ലഖ്‌നൗ: വര്‍ഗീയ വിഷയങ്ങളില്‍ ചാനലുകളില്‍ സംവാദം നടത്തുന്നത് ഒഴിവാക്കണമെന്ന് നേതാക്കളോട് ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സമൂഹത്തിലെ പ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളില്‍ എസ്.പി പ്രവര്‍ത്തകര്‍ തെറ്റിദ്ധരിപ്പിക്കപ്പെടരുതെന്നും പാര്‍ട്ടി ദേശീയ സെക്രട്ടറി രാജേന്ദ്ര ചൗധരി പറഞ്ഞു.
ജാതീയ പ്രശ്‌നങ്ങളും മറ്റ് അപ്രസക്തമായ വിഷയങ്ങളും ഉന്നയിച്ച് ബി.ജെ.പി പ്രാഥമികമായ പ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയാണ്. ജാതിയുമായി ബന്ധപ്പെട്ട് വരുന്ന ഒരു ചാനല്‍ ചര്‍ച്ചകളിലും എസ്.പി പ്രവര്‍ത്തകര്‍ പങ്കെടുക്കരുത്. രാജ്യത്ത് വിലക്കയറ്റം ഉയര്‍ന്നിരിക്കുകയാണ്. തൊഴിലില്ലായ്മയും വര്‍ധിച്ചു വരികയാണ്. അഴിമതിക്ക് അളവില്ലാതായി.
യുവാക്കളും, കര്‍ഷകരും, ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗവും പ്രതിസന്ധികള്‍ നേരിടുകയാണ്. സ്ത്രീകളും പെണ്‍കുട്ടികളും നശിപ്പിക്കപ്പെടുന്നു. ഉത്തര്‍പ്രദേശില്‍ അരാജകത്വം നിലനില്‍ക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാതിപരമായ വിഷയങ്ങള്‍ സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ടവയാണ്. അത്തരം വിഷയങ്ങളില്‍ അനാവശ്യമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെടേണ്ടതില്ലെന്നും ചൗധരി വ്യക്തമാക്കി.
ജനാധിപത്യത്തിലും, മതേതരത്വത്തിലും, സോഷ്യലിസത്തിലുമാണ് പാര്‍ട്ടി വിശ്വസിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ മനസിലാക്കണം. രാമചരിതമാനസിനെ കുറിച്ച് എസ്.പി എം.എല്‍.സി സ്വാമി പ്രസാദ് മൗര്യ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി നിരന്തരം ബി.ജെ.പിയുടെ ആക്രമണങ്ങള്‍ നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.