കോഴിക്കോട്: സി.ഐ.സി- സമസ്ത സമവായ നീക്കത്തില്‍ പരിഹാരമായില്ല. സമസ്ത- മുസ്‌ലിം ലീഗ് ചര്‍ച്ചയിലെ തീരുമാനങ്ങള്‍ സെനറ്റ് യോഗത്തില്‍ സാദിഖലി തങ്ങള്‍ അംഗീകരിച്ചത് സമസ്ത മുശാവറ സ്വാഗതം ചെയ്തു. ഇതുസംബന്ധിച്ച തീരുമാനങ്ങളും പ്രഖ്യാപനവും അടുത്ത ചര്‍ച്ചയില്‍ ഉണ്ടാകുമെന്ന് കോഴിക്കോട് ചേര്‍ന്ന മുശാവറ യോഗം അറിയിച്ചു.
അതേസമയം, സി.ഐ.സി യോഗത്തില്‍ സമസ്തക്കെതിരെ പ്രമേയം അവതരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. സെനറ്റ് യോഗത്തില്‍ സമസ്തക്കെതിരെ പ്രമേയം അവതരിപ്പിച്ചത് അപലപനീയമാണെന്നും യോഗം വിലയിരുത്തി.
സി.ഐ.സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഹക്കീം ഫൈസി രാജിവെക്കുകയും രാജി സ്വീകരിക്കുകയും ചെയ്തതായി സാദിഖലി തങ്ങള്‍ സമസ്തയെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സി.ഐ.സി സെനറ്റ് യോഗത്തില്‍ ഹക്കീം ഫൈസിയുടെ രാജി ചര്‍ച്ചക്ക് വെച്ചതിലും സമസ്ത അതൃപ്തി അറിയിച്ചു.
സമസ്ത നാഷണല്‍ എജുക്കേഷന്‍ കൗണ്‍സിലിന്റെ കീഴില്‍ ഈ അധ്യയനവര്‍ഷം ആരംഭിച്ച കോഴ്‌സുകള്‍ വിപുലപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.