ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാഹുല്‍ ലാഹോരി എന്ന് വിളിക്കണമെന്ന് ബി.ജെ.പി വക്താവ് സംപിത് പത്ര. രാഹുല്‍ പാകിസ്താനില്‍ മത്സരിക്കാന്‍ പോവുകയാണോ എന്നും സംപീത് ചോദിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനില്‍ വെച്ച് നടന്ന ഒരു അന്താരാഷ്ട്ര പരിപാടിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായെന്നും സംപീത് പറഞ്ഞു.
ഞങ്ങള്‍ ബി.ജെ.പിയില്‍ ഇനി രാഹുല്‍ ഗാന്ധിയെ രാഹുല്‍ ലാഹോരി എന്ന് വിളിക്കാന്‍ തുടങ്ങും. താനും അങ്ങനെ വിളിക്കുമെന്നും സംപീത് പറഞ്ഞു. പാകിസ്താനില്‍ ശശി തരൂര്‍ രാഹുലിനായി അരങ്ങേറ്റ റാലിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും പത്ര പറഞ്ഞു.
ലാഹോര്‍ ആസ്ഥാനമായി നടന്ന ഓണ്‍ലൈന്‍ സാഹിത്യ ചര്‍ച്ചയില്‍ ശശി തരൂര്‍ ഇന്ത്യക്കെതിരെ പരാമര്‍ശം നടത്തിയെന്നാരോപിച്ചായിരുന്നു പത്രയുടെ വിമര്‍ശനം.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉടന്‍ പാകിസ്താന്‍ നാഷണല്‍ കോണ്‍ഗ്രസ് ആവും. ജിന്നയെ പിന്തുണക്കുന്നവര്‍ക്ക് അവര്‍ ടിക്കറ്റ് നല്‍കും. ലാഹോറില്‍ പോയി നിങ്ങള്‍ എന്തിനാണ് ഇന്ത്യയെ കുറിച്ച് കരയുന്നത്. രാഹുല്‍ ഗാന്ധി ഇന്ത്യയെ വെറുക്കുന്നുവെന്നതില്‍ യാതൊരു സംശയവുമില്ല- സംപീത് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം കൊവിഡിനെ വിജയകരമായി നേരിടുന്നത് ലോകം കാണുകയാണ്. ഉയര്‍ന്ന രോഗമുക്തിയും കുറഞ്ഞ മരണനിരക്കുമാണ് ഇന്ത്യയിലെന്നും സംപീത് പറഞ്ഞു.