അദ്ദേഹം കൊണ്ടുവന്ന ആളായതുകൊണ്ടുതന്നെ സിനിമയില്‍ സക്സസ് ആകും; പക്ഷെ എനിക്കതൊരു പ്രഷറാണ്: സൈജു കുറുപ്പ്
Movie Day
അദ്ദേഹം കൊണ്ടുവന്ന ആളായതുകൊണ്ടുതന്നെ സിനിമയില്‍ സക്സസ് ആകും; പക്ഷെ എനിക്കതൊരു പ്രഷറാണ്: സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th August 2024, 8:22 am

സൈജു കുറുപ്പ്, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന വേഷങ്ങളിലവതരിപ്പിച്ച് ഹരിഹരന്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് മയൂഖം. 2005ല്‍ പുറത്തിറങ്ങിയ ചിത്രം തൊഴില്‍ രഹിതനായ ഉണ്ണികേശവനും മാറാരോഗിയായ ഇന്ദിരയും തമ്മിലുള്ള തീവ്ര സ്‌നേഹത്തിന്റെ കഥ പറയുന്നു.

പഴശ്ശിരാജ, മയൂഖം, പ്രേം പൂജാരി, എന്ന് സ്വന്തം ജാനകിക്കുട്ടി, പരിണയം, സര്‍ഗം, ഒളിയമ്പുകള്‍, ഒരു വടക്കവീരഗാഥ, ആരണ്യകം എന്നുതുടങ്ങി ഒട്ടനവധി മികച്ച സിനിമകളുടെ സംവിധായകനാണ് ഹരിഹരന്‍. അദ്ദേഹത്തിന്റെ മയൂഖം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്നുവന്ന അഭിനേതാവാണ് സൈജു കുറുപ്പ്.

ആദ്യ സിനിമ തന്നെ ഹരിഹരന്‍ പോലൊരു ഹിറ്റ് സംവിധായകന്റെ കൂടെ ആയപ്പോള്‍ ഇനിയങ്ങോട്ട് സിനിമയില്‍ സക്‌സസ് ആകുമെന്ന് എല്ലാവരും പറഞ്ഞെന്ന് സൈജു കുറുപ്പ് പറയുന്നു. എന്നാല്‍ ആ വാക്കുകള്‍ തനിക്ക് പ്രചോദനത്തിനു പകരം പ്രഷറാണ് നല്‍കിയതെന്ന് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൈജു പറയുന്നു.

ഹരിഹരന്റെ സിനിമയിലൂടെ വന്നവര്‍ക്കെല്ലാം ബ്രേക്ക് ഉണ്ടാകുമെന്ന് എല്ലാവരാലും പറഞ്ഞെങ്കിലും താന്‍ കാരണം അദ്ദേഹത്തിന്റെ പേര് ചീത്തയാകുമോ എന്ന ചിന്തായായിരുന്നു തനിക്കെന്നും സൈജു കൂട്ടിച്ചേര്‍ത്തു.

‘ഹരിഹരന്‍ സാര്‍ കൊണ്ടുവന്ന ആളുകളൊന്നും മോശമാവില്ല. അദ്ദേഹം കൊണ്ടുവന്ന ആളായതുകൊണ്ടുതന്നെ സിനിമയില്‍ സക്സസ് ആകുമെന്ന് ഞാന്‍ സിനിമയില്‍ വന്ന കാലം മുതല്‍ കേള്‍ക്കുന്നതാണ്.

എനിക്കുള്ളൊരു പേടി എന്ന് പറയുന്നത് ഇനി ഞാന്‍ കാരണം അദ്ദേഹത്തിന്റെ പേര് ചീത്തയായാലോ എന്നതാണ്. ഇത് ഭയങ്കര ഒരു പ്രഷറാണ് സത്യത്തില്‍. ഹരിഹരന്‍ സാറുകൊണ്ടുവന്ന ആളല്ലേ, തനിക്ക് ബ്രേക്ക് കിട്ടും, എല്ലാവരും എന്നെ പ്രചോദിപ്പിക്കാനാണ് ഇത് പറയുന്നതെന്ന് അറിയാം പക്ഷെ എനിക്കിത് വല്ലാത്തൊരു പ്രഷറാണ്. കരിയറില്‍ രക്ഷപ്പെടുമോ എന്ന ടെന്‍ഷന്‍ ആയിരുന്നു,’ സൈജു കുറുപ്പ് പറയുന്നു.

അതേസമയം സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഭരതനാട്യം ഓഗസ്റ്റ് 30ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം നിര്‍മിച്ചിരിക്കുന്നതും സൈജു കുറുപ്പ് തന്നെയാണെന്ന്.

Content Highlight: Saiju Kurup talks about his first film with director Hariharan