ബ്രിജ് ഭൂഷൺ സിങ് എന്റെ കുടുംബത്തെ വിളിച്ചു ഭീഷണിപ്പെടുത്തി, കേസിൽ കുടുക്കുമെന്ന് പറഞ്ഞു: സാക്ഷി മാലിക്
national news
ബ്രിജ് ഭൂഷൺ സിങ് എന്റെ കുടുംബത്തെ വിളിച്ചു ഭീഷണിപ്പെടുത്തി, കേസിൽ കുടുക്കുമെന്ന് പറഞ്ഞു: സാക്ഷി മാലിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd January 2024, 1:35 pm

ന്യൂദൽഹി: ബ്രിജ് ഭൂഷൺ സിങ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് മുൻ ഗുസ്തി താരം സാക്ഷി മാലിക്. ജൂനിയർ താരങ്ങളുടെ അവകാശങ്ങൾ തങ്ങൾ ഇല്ലാതാക്കുകയാണ് എന്ന ബ്രിജ് ഭൂഷൺ സിങ്ങിന്റെ ആരോപണം തെറ്റാണെന്നും വാർത്താ സമ്മേളനത്തിൽ സാക്ഷി പറഞ്ഞു.

‘ഞങ്ങൾ ജൂനിയർ കുട്ടികളുടെ അവകാശങ്ങൾ തട്ടിയെടുക്കുകയാണെന്ന് അയാൾ കുറ്റപ്പെടുത്തുന്നു. ഞാൻ വിരമിച്ചുകഴിഞ്ഞു. എന്റെ പിന്നാലെ വരുന്ന ജൂനിയർ പെൺകുട്ടികൾ എന്റെ സ്വപ്‌നങ്ങൾ നിറവേറ്റണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

ഞാൻ 62 കിലോഗ്രാം വിഭാഗത്തിൽ ഒളിമ്പിക്സിൽ വെങ്കലം നേടി. മറ്റാരെങ്കിലും വെള്ളിയോ സ്വർണമോ നേടണമെന്നാണ് എന്റെ ആഗ്രഹം. മറ്റേതെങ്കിലും പെൺകുട്ടി അത് പൂർത്തിയാക്കട്ടെ,’ സാക്ഷി പറഞ്ഞു.

തന്റെ കുടുംബാംഗങ്ങൾക്ക് ഭീഷണി കോളുകൾ ലഭിക്കുന്നുണ്ടെന്നും കുടുംബത്തിലെ ആർക്കെങ്കിലുമെതിരെ കേസെടുക്കുമെന്നും പറയുന്നുണ്ടെന്നും സാക്ഷി പറഞ്ഞു. തങ്ങളെ സുരക്ഷിതരാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു.

ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ താൻ വളരെ അസ്വസ്ഥയാണെന്നും ജൂനിയർ കുട്ടികൾക്ക് ഒരു ദോഷവും സംഭവിക്കില്ല എന്ന് ഉറപ്പുവരുത്തുന്നതിലാണ് ശ്രദ്ധയെന്നും സാക്ഷി പറഞ്ഞു. അതേസമയം ഫെഡറേഷനിൽ സ്ത്രീ പങ്കാളിത്തം ഉണ്ടായാൽ നല്ലതായിരിക്കും എന്നും താരം പറഞ്ഞു.

ദൽഹിയിലെ ജന്തർ മന്തറിൽ ബ്രിജ് ഭൂഷൺ സിങ്ങിനെയും സഞ്ജയ്‌ സിങ്ങിനെയും അനുകൂലിച്ചുകൊണ്ട് ജൂനിയർ ഗുസ്തി താരങ്ങൾ സാക്ഷി മാലിക്കിനും ബജ്റംഗ് പൂനിയക്കും വിനേഷ് ഫോഗട്ടിനുമെതിരെ പ്രതിഷേധിച്ചു.

ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷൺ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ് വിജയിച്ചതിനെ തുടർന്ന് ഡിസംബർ 21ന് സാക്ഷി ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അടുത്ത ദിവസം ഒളിമ്പിക് മെഡൽ ജേതാവ് ബജ്റംഗ് പൂനിയ തന്റെ പത്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പിൽ ഉപേക്ഷിച്ചിരുന്നു.

കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ടും ഖേൽ രത്ന പുരസ്‌കാരം തിരികെ നൽകി.

Content Highlight: Sakshi Malik says she is threatened by Brij Bhushan Singh