national news
പ്രതിപക്ഷത്തിന്റെ തകര്‍ച്ചയിലാണ് ബി.ജെ.പിയുടെ വിജയം; എന്‍.സി.പി, ടി.എം.സി എന്നിവയെ വിമര്‍ശിച്ച് സാമ്‌ന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 09, 03:51 am
Tuesday, 9th August 2022, 9:21 am

മുംബൈ: പണപ്പെരുപ്പം, തൊഴിലില്ലായ്മ, അവശ്യവസ്തുക്കളുടെ ജി.എസ്.ടി വര്‍ധന എന്നിവയ്ക്കെതിരെ കോണ്‍ഗ്രസ്
രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുക്കാത്തതിന് എന്‍.സി.പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമനയുടെ എഡിറ്റോറിയലിലാണ് ഇരുപാര്‍ട്ടികള്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഇ.ഡി, സി.ബി.ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ജനാധിപത്യത്തിന് ആശങ്കയാണെന്നായിരുന്നു എഡ്‌റ്റോറിയലില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

പത്ര ചൗള്‍ കുംഭകോണ കേസില്‍ ശിവസേന എം.പി സഞ്ജയ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാമ്‌നയുടെ എഡിറ്ററായി ഉദ്ധവ് താക്കറെ ചുമതലയേറ്റത്. റാവത്തായിരുന്നു മുന്‍ എഡിറ്റര്‍.

പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും സാമ്‌ന അഭിനന്ദിച്ചു. സഞ്ജയ് റാവത്തിനെതിരായ ഇ.ഡി നടപടിയില്‍ ശിവസേനയ്ക്ക് കടുത്ത എതിര്‍പ്പുണ്ടെന്നും എഡിറ്റോറിയല്‍ പറയുന്നു.

‘രാജ്യത്ത് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഇത് ശരിക്കും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ആശങ്കയാണ്. ഇ.ഡിയെ ഉപയോഗിച്ച് മഹാരാഷ്ട്രയിലെ സര്‍ക്കാരിനെ അവര്‍ താഴെയിറക്കി. എന്നിട്ട് പുതിയ സര്‍ക്കാരിനെ കൊണ്ടുവന്നു. ഇതേപോലെ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ പോലും കേന്ദ്രം പ്രതിഷേധ ശബ്ദങ്ങളെ ഇല്ലാതാക്കുകയാണ്,’ എഡിറ്റോറിയലില്‍ പരാമര്‍ശിക്കുന്നു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമത ബാനര്‍ജിക്കെതിരേയും എഡിറ്റോറിയലില്‍ വിമര്‍ശനമുണ്ട്.

‘ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ എം.പിമാര്‍ വോട്ട് ചെയ്തില്ല എന്നത് കാര്യമായി തന്നെ പരിഗണിക്കേണ്ടതുണ്ട്. ബംഗാളില്‍ ഇ.ഡിയുടെയും സി.ബി.ഐയുടേയും കീഴിലുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാകുന്നുണ്ട്. രാഹുല്‍ ഗാന്ധിയേയും സോണിയ ഗാന്ധിയേയും വരെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യമിട്ടു. എന്നിട്ടും അവര്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്,’ സാമ്‌നയുടെ എഡിറ്റോറിയലില്‍ പരാമര്‍ശിക്കുന്നു.

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്നും ബി.ജെ.പിയെ പുറത്താക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും എഡിറ്റോറിയലില്‍ കൂട്ടിച്ചേര്‍ക്കുന്നു.

‘പ്രതിപക്ഷത്തിന്റെ തകര്‍ച്ചയിലാണ് ബി.ജെ.പിയുടെ വിജയം. ഇത് മറ്റ് എതിരാളികള്‍ക്ക് ഒരു പാഠമാണ്. യഥാര്‍ത്ഥത്തില്‍ ഭയമില്ലാത്തവനാണെങ്കില്‍ അവര്‍ ഈ പാഠം ഉള്‍ക്കൊള്ളണം,’ സാമ്‌ന പറയുന്നു.

 

Content Highlight: Samna criticize ncp and trinamool congress