കമല്‍ ഹാസന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഹനീഫിക്ക ഞെട്ടിപ്പോയി എന്ന് എന്നോട് പറഞ്ഞു: സലിംകുമാര്‍
Entertainment
കമല്‍ ഹാസന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഹനീഫിക്ക ഞെട്ടിപ്പോയി എന്ന് എന്നോട് പറഞ്ഞു: സലിംകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th October 2024, 9:46 pm

മലയാളികളെ ഒരുപാട് ചിരിപ്പിച്ച കൂട്ടുകെട്ടാണ് സലിംകുമാര്‍- കൊച്ചിന്‍ ഹനീഫ എന്നിവരുടേത്. പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, ഉദയപുരം സുല്‍ത്താന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇവര്‍ രണ്ടുപേരും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തന്റെ സാന്നിധ്യമറിയിച്ച കൊച്ചിന്‍ ഹനീഫയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സലിംകുമാര്‍. തമിഴ്‌നാട്ടില്‍ കരുണാനിധിയുടെ ഇലക്ഷന്‍ പ്രചരണത്തിനെല്ലാം ഹനീഫ പോകാറുണ്ടെന്ന് സലിംകുമാര്‍ പറഞ്ഞു.

തമിഴില്‍ കൊച്ചിന്‍ ഹനീഫ ചെയ്ത മികച്ച വേഷങ്ങളിലൊന്ന് മഹാനദിയിലേതാണെന്നും കിരീടത്തിലെ ഹൈദ്രോസ് എന്ന കഥാപാത്രം ചെയ്തതിന് ശേഷം അദ്ദേഹം നേരെ പോയി ചെയ്തത് ആ ചിത്രമായിരുന്നെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു. അല്പസ്വലപം ഉഡായിപ്പൊക്കെയുള്ള റൗഡിയില്‍ നിന്ന് കണ്ണില്‍ചോരയില്ലാത്ത വില്ലനായുള്ള മാറ്റം എല്ലാവരെയും അമ്പരപ്പിച്ചെന്ന് സലിംകുമാര്‍ പറഞ്ഞു.

ആ സിനിമ കാണുന്ന എല്ലാവര്‍ക്കും ഹനീഫയോട് വെറുപ്പ് തെന്നുമെന്നും അത്രക്ക് മികച്ച പെര്‍ഫോമന്‍സായിരുന്നെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു. ആ സിനിമയുടെ കഥ കമല്‍ഹാസന്‍ അദ്ദേഹത്തോട് പറഞ്ഞ അനുഭവം ഹനീഫ തന്നോട് പറഞ്ഞിട്ടുണ്ടെന്നും കമല്‍ ഹാസന്റെ മികച്ച സുഹൃത്തുക്കളിലൊരാളായിരുന്നു ഹനീഫയെന്നും സലിംകുമാര്‍ പറഞ്ഞു.

മഹാനദിയുടെ സ്‌ക്രിപ്റ്റ് കമല്‍ ഹാസന്‍ ഹനീഫയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെന്നും വില്ലന്‍ ക്യാരക്ടര്‍ ആര് ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ കമല്‍ പറഞ്ഞത് നിങ്ങളല്ലാതെ വേറെയാര് എന്നായിരുന്നെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇത് കേട്ടതും ഹനീഫ ഞെട്ടിയെന്ന് തന്നോട് പറഞ്ഞിട്ടുണ്ടായിരുന്നെന്നും സലിംകുമാര്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹനീഫിക്കക്ക് തമിഴ്‌നാട്ടിലുള്ള ഹോള്‍ഡ് കണ്ടാല്‍ ഞെട്ടിപ്പോകും. കരുണാനിധിയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളാണ് അദ്ദേഹം. ഇലക്ഷന്‍ സമയത്ത് കരുണാനിധിക്ക് വേണ്ടി പ്രചരണത്തിനൊക്കെ പോകുമായിരുന്നു. തമിഴില്‍ വെറൈറ്റി റോളുകള്‍ പുള്ളി ചെയ്തിട്ടുണ്ടായിരുന്നു. അതിലൊന്നാണ് കമല്‍ ഹാസന്റെ മഹാനദി. കിരീടത്തിന് ശേഷം പുള്ളി ചെയ്തത് ആ പടമായിരുന്നു. കിരീടത്തിലെ സ്വല്പം ഉഡായിപ്പൊക്കെയുള്ള റൗഡിയില്‍ നിന്ന് മഹാനദിയിലെ വില്ലന്‍ വേഷത്തിലേക്കുള്ള മാറ്റം കണ്ടാല്‍ ഞെട്ടിപ്പോകും.

ആ പടത്തിലേക്ക് പുള്ളിയെത്തിയ കഥ എന്നോട് പറഞ്ഞിട്ടുണ്ട്. ഹനീഫിക്കയും കമല്‍ ഹാസനും തമ്മില്‍ കമ്പനിയാണ്. മഹാനദിയുടെ സ്‌ക്രിപ്‌റ്റൊക്കെ കംപ്ലീറ്റായപ്പോള്‍ ഹനീഫിക്കയോട് കമല്‍ ഹാസന്‍ കഥ പറഞ്ഞു. പുള്ളി അത് കേട്ട് അടിപൊളിയായിട്ടുണ്ട്, വില്ലന്‍ റോള്‍ ആര് ചെയ്യും എന്ന് ചോദിച്ചു. കമല്‍ ഹാസന്‍ എടുത്തടിച്ചത് പോലെ ‘നിങ്ങള്‍ തന്നെ വേറെ ആരാ ഇത് ചെയ്യാന്‍?’ എന്ന് ചോദിച്ചു. ഹനീഫിക്ക അത് കേട്ട് ഞെട്ടി എന്നാണ് എന്നോട് പറഞ്ഞത്. പുള്ളിയുടെ ബെസ്റ്റ് വേഷങ്ങളിലൊന്നാണ് ആ പടത്തിലേത്,’ സലിംകുമാര്‍ പറഞ്ഞു.

Content Highlight: Salim Kumar shares an incident told by Kochin Haneefa about Kamal Haasan