തിരുവനന്തപുരം: എല്‍.ഡി.എഫ് മന്ത്രിസഭയില്‍ സജി ചെറിയാന്‍ ബുധനാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ ബുധനാഴ്ച വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ നടക്കുക.
കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ വിയോജിപ്പോടെ സത്യപ്രതിജ്ഞക്ക് അനുമതി നല്‍കിയത്. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവര്‍ണറുടെ തീരുമാനം.
സജി ചെറിയാനെതിരായ കേസില്‍ കോടതിയുടെ അന്തിമതീര്‍പ്പ് വരാത്ത സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കുമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
എന്നാല്‍ സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കും. യു.ഡി.എഫ് ബുധനാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നുണ്ട്. ഡി.സി.സി, ബ്ലോക്ക്, മണ്ഡലം തലത്തില്‍ കറുത്ത കൊടികള്‍ ഉയര്‍ത്തിയും ബാഡ്ജ് ധരിച്ചും പ്രതിഷേധിക്കാനാണ് കെ.പി.സി.സിയുടെ ആഹ്വാനം.
സംസ്ഥാനത്തെ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. ഭരണഘടന മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നല്‍കുന്നു. ശിപാര്‍ശ മറികടന്നാല്‍ ഭരണഘടനയെ ഗവര്‍ണര്‍ തന്നെ മറികടന്നുവെന്ന് വരുമെന്നും അതിനാല്‍ വിയോജിപ്പ് രേഖപ്പെടുത്തി അനുമതി നല്‍കാമെന്നായിരുന്നു ഉപദേശം.
ഇതിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാനെ മന്ത്രിയാക്കണമെന്ന ശിപാര്‍ശ ശക്തമായ വിയോജിപ്പുകളോടെ ഗവര്‍ണര്‍ അംഗീകരിച്ചത്. മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് വിഷയത്തില്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചത്.
പല നിയമവിദഗ്ധരില്‍ നിന്നും നിയമോപദേശങ്ങള്‍ തേടി പരമാവധി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ശിപാര്‍ശ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചത്.
182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന്‍ പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത്. നേരത്തെ വഹിച്ചിരുന്ന ഫിഷറീസ്, സാംസ്‌കാരികം, സിനിമ, യുവജനക്ഷേമ വകുപ്പുകളായിരിക്കും അദ്ദേഹത്തിന് വീണ്ടും ലഭിക്കുക.
ഈ വര്‍ഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ സി.പി.ഐ.എം പരിപാടിയില്‍ നടത്തിയ ഭരണഘടനയെക്കുറിച്ചുള്ള പ്രസംഗം വിവാദമായതോടെയാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായത്.
സി.പി.ഐ.എം എരിയ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പ്രതിവാര യോഗമായിരുന്നു പരിപാടി. ആര്‍ക്കും ചൂഷണം ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ഇന്ത്യന്‍ ഭരണഘടനയെന്നായിരുന്നു അന്ന് സജി ചെറിയാന്‍ പറഞ്ഞത്.