ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകയെ നടുറോഡില്‍ വെച്ച് രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെയും സാരി വലിച്ചൂരുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ബി.ജെ.പി. പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്.
ഉത്തര്‍പ്രദേശിലെ ലഖിംപൂരിലാണ് സംഭവം നടന്നത്. ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ യുവതിയെ രണ്ട് പുരുഷന്മാര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
ബി.ജെ.പി. പ്രവര്‍ത്തകരാണ് തങ്ങളുടെ പ്രവര്‍ത്തകയെ ആക്രമിച്ചതെന്ന് സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു. യോഗി ആദിത്യനാഥിന്റെ അധികാരദാഹികളായ ഗുണ്ടകളാണ് ഇത് ചെയ്തതെന്ന് സംഭവത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വിവിധ പ്രദേശങ്ങളില്‍ അക്രമസംഭവങ്ങള്‍ നടക്കുന്നുണ്ട്. പന്ത്രണ്ടിലേറെ സ്ഥലങ്ങളില്‍ നിന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.