സാംസങ് ജീവനക്കാരുടെ സമരം പതിനാലാം ദിവസത്തിലേക്ക്; ജോലിയില്ലെങ്കില്‍ ശമ്പളവുമില്ലെന്ന് കമ്പനി അധികൃതര്‍
national news
സാംസങ് ജീവനക്കാരുടെ സമരം പതിനാലാം ദിവസത്തിലേക്ക്; ജോലിയില്ലെങ്കില്‍ ശമ്പളവുമില്ലെന്ന് കമ്പനി അധികൃതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd September 2024, 1:13 pm

ചെന്നൈ: തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ സാംസങ് ജീവനക്കാരുടെ സമരം 13 ദിവസം പിന്നിടുമ്പോഴും വിട്ടുവീഴ്ച്ച ചെയ്യാതെ കമ്പനി അധികൃതര്‍. ശമ്പള വര്‍ധനവ്, ജോലി സമയം വെട്ടിച്ചുരുക്കുക എന്നീ ആവശ്യങ്ങളുമായി കമ്പനിയിലെ 1300 തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കുന്നത് ഇടതു സംഘടനയായ സി.ഐ.ടി.യു ആണ്.

അതേസമയം തൊഴിലാളികള്‍ ഇനിയും സമരം തുടര്‍ന്നാല്‍ പിരിച്ചുവിടുമെന്നും ശമ്പളം നല്‍കില്ലെന്നും കമ്പനി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കമ്പനിയിലെ എച്ച്.ആര്‍ ടീം ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
‘തൊഴിലാളികള്‍ ‘നിയമവിരുദ്ധമായ പണിമുടക്കില്‍’ ഏര്‍പ്പെട്ടിരിക്കുകയാണ്.

അതിനാല്‍ സമരം നടക്കുന്ന ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ‘നോ വര്‍ക്ക് നോ പേ’ അടിസ്ഥാനത്തില്‍ ശമ്പളത്തിന് അര്‍ഹതയില്ല. കൂടാതെ നാല് ദിവസത്തിനകം തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചുവിടാതിരിക്കാനുള്ള കാരണങ്ങള്‍ നിങ്ങള്‍ക്ക് കമ്പനിയോട് വിശദീകരിക്കേണ്ടി വരും,’ ഇമെയിലില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോട്ട് ചെയ്തു.

സെപ്തംബര്‍ ഒമ്പതിന് സാംസങിന്റെ ഗൃഹോപകരണങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിക്ക് സമീപമുള്ള താല്‍ക്കാലിക ടെന്റില്‍ ആരംഭിച്ച സമരത്തില്‍ 1800 തൊഴിലാളികളില്‍ 1300 പേരും പങ്കെടുക്കുന്നുണ്ട്. സമരത്തെ പിന്തുണച്ച് സ്ത്രീ തൊഴിലാളികളും ജോലിയില്‍ പ്രവേശിച്ചിട്ടില്ല.

കമ്പനിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് തൊഴിലാളികളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. അത്യാവശ്യകാര്യങ്ങള്‍ക്ക് പോലും കമ്പനി അധികൃതര്‍ അവധി നല്‍കാറില്ലെന്നും അര്‍ഹമായ അപ്രൈസലോ വേതനമോ കമ്പനി നല്‍കുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു.

എട്ട് മണിക്കൂറായി ജോലിസമയം ചുരുക്കണമെന്നാണ് തൊളിലാളികള്‍ ആവശ്യപ്പെടുന്നത്. കൂടാതെ ഇ-കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി അപ്രൈസല്‍ വര്‍ധിപ്പിക്കണമെന്നും അവര്‍ പറയുന്നുണ്ട്. തൊഴിലാളികള്‍ പ്രതിമാസ വരുമാനം 25,000 രൂപയില്‍ നിന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ 36,000 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സി.ഐ.ടി.യു ആവശ്യപ്പെടുന്നത്.

സമരം കമ്പനിയുടെ 80 ശതമാനം ഉല്‍പാദനത്തെയും ബാധിച്ചതായി റിപ്പോട്ടുകളുണ്ട്. പണിമുടക്കിന്റെ ആദ്യ ദിവസത്തില്‍ തന്നെ ആഭ്യന്തര ഉല്‍പ്പാദനം 50% ഇടിഞ്ഞതായി കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ കരാര്‍ തൊഴിലാളികളുമായി ചേര്‍ന്ന് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ കമ്പനി ആരംഭിച്ചതോടെ ഉല്‍പ്പാദനം വര്‍ധിച്ചിട്ടുണ്ട്. അതേസമയം തൊഴിലാളികളുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി കമ്പനി അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഫാക്ടറിയുടെ പരിസരത്ത് നിന്ന് മുദ്രാവാക്യം വിളിക്കുന്നതും പ്രസംഗിക്കുന്നതും വിലക്കണമെന്നാവശ്യപ്പെട്ട് സാംസങ് ജില്ലാ കോടതിയില്‍ കേസ് നല്‍കിയിരുന്നെങ്കിലും ചര്‍ച്ചയിലൂടെ പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാനാണ് ജഡ്ജി ആവശ്യപ്പെട്ടത്.  അതേസമയം സി.ഐ.ടി.യു പോലുള്ള ഒരു സംഘടനയുടെ പിന്തുണയുള്ള ഒരു യൂണിയനെയും അംഗീകരിക്കാന്‍ സാംസങ് താല്‍പ്പര്യപ്പടുന്നില്ല എന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇ.മുത്തുകുമാറിന്റെ നേതൃത്വത്തില്‍ ‘സാംസങ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്.ഐ.ഡബ്ല്യു.യു)’ എന്ന പേരില്‍ 1455 തൊഴിലാളികളെ ഉള്‍പ്പെടുത്തി യൂണിയന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കമ്പനി അംഗീകരിക്കാത്തതിനാല്‍ സംഘടനയ്ക്ക് രജിസ്‌ട്രേഷന് ലഭിച്ചിട്ടില്ല.

സാംസങ്ങിന്റെ സൗത്ത് കൊറിയയിലെ നാഷണല്‍ സാംസങ് ഇലക്ട്രോണിക്‌സ് യൂണിയനും സമരത്തോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. സാംസങ് ജീവനക്കാരുടെ സമരം സമീപ വര്‍ഷങ്ങളിലെ ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സമരങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

Content Highlight: Samsung workers’ strike enters fourteenth day; Company officials say that if there is no work, there is no salary