തിരുവനന്തപുരം: ഏക സിവില്‍ കോഡ് വിഷയത്തില്‍ സി.പി.ഐ.എമ്മുമായി സഹകരിക്കുമെന്ന് സമസ്ത. പൗരത്വ വിഷയത്തിലേത് പോലെ തന്നെ സി.പി.ഐ.എമ്മിനൊപ്പം നില്‍ക്കുമെന്നും സമസ്ത ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കോഴിക്കോട് കൂടിയ സമസ്ത യോഗത്തിന് ശേഷമായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം.
‘സിവില്‍ കോഡ് വിഷയത്തില്‍ സമസ്ത ആര് നടത്തുന്ന പരിപാടികളുമായും സഹകരിക്കും. സി.പി.ഐ.എം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കും. കേരളത്തില്‍ ആര് നല്ല പ്രവര്‍ത്തനം നടത്തിയാലും അവര്‍ക്കൊപ്പമുണ്ടാകും. ഏത് പാര്‍ട്ടിക്ക് ഒപ്പവും നില്‍ക്കും.
ഏക സിവില്‍ കോഡ് വിഷയത്തില്‍ സമസ്ത പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. പ്രതിഷേധത്തില്‍ തുരങ്കം വെക്കുന്ന നിലപാട് ആരില്‍ നിന്നും ഉണ്ടാവരുത്. മതം അനുശാസിക്കുന്ന അവകാശങ്ങള്‍ അനുവദിച്ച് കൊണ്ടാവണം മുന്നോട്ട് പോകേണ്ടത്.
എടുത്ത് ചാട്ടത്തിന് സമസ്ത ഇല്ല. മുസ്‌ലിം സമൂഹം രാജ്യത്തിന്റെ നന്മക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ഓരോ മതസ്ഥര്‍ക്കും ആചാരപ്രകാരം ജീവിക്കാന്‍ അവകാശമുണ്ട്,’ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സമസ്ത നിലപാടില്‍ മുസ്‌ലിം ലീഗിലും കോണ്‍ഗ്രസിലും ആശങ്ക ഉടലെടുത്തിട്ടുള്ളതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.ഡി.എഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് സമസ്തയുടെ ഈ നിലപാടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, മുസ്‌ലിം ലീഗിനോട് തൊട്ടുകൂടായ്മയില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ എല്ലാ വിഭാഗങ്ങളും ഒന്നിക്കണം. ഏക സിവില്‍ കോഡ് വിഷയത്തിലുള്ള സെമിനാറില്‍ ലീഗിനെ ക്ഷണിച്ചിട്ടുണ്ട്. അത് പ്രശ്‌നാധിഷ്ഠിത ക്ഷണമാണെന്നും രാഷ്ട്രീയാധിഷ്ഠിത ക്ഷണമല്ലെന്നും എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏക സിവില്‍ കോഡ് വിഷയത്തിലുള്ള സി.പി.ഐ.എം സെമിനാറില്‍ പങ്കെടുക്കണോയെന്ന സമസ്തയുടെ തീരുമാനം വരും മുമ്പേ സമസ്ത പ്രതിനിധിയെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സംഘാടക സമിതിയില്‍ വൈസ് ചെയര്‍മാനായാണ് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയെ ഉള്‍പ്പെടുത്തിയത്.
സംഘാടക സമിതിയില്‍ തന്നെ ഉള്‍പ്പെടുത്തിയത് അറിഞ്ഞിരുന്നില്ലെന്ന് മുസ്തഫ മുണ്ടുപാറ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തന്നോട് ചോദിക്കാതെയാണ് വൈസ് ചെയര്‍മാനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 15നാണ് സി.പി.ഐ.എം കോഴിക്കോട് വെച്ച് സെമിനാര്‍ നടത്തുന്നത്. എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയാണ് സംഘാടക സമിതി ചെയര്‍മാന്‍. ഹജ്ജ് കമ്മിറ്റി അംഗവും കെ.എന്‍.എം മര്‍കസുദ്ദഅവ നേതാവുമായ ഐ.പി. അബ്ദുല്‍ സലാമിനെയും സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Samasta will attend cpim seminar on uniform civil code