും ഒരു വീഴ്ചയും ഇതുവരെ വരുത്തിയിട്ടില്ല. എല്ലാവര്‍ക്കും യേശുദാസിനെപ്പോലെ പാടാന്‍ കഴിയുകയില്ലല്ലോ.

അമ്പലത്തിലെ ചടങ്ങുകളെല്ലാം ഞാന്‍ മുടങ്ങാതെ ചെയ്യുന്നുണ്ട്. അത് സി.സി.ടി.വി പരിശോധിച്ചാല്‍ മനസ്സിലാവുന്ന കാര്യങ്ങളാണ്. തുടര്‍ന്നങ്ങോട്ട് ഉപദ്രവങ്ങള്‍ രൂക്ഷമാവുകയായിരുന്നു.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിന്നുള്ള ആദ്യ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സോപാനം ഗായകനാണ് ഞാന്‍. അതിന്റെ എല്ലാ ദേഷ്യവും അവര്‍ക്ക് എന്നോടുണ്ടായിരുന്നു. അവര്‍ പറയുന്ന പോലെ കള്ളത്തരം കാട്ടി നിയമനത്തില്‍ കേറിയതല്ല ഞാന്‍. നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ കയറിയതാണ്. അതിനാല്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണ്. സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും കടുത്ത ജാതി അധിക്ഷേപങ്ങള്‍ എനിക്കെതിരെയുണ്ടായി.

ക്ഷേത്രത്തില്‍ പത്ത് വര്‍ഷത്തോളം സോപാനം ആലപിച്ചിരുന്ന ഏലൂര്‍ ബിജുവിനെ തിരിക്കൊണ്ടുവരാനുള്ള ശ്രമമായിരുന്നു ക്ഷേത്രസമിതിക്കാര്‍ നടത്തിയത്. എനിക്ക് മുമ്പ് ഇവിടെ സോപാനം ഗായകനായി നിന്നിരുന്ന ആദിത്യനാരായണനെ ക്ഷേത്രസമിതിക്കാര്‍ പുറത്താക്കിയത് ഏലൂര്‍ ബിജുവിനെ തിരികെക്കൊണ്ടുവരണമെന്ന കാരണം പറഞ്ഞാണ്. അയാളെയും സമിതിക്കാര്‍ ഉപദ്രവിച്ചതായാണ് അറിവ്. അന്ന് പേടി മൂലം ആദിത്യ നാരായണന്‍ പരാതി നല്‍കാതിരിക്കുകയായിരുന്നു. പിന്നീട് തൃപ്പൂണിത്തുറ അമ്പലത്തിലേക്ക് അദ്ദേഹം സ്ഥലംമാറി. എനിക്കെതിരെ നിരന്തരമായ ജാതി അധിക്ഷേപങ്ങളും ഉപദ്രവവും രൂക്ഷമായപ്പോഴാണ് ഞാന്‍ പരാതിപ്പെട്ടത്.

ആര്‍ക്കാണ് പരാതി നല്‍കിയത്? പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടപടികള്‍ ഉണ്ടായോ?

മുഖ്യമന്ത്രിക്കും കൊച്ചി ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയിലും പരാതി നല്‍കിയിരുന്നു. ജാതി അധിക്ഷേപങ്ങള്‍ ഉണ്ടാവുന്നുവെന്നും ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും പറഞ്ഞാണ് പരാതി നല്‍കിയത്. ഞാന്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് അവര്‍ എനിക്കെതിരെ കള്ളപരാതി നല്‍കിയത്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. അവര്‍ എന്റെ പരാതി മുഴുവന്‍ കേട്ടതിന് ശേഷം അന്വേഷണം നടത്തി. അന്വേഷണത്തിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഭാരവാഹികളുമായി ബന്ധപ്പെട്ടപ്പോള്‍ ഞാന്‍ പരാതിപ്പെട്ട തരത്തില്‍ ഒരു പ്രശ്‌നങ്ങളും ഇല്ലെന്നാണ് അവര്‍ പറഞ്ഞത്. പിന്നീട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിഷയം ഗൗരവമായി എടുത്തു. എനിക്കെതിരെയുണ്ടായ ക്ഷേത്രസമിതി അംഗങ്ങളുടെ പെരുമാറ്റം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ബോധ്യപ്പെട്ടതാണ്. സമിതിയുടെ പരാതിയും എന്റെ പരാതിയും ചേര്‍ത്തുള്ള വിജിലന്‍സ് അന്വേഷണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ പൊലീസ് നാല് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ജോലിയില്‍നിന്നും നിര്‍ബന്ധിത അവധിയെടുക്കാന്‍ പറഞ്ഞിരുന്നോ? ആരെല്ലാമാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്?

ക്ഷേത്ര സമിതിക്കാരായ സംഘ്പരിവാറുകാരും അസിസ്റ്റന്റ് കമ്മീഷണറുമാണ് നിര്‍ബന്ധിത അവധിയെടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടത്. അസിസ്റ്റന്‍് കമ്മീഷണര്‍ അവധിയെടുക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ലീവിനുള്ള അപേക്ഷ കമ്മീഷണര്‍ തന്നെ എഴുതി തന്നോട് അതില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നു.

മാര്‍ച്ചില്‍ നടക്കുന്ന ഉത്സവത്തില്‍ മേളങ്ങളുടെ ചുമതല ഏലൂര്‍ ബിജുവിനെ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. അത് ചൂണ്ടിക്കാട്ടി ഫെബ്രുവരി അഞ്ചു മുതല്‍ മാര്‍ച്ച് പത്തുവരെ എന്നെക്കൊണ്ട് അവധിയെടുപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ പരാതിയെത്തുടര്‍ന്ന് കൊച്ചി ദേവസ്വം ബോര്‍ഡ് ഇടപെട്ട് എന്നെ തിരിച്ചു വിളിക്കുകയായിരുന്നു.

അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്ര സമിതിക്കാര്‍ക്കൊപ്പമാണ് നിന്നത്. ഓഫീസര്‍ സമിതിക്കൊപ്പമല്ലല്ലോ നില്‍ക്കേണ്ടത് ജീവനക്കാര്‍ക്കൊപ്പമല്ലേ. വിഷയങ്ങളെല്ലാം അറിഞ്ഞിട്ടും എന്നെ പുറത്താക്കാനാണ് അവര്‍ ശ്രമിച്ചത്. ക്ഷേത്രോപദേശകസമിതി ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ളതാണ്. ദേവസ്വം ബോര്‍ഡിന്റെ ഇടപെടലിനെത്തുടര്‍ന്ന് ലീവ് അപേക്ഷ റദ്ദാക്കി ജോലിയില്‍ തുടരാന്‍ എനിക്ക് അനുമതി ലഭിക്കുകയായിരുന്നു.

ജോലിയുമായി ബന്ധപ്പെട്ട് മറ്റ് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നോ?

പ്രധാനമായും ജാതി പറഞ്ഞുള്ള പരിഹാസങ്ങളിലാണ് വിഷമമുണ്ടായിരുന്നത്. ക്ഷേത്രസമിതി അംഗങ്ങള്‍ എപ്പോഴും എന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ഭക്ഷണം കഴിക്കാറുള്ള ഹോട്ടലില്‍ ചെന്ന് മാംസം കഴിക്കാറുണ്ടോ എന്നെല്ലാം അവര്‍ അന്വേഷിക്കുമായിരുന്നു. കൃത്യമായി ക്ഷേത്രത്തിലെ കാര്യങ്ങള്‍ നോക്കിയിട്ടും അവര്‍ അപമാനിക്കുന്ന രീതിയിലാണ് പെരുമാറിയിരുന്നത്.

ഞാന്‍ സോപാനത്തിന് പുറമെ കൗണ്ടറിലിരിക്കുന്ന ജോലിയും ചെയ്തിരുന്നു. ഇത്തരത്തില്‍ പറ്റാവുന്ന തരത്തില്‍ ക്ഷേത്രത്തിലെ മറ്റ് കാര്യങ്ങളില്‍ സഹായിക്കാനും ഞാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ക്ഷേത്രസമിതിയംഗങ്ങള്‍ നിരന്തരം ഉപദ്രവിക്കുകയായിരുന്നു.

ക്ഷേത്രത്തില്‍ ജോലിക്ക് കയറിയ സമയത്തു തന്നെ എന്നോട് പറഞ്ഞത് ഏലൂര്‍ ബിജുവിന് ദക്ഷിണ വെച്ചാല്‍ മാത്രമേ ക്ഷേത്രത്തില്‍ നില്‍ക്കാന്‍ കഴിയൂ എന്നാണ്. ഞാന്‍ മറ്റ് ആശാന്‍മാരുടെ കീഴില്‍ പഠനം കഴിഞ്ഞ് വന്ന വ്യക്തിയാണ്. എന്നാല്‍ സമിതിയംഗങ്ങള്‍ ഏലൂര്‍ ബിജുവിനെക്കൊണ്ടുവന്ന് എന്നെക്കൊണ്ട് അദ്ദേഹത്തിന് മുമ്പില്‍ നിര്‍ബന്ധിച്ച് ദക്ഷിണ വെപ്പിച്ചു.

ക്ഷേത്ര ജീവനക്കാരെ ക്ഷേത്രത്തിനകത്തെ മുറിയില്‍ പൂട്ടിയിടുന്ന സ്വഭാവം സമിതിയംഗങ്ങള്‍ക്കുണ്ടായിരുന്നു. ജീവനക്കാര്‍ക്ക് ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ എങ്ങനെ പുറത്തു കടക്കുമെന്ന് ചോദിച്ച എന്നോട് മോശമായാണ് സമിതിയംഗങ്ങള്‍ പെരുമാറിയത്. പിന്നീട് ഇതിനെതിരെ നിര്‍ബന്ധപൂര്‍വ്വം ഞാന്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് ആ രീതിയില്‍ മാറ്റം വന്നത്.

ജാതിഅധിക്ഷേപങ്ങളും മറ്റും ആവര്‍ത്തിക്കുന്നത് ചൂണ്ടിക്കാട്ടി ഞാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയപ്പോള്‍ സമിതിയംഗങ്ങള്‍ കത്ത് കാണിച്ച് എന്നെ ഭീഷണിപ്പെടുത്തി. ക്ഷേത്രസമിതിക്കാര്‍ എടുത്ത എന്റെ വീഡിയോ അവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു. ക്ഷേത്രത്തില്‍ ശീവേലി സമയത്തും മറ്റും വീഡിയോ പിടിക്കാന്‍ പാടില്ലാത്തതാണ്. എന്നിട്ടും ക്ഷേത്രസമിതിക്കാര്‍ തന്നെ വീഡിയോയെടുക്കുകയും ജീവനക്കാരെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ക്ഷേത്രത്തില്‍ സിനിമാഷൂട്ടിംഗുമായി ബന്ധപ്പെട്ടും ഒരിക്കല്‍ സമിതിക്കാരും ഞാനുമായി തര്‍ക്കമുണ്ടായിരുന്നു. അതില്‍ നടത്തിയ ജാതിഅധിക്ഷേപങ്ങള്‍ ഉന്നയിച്ചാണ് ഞാന്‍ പരാതി നല്‍കിയത്. ജോലിയില്‍ നിന്നും പിരിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് എന്നെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതിനെതിരെ പൊലീസ് നാലു പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ ചുമത്തിയിട്ടുണ്ട്. ഏലൂര്‍ ബിജു, രാജേഷ് പിള്ള, ഗിരീഷ്, രാമന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ ഇതില്‍ ഏലൂര്‍ ബിജുവിനും രാജേഷ് പിള്ളക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചുവെന്നാണ് അറിയാന്‍ കഴിയുന്നത്. ഫോട്ടോയും വീഡിയോയുമെല്ലാം എടുത്തത് പ്രസന്നന്‍ എന്നും കൃഷ്ണകുമാര്‍ എന്നും പേരുള്ളവരാണ്.

ഞാന്‍ സോപാനം ആലപിക്കുകയല്ല പറയുകയാണ് ചെയ്യുന്നതെന്നും ഞങ്ങളെപ്പോലുള്ള പിന്നോക്ക വിഭാഗക്കാര്‍ ഇതിന് പറ്റിയവരല്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്. വഴിയില്‍ നിന്ന് പട്ടികള്‍ ബന്ധപ്പെടുന്നപോലെ ഉണ്ടായ ആളുകളാണ് ഞങ്ങളെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഇത്തരം മോശ പരാമര്‍ശങ്ങള്‍ക്കെതിരെയുമാണ് ഞാന്‍ പരാതി നല്‍കിയത്.

ഞാന്‍ രാഷ്ട്രീയപരമായാണ് ജോലിയില്‍ പ്രവേശിച്ചതെന്ന വാദവും സമിതിയംഗങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ജോലിയിലെ മൂന്ന് ഒഴിവുകള്‍ക്ക് ശേഷം നാലാമതായി ഞാന്‍ അപേക്ഷിക്കുകയായിരുന്നു. സംവരണവിഭാഗത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ജോലിയില്‍ പ്രവേശിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേസെടുത്തതിന് ശേഷം ക്ഷേത്രസമിതി അംഗങ്ങള്‍ നിങ്ങളുമായി ബന്ധപ്പെട്ടിരുന്നോ?

കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമിതി അംഗങ്ങള്‍ ബന്ധപ്പെട്ടിരുന്നു. ജാതി അധിക്ഷേപം നടത്തിയതില്‍ മാപ്പ് പറയുകയും വീട്ടില്‍ വന്ന് കാണുകയും ചെയ്തിരുന്നു. കേസ് പിന്‍വലിക്കാന്‍ പണം നല്‍കാമെന്നുള്ള വാഗ്ദാനങ്ങളും സമിതിയംഗങ്ങള്‍ നടത്തിയിരുന്നു. കേസില്‍ ഒന്നാം പ്രതിയായ രാജേഷ് ആണ് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വീട്ടില്‍ വന്നത്. ഏലൂര്‍ ബിജുവിനെ പരാതിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടും ക്ഷേത്ര സമിതി അംഗങ്ങള്‍ സമീപിച്ചിരുന്നു. എന്നാല്‍ ഞാന്‍ പരാതിയുമായി മുന്നോട്ട് പോവാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ഹൈക്കോടതി നടപടിയാണ് കാത്തിരിക്കുന്നത്.

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.