ജലീലിന്റെ കാറിന് നേരേ വാഹനം കൊണ്ടിടിച്ചതിനെ ന്യായീകരിച്ച് സന്ദീപ് വാര്യര്‍; മാധ്യമങ്ങളില്‍ നിന്ന് ഒളിച്ച്, നുണയും പറഞ്ഞ് നടക്കുന്ന മന്ത്രിമാരെ ചുണയുള്ള ആണ്‍കുട്ടികള്‍ നേരിടും
തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ കാറിന് നേരേ വാഹനം കൊണ്ടിടിക്കാന്‍ ശ്രമിച്ചതിനെ ന്യായികരിച്ച് ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍. എഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു സന്ദീപിന്റെ പ്രതികരണം.
കേരളം ഇതിനെക്കാള്‍ വലിയ സമരത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒരു മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചിട്ടുണ്ട് ചിലര്‍. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന് നേരേ കല്ലെറിഞ്ഞിട്ടില്ലേ… അത്തരം സമര ചരിത്ര പാരമ്പര്യമല്ലേ കേരളത്തിന്റേത്. സ്വഭാവികമായും ചെറുപ്പക്കാരാണ്, ഈ മന്ത്രി മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചുകളിച്ച്, സകല നുണയും പറഞ്ഞ് കേരളത്തിലൂടെ പൊലീസിന്റെ അകമ്പടിയോടെ വിലസാമെന്നാണ് കരുതിയിട്ടുണ്ടെങ്കില്‍ നല്ല ചുണയുള്ള ആണ്‍കുട്ടികള്‍ കേരളത്തിലുണ്ട്, അവര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങും- സന്ദീപ് പറഞ്ഞു.
ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. എന്തുകൊണ്ട് അത് ചെയ്യുന്നില്ലെന്നും സന്ദീപ് ചോദിച്ചു. മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി ഇപ്പോഴും സ്വീകരിക്കുന്നതെന്നും യോഗ്യതയുള്ള വിദ്യാഭ്യാസ മന്ത്രിയായ സി.രവീന്ദ്രനാഥിന് വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ്ണചുമതല നല്‍കാതെ രണ്ടായി വിഭജിച്ചതെന്തിനെന്നും സന്ദീപ് ചോദിച്ചു.
ഏറ്റവും വലിയ വര്‍ഗ്ഗീയവാദിയായ മന്ത്രിയാണ് കെ.ടി ജലീലെന്നും കോളേജ് വിദ്യാഭ്യാസക്കാലത്ത് ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ഇപ്പോള്‍ മന്ത്രിസ്ഥാനത്തിരിക്കുന്നതെന്നും സന്ദീപ് പറഞ്ഞു.
ഇത് പുതിയ മിസ്റ്റര്‍ മരുമകന്റെ നിര്‍ദ്ദേശപ്രകാരമാണ്. കൊടുവള്ളിക്കാരനായ മുഖ്യമന്ത്രിയുടെ പുതിയ മരുമകനാണ് പറയുന്നത് കെ.ടി ജലീലിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് കൊടുക്കണമെന്ന്. സിആര്‍പി അദ്ദേഹത്തിന് കീഴില്‍ വരണം. അതിനാണ് ഈ തീരുമാനം. ഇത് ഉന്നത വിദ്യാഭ്യാസ വകുപ്പല്ല, ഉന്നത കള്ളക്കടത്ത് വകുപ്പാണ്- സന്ദീപ് ചൂണ്ടിക്കാട്ടി.
‘ജലീല്‍ നുണ പറഞ്ഞുവെന്ന കാര്യം വ്യക്തമാണ്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തയാള്‍ക്ക് എങ്ങനെയാണ് നുണപറയാനാകുക. മുഖ്യമന്ത്രിയ്ക്ക് സംസ്ഥാനത്തെ കാര്യങ്ങളെപ്പറ്റി എന്തറിയാം. ഐപാഡ് ഉയര്‍ത്തിക്കാണിച്ച് 39 ഒപ്പുകള്‍ ഇട്ടുവെന്ന് പറയാനല്ലേ അറിയൂ…ഒരു നിരക്ഷരനാണ് കേരളം ഭരിക്കുന്നതെന്ന് കേരളത്തിലെ സാമാന്യം ഐ.ടി വിദ്യാഭ്യാസമുള്ള ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്’- സന്ദീപ് പറഞ്ഞു.
നേരത്തേ കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവം സ്വാഭാവിക നടപടി മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പരാതി ലഭിച്ചാല്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്താന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.
‘റംസാന്‍ കാലത്ത് സകാത്ത് കൊടുക്കലും മതഗ്രന്ഥം വിതരണം ചെയ്യലും എവിടേയും കുറ്റകരമായ കാര്യമല്ല. ആ കാര്യം അദ്ദേഹത്തെ അറിയിക്കുന്നു. അദ്ദേഹം തന്നെ അക്കാര്യം തെളിവ് സഹിതം പുറത്തുവിടുന്നു. അതെങ്ങനെ കുറ്റമാകും’, മുഖ്യമന്ത്രി ചോദിച്ചു.
ഏതെങ്കിലും തരത്തില്‍ ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല. മന്ത്രിയ്ക്കെതിരെ ബോധപൂര്‍വം അപവാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക