ലോകകപ്പിന്റെ അടങ്ങാത്ത ആരവം കേരളമണ്ണിലും അലയടിക്കുമ്പോള്‍ കടുത്ത മെസി ഫാനായ സല്‍മാന്‍ കുറ്റിക്കോടിനും ശാന്തനാകാനായില്ല.
നാടാകെ നിറഞ്ഞുനില്‍ക്കന്ന ഉദ്ഘാടന പരിപാടികള്‍ക്ക് ഒരു ചെറിയ ഇടവേള പറഞ്ഞുകൊണ്ട് നാലാണ്ടിലൊരിക്കല്‍ നടക്കുന്ന കാല്‍പന്തിന്റെ മാമാങ്കം കാണാന്‍ ഖത്തറിലേക്ക് പറന്നിരിക്കുകയാണ് ചെര്‍പ്പുളശ്ശേരിക്കാരുടെ സ്വന്തം സല്‍മാന്‍.
ചെര്‍പ്പുളശ്ശേരി കുറ്റിക്കോട് സ്വദേശിയാണ് സല്‍മാന്‍. ഒന്നര വര്‍ഷം മുന്‍പ് സുഹൃത്തുക്കള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വിഡിയോയാണ് സല്‍മാനെ താരമാക്കി മാറ്റിയത്. സുഹൃത്തുകള്‍ക്കൊപ്പമുള്ള സല്‍മാന്റെ റീല്‍സുകളും ശ്രദ്ധേയമായി.
ഡൗണ്‍സിന്‍ഡ്രോം ബാധിതനായ സല്‍മാന്‍ ഇപ്പോള്‍ അനേകം ആരാധകരുള്ള യൂട്യൂബറും ഫുട്ബാള്‍ പ്രേമിയുമാണ്.
കടുത്ത ഫുട്ബാള്‍ ആരാധകനായ സല്‍മാന്‍ ഏത് ഫുട്ബാള്‍ ക്ലബിന് വേണ്ടിയും കളത്തിലിറങ്ങും. നാട്ടുകാര്‍ക്കും പ്രിയങ്കരന്‍ തന്നെ. കളിയാരവം മുഴങ്ങുന്ന എല്ലാ മൈതാനങ്ങളിലും ഇപ്പോള്‍ നിറസാന്നിധ്യം കൂടിയാണ് അദ്ദേഹം.
കൂടാതെ, വിവിധ സ്ഥലങ്ങളിലെ ടര്‍ഫുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും അടക്കം ഉദ്ഘാടനങ്ങള്‍ക്കായി സല്‍മാനെ തിരക്കിയെത്തുന്നവരുടെ എണ്ണവും കുറവല്ല. പരിമിതികളെ അതിജീവിച്ചു കൊണ്ട് ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ തേടുന്ന സല്‍മാന്‍ പ്രതിസന്ധികള്‍ക്ക് മുമ്പില്‍ തളര്‍ന്ന് പോകുന്നവര്‍ക്ക് എന്നും പ്രചോദനമാണ്.
ഐ.എം. വിജയനടക്കമുള്ള താരങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ 34കാരന്‍ ഇന്ന് ശാരീരിക, മാനസിക വെല്ലുവിളികള്‍ തരണം ചെയ്ത് തന്റെ സ്വപ്ന യാത്രയിലാണ്.